'കൊടുക്കുന്നത് ഇരട്ടി കാശ്, എന്നാൽ പഴയ അതേ തിരക്ക്, അതേ സൗകര്യം'; മെട്രോ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം

അടുത്തിടെയാണ് മെട്രോ ടിക്കറ്റ് നിരക്കുകൾ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വർധിപ്പിച്ചത്

'കൊടുക്കുന്നത് ഇരട്ടി കാശ്, എന്നാൽ പഴയ അതേ തിരക്ക്, അതേ സൗകര്യം'; മെട്രോ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം
dot image

അതിവേഗം വളരുന്ന നഗരങ്ങളുടെ മുഖമുദ്രയാണ് മെട്രോ സർവീസുകൾ. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ എല്ലാം മെട്രോ സർവീസുകളുണ്ട്. ഡൽഹി, ബെംഗളൂരു, മുംബൈ, കൊച്ചി തുടങ്ങി അതിവേഗം വളരുന്ന നഗരങ്ങളിൽ അവ ഒഴിച്ചുകൂടാനാകാത്തതുമാണ്. എന്നാൽ ഇപ്പോൾ ബെംഗളൂരു മെട്രോ നിരക്കുകൾ വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുകയാണ്.

അടുത്തിടെയാണ് മെട്രോ നിരക്കുകൾ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വർധിപ്പിച്ചത്. അത് വലിയ ചർച്ചയായിരിക്കുകയാണ്. നിരക്കുവർധനവോടെ ബെംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചിലവേറിയ മെട്രോ ആയി മാറിയിരിക്കുകയാണ്.

നിരവധി പേരാണ് ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. 'ബെംഗളൂരു മെട്രോ കോർപ്പറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് ബെംഗളൂരു മെട്രോയെ രാജ്യത്തെ ഏറ്റവും ചിലവേറിയ മെട്രോയാക്കി മാറ്റി. എന്നാൽ ഡൽഹി മെട്രോയെ നോക്കൂ, അവർ ആകെ വർധിപ്പിച്ചത് പരമാവധി നാല് രൂപ മാത്രമാണ്'; ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞത് ഇങ്ങനെയാണ്. 25 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട ഒരാൾ 90 രൂപയാണ് ഇപ്പോൾ നൽകേണ്ടിവരുന്നതെന്നും ഇത് പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിൽ നിന്ന് സാധാരണക്കാരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോയിൻസ്വിച്ച് സഹസ്ഥാപകനായ ആശിഷ് സിംഗാളും വിമർശനവുമായി രംഗത്തെത്തി. ഒറ്റ രാത്രികൊണ്ട് പരമാവധി തുക 60ൽ നിന്നും 90 ആയി. എന്നാൽ അടിസ്ഥാന നിരക്ക് ഇപ്പോഴും 10 ആണ്. ഡൽഹിയെക്കാളും രണ്ടിരട്ടിയാണ് ബെംഗളൂരുക്കാർ കൊടുക്കുന്നത്. എന്നാൽ പഴയ അതേ സർവീസ്, അതേ ആൾക്കൂട്ടം !' എന്നാണ് അദ്ദേഹം കുറിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ നിരക്കുകളുമായി ബെംഗളൂരിവിലേതിനെ താരതമ്യം ചെയ്യുകയും അദ്ദേഹം ചെയ്യുന്നുണ്ട്. ഡൽഹി മെട്രോയുടെ പരമാവധി നിരക്ക് 60 രൂപയാണ്. മുംബൈയുടേത് 50 രൂപയും കൊൽക്കത്തയിലേത് 15 രൂപയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നിരക്കുവർധനവിന് തങ്ങളുടേതായ ന്യായം പറയുകയാണ് ബിഎംആർസിഎൽ ചെയ്യുന്നത്. മെട്രോയുമായി ബന്ധപ്പെട്ട ചെലവുകളിൽ 133% വർധനവുണ്ടായെന്നും ശമ്പളം, ഊർജ ചിലവുകൾ, പരിപാലനം എന്നിവയുടെ ചിലവുകൾ വർധിച്ചെന്നും കമ്പനി പറയുന്നു. എന്നാൽ പൊതു ഗതാഗതം ജനകൾക്ക് ഉപകാരപ്രദമാകണമെന്നും നിരക്കുകൾ കുറഞ്ഞുതന്നെ നിൽക്കണമെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Content Highlights: many criticize bengaluru metro price hike

dot image
To advertise here,contact us
dot image