കരൂര്‍ വിജയ്ക്ക് രാഷ്ട്രീയത്തിലെ ഫുള്‍സ്റ്റോപ്പ് ആകുമോ ?

കരൂരില്‍ സംഭവിച്ചതിനെ നിര്‍ഭാഗ്യം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പോലും, അതിനോട് വിജയ് പ്രതികരിച്ച രീതി പൊതുജീവിത കാലത്തിന്റെ അവസാനത്തോളം അയാളെ വേട്ടയാടും

കരൂര്‍ വിജയ്ക്ക് രാഷ്ട്രീയത്തിലെ ഫുള്‍സ്റ്റോപ്പ് ആകുമോ ?
dot image

സിനിമാകൊട്ടകയുടെ ദളപതിയായി, ഒരു സൂപ്പര്‍സ്റ്റാറിന് ബോക്സ് ഓഫീസില്‍ എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. തമിഴ് രാഷ്ട്രീയം സിനിമാതാരങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്ന് മനസിലാക്കി, അവിടെ പടര്‍ന്ന് പന്തലിക്കാന്‍ തക്ക നിലമൊരുക്കി തന്നെയായിരുന്ന വിജയ് വന്നത്. സിനിമാസ്‌റ്റൈലില്‍ രാഷ്ട്രീയം പറഞ്ഞ്, ആരാധകരെ അണികളാക്കി കൂടെ കൂട്ടി, 2026ലെ ഇലക്ഷനില്‍ തീ പടര്‍ത്താന്‍ തന്നെ ഉറപ്പിച്ചായിരുന്നു വിജയ്യുടെ ഓരോ നീക്കവും. ഇങ്ങനെ കരുതലോടെ മുന്നോട്ടു പോകുന്നതിനിടയിലാണ് കരൂര്‍ ദുരന്തം. ഇത് വിജയ്യുടെ രാഷ്ട്രീയ തലവര തന്നെ മാറ്റിമറിച്ചേക്കാം.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചധികം വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ ഇടക്കിടെ ഉയര്‍ന്ന് കേട്ടിരുന്ന ചൂടുള്ള അഭ്യൂഹമായിരുന്നു. മകനെ മുഖ്യമന്ത്രിയാക്കാനുള്ള ലക്ഷ്യമുണ്ടെന്ന് അച്ഛന്‍ ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞപ്പോഴെല്ലാം വിജയ് അത് നിഷേധിച്ചിരുന്നു. പക്ഷെ സിനിമകളിലും അവയുടെ ഓഡിയോ ലോഞ്ചുകളിലും നിലപാടും രാഷ്ട്രീയവും പറഞ്ഞ് തന്നെ വിജയ് മുന്നോട്ടുപോയി. രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിച്ച് കരുത്തുകാട്ടി. അത് സാവധാനമുള്ള ഒരു രാഷ്ട്രീയ നിലമൊരുക്കലായിരുന്നു. ഒടുവില്‍ സിനിമയോട് പൂര്‍ണമായും വിട പറഞ്ഞ് രാഷ്ട്രീയത്തിലെ ഫുള്‍ടൈമറായി വിജയ് എത്തി. തമിഴക മുന്നേട്ര കഴകം എന്ന പാര്‍ട്ടിയും സ്ഥാപിച്ചു.

Vijay

സിനിമാക്കാരെ രാഷ്ട്രീയത്തില്‍ വാഴിക്കുന്ന കാലമൊക്കെ പണ്ടാണ്, വിജയ് തമിഴ്നാട്ടില്‍ ഒരു കോളിളക്കവും സൃഷ്ടിക്കാന്‍ പോകുന്നില്ല എന്നിങ്ങനെ ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ ഒരു പരിധി വരെ വിജയ്യ്ക്ക് കഴിഞ്ഞിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ-സാമൂഹിക ചേരുവകളുടെ രസതന്ത്രം വിജയ് വളരെ വേഗം സ്വായത്തമാക്കി. ദ്രാവിഡ് രാഷ്ട്രീയവും അംബേദ്കര്‍ പൊളിറ്റിക്സും പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തി, ഡിഎംകെയുടെ കുടുംബാധിപത്യത്തിനും സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിനും എതിരെ ആഞ്ഞടിച്ച് വിജയ് മുന്നോട്ടു പോയി. വമ്പന്‍ ജനപങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള രണ്ട് മാനാടുകള്‍ സംഘടിപ്പിച്ചു.

