
അമേരിക്കൻ പ്രതിരോധ സേനകളുടെ പ്രതീകം, പ്രതിരോധ വകുപ്പിന്റെയും നേതൃത്വത്തിന്റെയും പര്യായം… ദി പെൻ്റഗൺ എന്ന് കേൾക്കുമ്പോൾ എളുപ്പം മനസ്സിലേയ്ക്ക് ഓടി വരുന്നത് ഇതാണ്. അമേരിക്കയിലെ വിർജീനിയയിൽ 34 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനെ കുറിച്ച് അങ്ങനെയൊന്നും ഒരു തരത്തിലുമുള്ള വാർത്തകളും പുറം ലോകം അറിയാറില്ല, അറിയാൻ ശ്രമിച്ചാലും അത് നടക്കാറുമില്ല. അമേരിക്കയുടെ അതീവ ഗൗരവ സ്വഭാവമുള്ള സൈനിക തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ പെന്റഗണിൻ്റെ പ്രവർത്തനങ്ങൾ എല്ലാം അതീവ രഹസ്യമാണെന്നും നമുക്കറിയാം. എന്നാലിപ്പോൾ പെൻ്റഗണിൽ നടക്കാനിരിക്കുന്ന അതീവ രഹസ്യമായ ഒരു യോഗത്തെ കുറിച്ചാണ് ലോകം ആശങ്കയോടെയും ഉത്കണ്ഠണയോടെയും ചർച്ച ചെയ്യുന്നത്. ലോകത്ത് പലഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരോടും പെൻ്റഗണിലേയ്ക്ക് എത്തിച്ചേരാണ് നിർദ്ദേശം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏതാണ്ട് 800ഓളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരോട് പെൻ്റഗണിൽ എത്തിച്ചേരാൻ നിർദ്ദേശിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രം പരിശോധിക്കുമ്പോൾ അപൂർവ്വവും അടിയന്തിരവുമായ ഒരു നീക്കമാണ് ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇത് സംബന്ധിച്ച വാർത്തകൾ വന്നതിനു പിന്നാലെ ചോദ്യങ്ങളും ഉയർന്നു- വളരെ അപൂർവമായി മാത്രം നടത്താറുള്ള ഇത്തരത്തിലൊരു യോഗം ഇപ്പോൾ എന്തിന്? എന്താണ് പെന്റഗണിന്റെ അജണ്ട? യുദ്ധ സമാന സാഹചര്യം അമേരിക്കക്ക് ഉണ്ടോ? എന്തായിരുന്നു ഈ വിഷയത്തിൽ ട്രംപിൻ്റെ പ്രതികരണം?
പീറ്റ് ഹെഗ്സെത്തിൻ്റെ ഉത്തരവ് വന്നതോടെ സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങളും വന്നു തുടങ്ങി, പക്ഷേ പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും യോഗത്തിന് പിന്നിലെ കാരണം അറിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ അതീവ രഹസ്യമായ എന്തോ നീക്കം നടത്താൻ തന്നെ ആകും പദ്ധതി എന്നാണ് വിലയിരുത്തൽ. അമേരിക്കയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായി പെന്റഗൺ ഏകദേശം 800 അമേരിക്കൻ ജനറൽമാരെയും അഡ്മിറൽമാരെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ ഇതുപോലൊന്ന് താൻ കണ്ടിട്ടില്ലെന്നും ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന നിലയിലുള്ള അഭിപ്രായം പെൻ്റഗൺ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു എസ്ക് അക്കൗണ്ട് പങ്കുവെച്ചിട്ടുണ്ട്. ഒരു യുദ്ധസമാന അന്തരീക്ഷത്തിൻ്റെ മുന്നൊരുക്കമാണോ ഈ നീക്കം കൊണ്ട് ട്രംപും സംഘവും തയ്യാറെടുക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ ആ യുദ്ധനീക്കം ഏത് രാജ്യവുമായിട്ടാകും എന്ന നിലയിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അമേരിക്കയുടെ ശത്രുപക്ഷത്ത് ഒന്നിലേറെ രാജ്യങ്ങളെ നിർത്തിയാണ് ഈ ചർച്ചകൾ പുരോഗമിക്കുന്നത്. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള ട്രംപിൻ്റെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെനസ്വലൻ കപ്പലുകൾ ലക്ഷ്യമിട്ടാണോ അമേരിക്കൻ നീക്കമെന്നാണ് ഉയരുന്ന ഒരു ഒരു ചോദ്യം. ദീർഘകാലമായി തുടരുന്ന യുക്രെയ്ൻ റഷ്യ സംഘർഷവുമായി ബന്ധപ്പെട്ടാണോ അതോ ഇസ്രയേൽ ഗാസ വിഷയത്തിലുള്ള ഇടപെടലാണോ അമേരിക്ക ലക്ഷ്യമിടുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. റഷ്യയുമായി സഹകരിക്കാൻ തീരുമാനിച്ച ഇറാന്റെ ആണവപദ്ധതിക്ക് ചെക്ക് വെക്കാനുള്ള നീക്കമാണോ അമേരിക്ക നടത്തുന്നതെന്നും ചിലർ സംശയിക്കുന്നുണ്ട്.
