
പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്ന വെളിപ്പെടുത്തലുമായി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ അടൂര്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹാഷിം മുഹമ്മദ്. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്നാണ് ഹാഷിം മുഹമ്മദിന്റെ ആരോപണം. അടൂര്‍ സിഐയായിരുന്ന യു ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഹാഷിം പറയുന്നത്. 2021 മാര്‍ച്ചിലാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ആ സമയത്ത് തന്നെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി, കളക്ടര്‍, ഡിജിപി, എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. സഹോദരനും എസ്എഫ്‌ഐ എല്‍സി അംഗവുമായിരുന്ന ഹാഷിക്കിനെയും പൊലീസ് മര്‍ദ്ദിച്ചതായും ഹാഷിം ആരോപിച്ചു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുന്നതിനായായിരുന്നു സ്റ്റേഷനില്‍ എത്തിയതെന്ന് ഹാഷിം നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയം സഹോദരന്‍ ഹാഷിക്കും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. തന്നെ കണ്ട സിഐ ബിജു അവിടേയ്ക്ക് വരികയും 'എന്തിന് വന്നു' എന്ന് ചോദിക്കുകയും ചെയ്തതായി ഹാഷിം പറയുന്നു. താന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹിയാണെന്നും താങ്കള്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നല്ലോ എന്നും തിരിച്ച് ചോദിച്ചു. ഇതിന് പിന്നാലെ സിഐ സ്റ്റേഷന് അകത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു.
ഇത് കണ്ട് ഓടിയെത്തിയ സഹോദരന്‍ ഹാഷിക്കിനെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിഐ ബിജുവിന് പുറമേ പൊലീസ് ഉദ്യോഗസ്ഥരായ വൈ ജയന്‍, ഗണേഷ് ഗോപാല്‍, വിനോദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് ആരോപണം. സിസിടിവി ഇല്ലാത്ത ഇടത്തുവെച്ചായിരുന്നു മര്‍ദ്ദനം. അകത്തുകിടന്നിരുന്ന കസേര ഉപയോഗിച്ച് സിഐ തലയില്‍ അടിച്ചു. ഇതിന് പുറമേ സിഐ തന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ച് മുറുക്കി. ശ്വാസം മുട്ടി നിലത്തുവീണ തന്റെ നടുവില്‍ ബൂട്ടിട്ട് ചവിട്ടി. ഏഴോളം പൊലീസുകാര്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. സഹോദരന്‍ ഹാഷിക്കിനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് പുറമേ കള്ളക്കേസില്‍ കുടുക്കാനും പൊലീസ് ശ്രമം നടത്തിയെന്നും ഹാഷിം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights-Faced custodial torture in police station says dyfi leader hashim muhammad