സിനിമയും രാഷ്ട്രീയവും രണ്ടാണെന്ന് പ്രഖ്യാപിക്കുമ്പോഴും സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങളും പൊടിക്കൈകളും ഉള്‍ച്ചേര്‍ത്ത് അയാള്‍ സ്വന്തം പൊളിറ്റിക്‌സിനെ ട്രിഗര്‍ ചെയ്തു. ടിവികെയ്ക്കായി തയ്യാറാക്കിയ പാട്ടുകള്‍ പോലും അതിന് ഉദാഹരണമാണ്. വിജയ് സിനിമകളില്‍ നായകനെ വാഴ്ത്തിപ്പാടുന്ന എന്‍ട്രി സോങ്ങുകളെ അനുസ്മരിപ്പിക്കുന്ന മാസ് ഫീല്‍ അവയ്ക്കുണ്ടായിരുന്നു. ഇതിനെല്ലാം ഉപരിയായി സന്ദര്‍ഭത്തിന് അനുസരിച്ച് കയ്യടി നേടുന്ന രാഷ്ട്രീയ പ്രസ്താവനകള്‍, സിനിമാറ്റിക് പഞ്ചോടെ വിജയ് അവതരിപ്പിച്ചു.

2026ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയ് അവഗണിക്കാനാകാത്ത സാന്നിധ്യമാണെന്ന് തമിഴ് രാഷ്ട്രീയത്തിലെ വമ്പന്മാര്‍ രഹസ്യമായും, മറ്റ് ചിലര്‍ പരസ്യമായും സമ്മതിക്കാന്‍ തുടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെങ്കിലും വിജയ് എത്തുമെന്നും വരും വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍ നിന്ന് വരുന്ന മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെ അയാള്‍ തമിഴ്മണ്ണിന്റെ ഭരണചക്രം തിരിക്കുമെന്നും പല നിരീക്ഷകരും പ്രവചിച്ചു. വിജയ്യുടെ പ്രവര്‍ത്തനങ്ങള്‍ക്കും അപ്പുറത്തേക്ക് തമിഴ്നാട്ടില്‍ അതിനുള്ള സാഹചര്യമൊരുക്കുന്ന മറ്റ് ചില ഘടകങ്ങളായിരുന്നു അവര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.

സംസ്ഥാനത്ത് ഡിഎംകെയ്ക്ക് എതിരായി രൂപപ്പെടുന്ന ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ സാധിക്കുന്ന ശക്തമായ പ്രതിപക്ഷം അവിടെയില്ല. അണ്ണാ ഡിഎംകെ ചിന്നിച്ചിതറി ദുര്‍ബലമായ അവസ്ഥയിലാണ്. ബിജെപിയ്ക്ക് ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കാന്‍ തമിഴ്‌നാട്ടില്‍ ശേഷി ആയിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന പ്രതിപക്ഷത്തിന്റെ ആ കസേരയുടെ സാധ്യതയിലേക്കാണ് ചുറുചുറുക്കോടെ വിജയ് നടന്ന് അടുത്തുകൊണ്ടിരുന്നത്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തോടും സംഘപരിവാറിനോടും തമിഴര്‍ക്കുള്ള എതിര്‍പ്പിനെ നെഞ്ചേറ്റുന്നു എന്നതും വിജയ്ക്കുള്ള പ്ലസ് പോയിന്റായി. അടുത്തിടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സിനിമയിലെ തന്റെ പല മുന്‍ഗാമികള്‍ക്കും കൈ പൊള്ളിയതില്‍ നിന്നും വ്യത്യസ്തമായിരിക്കും വിജയ്യുടെ ഭാവി എന്ന് തന്നെ വിധിയെഴുത്തുകള്‍ ഉണ്ടായി.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തില്‍ അപക്വമായാണ് വിജയ് ഇടപെടുന്നതെന്ന തുടക്കം മുതലുള്ള വിമര്‍ശനങ്ങളെ കരൂര്‍ സംഭവം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. കരൂരില്‍ ദുരന്തം സംഭവിക്കുന്നതിന് തൊട്ടു മുന്‍പും ശേഷവും വിജയ്യുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണങ്ങള്‍ അയാളില്‍ ഒരു ജനസേവകന്റെ തരിമ്പെങ്കിലും ഉണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്.

Vijay at Karur
കരൂരില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുന്ന വിജയ്

പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകി എത്തിയ വിജയ് തന്നെ കാത്തുനിന്ന് വലഞ്ഞവര്‍ക്ക് വാഹനത്തില്‍ വെള്ളംകുപ്പി എറിഞ്ഞു നല്‍കുന്നത് വീഡിയോകളില്‍ കാണാം. ഒട്ടും ചിന്താശേഷിയില്ലാത്ത, പ്രായോഗികമായി സാഹചര്യങ്ങളെ നിരീക്ഷിക്കാന്‍ അറിയാത്ത ഒരാളുടെ തീര്‍ത്തും അപക്വമായ ഒരു പ്രവര്‍ത്തിയായി തന്നെ വേണം, ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുള്ള ആ സിനിമാറ്റിക് ഷോയെ കാണാന്‍. മണിക്കൂറുകളോളം ദാഹിച്ച് വലഞ്ഞ് കാത്ത് നിന്ന ജനക്കൂട്ടത്തിന് കുപ്പിവെള്ളം എറിഞ്ഞ് കിട്ടിയപ്പോള്‍, അതും എറിഞ്ഞു നല്‍കുന്നത് അവരുടെ ആരാധാനമൂര്‍ത്തിയാകുമ്പോള്‍, എന്ത് സംഭവിക്കുമോ അതവിടെ സംഭവിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. സ്റ്റാംപീഡില്‍ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിക്കാനായി ആംബുലന്‍സുകള്‍ എത്തുന്ന സമയത്തും വിജയ് പ്രസംഗം തുടരുന്ന വീഡിയോസും പുറത്തുവന്നിട്ടുണ്ട്.

കാര്യങ്ങള്‍ കൈവിട്ടുപോയെന്നും മരണങ്ങള്‍ സംഭവിച്ചെന്നും മനസിലായതോടെ വിജയ് ഓടിയൊളിക്കുന്നതാണ് പിന്നീട് കണ്ടത്. അയാള്‍ തൊട്ടടുത്ത നിമിഷം തന്നെ വിമാനം പിടിച്ച് ചെന്നൈയിലേക്ക് പറന്നു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ മൗനം പാലിച്ചു. സംഭവസ്ഥലത്ത് തുടരുന്നതില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് വാദിക്കാമെങ്കില്‍ പോലും കരൂര്‍ വിട്ട് വിജയ് വളരെ വേഗം മടങ്ങാന്‍ പാടില്ലായിരുന്നു. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന സഹാനുഭൂതിയോടെയുള്ള ഇടപെടലുകള്‍ അവിടെ വിജയ്യുടെ ഭാഗത്ത് നിന്നും ഉണ്ടാകണമായിരുന്നു. കരൂരില്‍ തുടര്‍ന്ന് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ആ ദുരന്തത്തെ നേരിടാന്‍ വിജയ് നേതൃത്വം നല്‍കണമായിരുന്നു.

ഇവിടെയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഈ സാഹചര്യത്തെ ഏങ്ങനെ നേരിടുമെന്ന് എം കെ സ്റ്റാലിന്‍ ഭംഗിയായി കാണിച്ച് തന്നത്. തന്റെ മന്ത്രിമാരെയും നേതാക്കളെയും വളരെ വേഗം സ്റ്റാലിന്‍ കരൂരിലേയ്ക്ക് നിയോഗിച്ചു. പിന്നാലെ സ്റ്റാലിന്‍ തന്നെ ഇങ്ങോട്ട് ഓടിയെത്തി. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ നേരിട്ടെത്തി. കരൂര്‍ എം പി ജ്യോതി മണി ദുരന്ത സ്ഥലത്തേയ്ക്ക് എത്താന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ ദുരന്ത സ്ഥലത്ത് നിന്ന് ചെന്നൈയിലേയ്ക്ക് ഓടിയൊളിക്കാനായിരുന്നു എയര്‍പോര്‍ട്ടിലേയ്ക്കുള്ള വിജയ്‌യുടെ യാത്ര. രണ്ട് ദൃശ്യങ്ങളും ജനങ്ങള്‍ ലൈവായി കണ്ടിട്ടുണ്ട്. ഒരു രാഷട്രീയക്കാരന്‍ ദുരന്ത സമയത്ത് എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത് എന്നതിന്റെ സംസാരിക്കുന്ന താരതമ്യങ്ങള്‍ ഇനിയുണ്ടാകും എന്ന് തീര്‍ച്ചയാണ്.

ഇനിയെത്ര ദുഖം രേഖപ്പെടുത്തിയാലും ധനസഹായം പ്രഖ്യാപിച്ചാലും വിജയ്‌യുടെ രാഷ്ട്രീയജീവിതത്തില്‍ നിന്നും കരൂര്‍ ദുരന്തം അത്രവേഗം മാഞ്ഞുപോകില്ല. ആ ദുരന്തത്തെ നിര്‍ഭാഗ്യമെന്ന് ആരെങ്കിലുമൊക്കെ വിളിച്ചാല്‍ പോലും, ആ ദുരന്തത്തോട് രാഷ്ട്രീയക്കാരനായ വിജയ് എങ്ങനെ പ്രതികരിച്ചു എന്നത് അയാളുടെ പൊതുജീവിത കാലമത്രയും വിമര്‍ശനവിധേയമായിക്കൊണ്ടേയിരിക്കും. അത് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന വിജയ്‌യുടെ രാഷ്ട്രീയഭാവിയെ എത്രമേല്‍ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

Content Highlights: Will Karur stampede decide Vijay and TVK's political future in Tamilnadu

dot image
To advertise here,contact us
dot image