ചൈനയെ നേരിടുക എന്നതാണ് അമേരിക്കയുടെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി എന്നും അതിനു വേണ്ടിയുള്ള ഒരു സുപ്രധാന നീക്കം ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ തന്നെ സുരക്ഷയെ പ്രധാനമായി പരിഗണിക്കുകയാണ് യോഗത്തിൻ്റെ മുഖ്യ അജണ്ടയെന്നും ചൈനീസ് ഭീഷണിക്ക് മേലുള്ള ശ്രദ്ധ അതിനു ശേഷം മാത്രമേ പരിഗണിക്കു എന്നും വിലയിരുത്തലുണ്ട്. എന്തായാലും ഈ നീക്കം അപൂർവ്വവും അതിലേറെ ദുരൂഹവുമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത, അതീവ രഹസ്യമായ, വളരെ വിവാദപരമായ ഈ നീക്കം അമേരിക്കൻ പ്രസിഡന്റ് ട്രംപ് പോലും അറിയാതെ ആണോ നടക്കുന്നത് എന്ന ചോദ്യവും ഊഹാപോഹമായി ഉയരുന്നുണ്ട്. എന്നാൽ അമേരിക്കൻ നേതൃത്വം ഈ നീക്കത്തിന് അത്രയൊന്നും ഗൗരവമില്ല എന്ന നിലയിലാണ് ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. പെന്റഗണിൻ്റെ ഈ നീക്കത്തെ കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ അത് വിദേശത്തുള്ള ജനറൽമാരുടെ വെറുമൊരു ഒത്തുചേരൽ മാത്രമാണ് എന്ന നിസ്സാരമട്ടിലുള്ള പ്രതികരണമായിരുന്നു ട്രംപിന്റെ മറുപടി. പെന്റഗണിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും, പലപ്പോഴായി നടക്കുന്ന കാര്യമാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രതികരിച്ചു. എന്നാൽ ശരിക്കും കാര്യങ്ങൾ അങ്ങനെയല്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്. എന്തായിരിക്കും ഈ യോഗത്തിൻ്റെ അജണ്ട എന്നത് ഇതൊക്കെ പരിഗണികുമ്പോൾ ലോകത്തിന് ആശങ്ക തോന്നുക സ്വഭാവീകമാണ്. അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ മാറ്റിമറിച്ച നിരവധി തീരുമാനങ്ങൾ രൂപപ്പെട്ട പെന്റഗണിനെ കുറിച്ചും അതിന്റെ അമരക്കാരനെ കുറിച്ചും നമുക്കൊന്ന് പരിശോധിച്ച് പോകാം.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഫീസ് കെട്ടിടമാണ് പെന്റഗണിൻ്റെ ആസ്ഥാനം. 1943ലാണ് ഈ കെട്ടിടം അമേരിക്കൻ പ്രതിരോധ വിഭാഗത്തിൻ്റെ ഹെഡ്ക്വാർട്ടേഴ്സാകുന്നത്. ഏകദേശം 23,000 സൈനിക, സിവിലിയൻ ജീവനക്കാരും അതിന് താഴെ ഏകദേശം 3,000 മറ്റ് ഉദ്യോഗസ്ഥരും പെന്റഗണിൽ ജോലി ചെയ്യുന്നുണ്ട്. 2001-ലെ അൽ-ഖ്വയ്ദ ആക്രമണത്തിൽ ഒരുഭാഗം കത്തി നശിച്ച പെന്റഗൺ പിന്നീട് ആധുനിക നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമായി ഘട്ടം ഘട്ടമായാണ് പുനർ നിർമ്മിച്ചത്.
പെന്റഗണിനെ ഇപ്പോൾ മുന്നിൽ നയിക്കുന്നത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ്. മുൻ ടെലിവിഷൻ അവതാരകനും കൂടിയായ ഹെഗ്സെത്ത് വെറുമൊരു പ്രതിരോധ സെക്രട്ടറി മാത്രമല്ല, ട്രംപിൻ്റെ അടുത്ത ആൾ കൂടിയാണ്. ലൈംഗിക ആരോപണം, സാമ്പത്തിക ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളും ഹെഗ്സെത്തിനെക്കുറിച്ച് ഉയർന്നിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി അകാൻ മാത്രമുള്ള പ്രവൃത്തി പരിചയം ഇല്ലാതിരുന്നിട്ടും ഹെഗ്സെത്തിനെ ട്രംപ് പെന്റഗണിന്റെ അമരത്ത് ഇരുത്തിയതിന്റെ കാരണം വിശ്വസ്തനാണ് എന്ന പരിഗണന മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ പല കാരണങ്ങൾ പറഞ്ഞ് ഒരു ഡസനിലധികം സൈനിക നേതാക്കളെ പുറത്താക്കിയ ചരിത്രം ഹെഗ്‌സെത്തിനുണ്ട്. ഇനിയും ആളുകളെ പിരിച്ചു വിട്ടേക്കാം എന്ന ആശങ്കകൾ നിലനികൾക്കുന്നതിനിടയിൽ ആണ് അടിയന്തിര യോഗത്തിന്റെ ഈ വാർത്തകൾ വരുന്നത്. ഹെഗ്സെത്ത് പ്രവചനാതീത നീക്കങ്ങൾ നടത്തുന്ന ആളായതുകൊണ്ട് തന്നെ പെന്റഗണിലെ മറ്റു ഉദ്യോഗസ്ഥരും ഇതേ കുറിച്ചുള്ള ഉത്‌കണ്ഠയിൽ ആണെന്നാണ് റിപ്പോർട്ട്.
അടുത്തിടെ പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാക്കി പേര് മാറ്റുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനെ വളരെ ശ്രദ്ധയോടെയാണ് ലോകം നോക്കി കണ്ടത്. അതുകൊണ്ട് പ്രതിരോധ ശേഷികൾക്ക് മാത്രം പ്രാധാന്യം നൽകുന്ന 'പ്രതിരോധ വകുപ്പ്' എന്നതിനേക്കാൾ 'യുദ്ധ വകുപ്പ്' എന്ന് പേര് മാറ്റിയത് വളരെ ഗൗരവത്തോടെയാണ് പരിഗണിക്കപ്പെടുന്നത്. ഏതു സമയവും യുദ്ധം ഉണ്ടാകാനുള്ള സാഹചര്യത്തെ നേരിടാൻ പെൻ്റഗൺ തയ്യാറാണ് എന്നാണ് ഇതിലൂടെ അമേരിക്ക വിളിച്ചു പറയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്തൊക്കെ ആയാലും പ്രതിരോധ വകുപ്പോ ഹെഗ്‌സെത്തോ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ലാത്തതുകൊണ്ട് തന്നെ ഊഹാപോഹങ്ങൾ യോഗ തീരുമാനം പുറത്ത് വരുന്നത് വരെ നീണ്ടേക്കും. പുതിയ യുദ്ധ വകുപ്പ് ഇനി എന്തൊക്കെ നീക്കങ്ങൾ ആകും നടത്തുന്നതെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
Content Highlights: Pentagon summons top military generals for a rare meeting