
തിരുവനന്തപുരം: 'ബിഹാര്‍ ബീഡി'പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന് കെപിസിസി യോഗത്തില്‍ വിമര്‍ശനം. ബിഹാര്‍ ബീഡി പരാമര്‍ശം അവമതിപ്പുണ്ടാക്കിയതായി കെപിസിസി യോഗം വിലയിരുത്തി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നതായി യോഗം വിമര്‍ശനം ഉയര്‍ത്തി. ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ നിയന്ത്രിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ ഡിജിറ്റല്‍ മീഡിയ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം ഉറപ്പ് നല്‍കി.
അതേസമയം ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല വഹിക്കുന്ന വി ടി ബല്‍റാമിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സ്വീകരിച്ചത്. ബിഹാര്‍ ബീഡി പോസ്റ്റില്‍ ബല്‍റാമിന് പങ്കില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. പോസ്റ്റിന്റെ പേരിൽ ബൽറാം രാജിവെയ്ക്കുകയോ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ് പോസ്റ്റ് തയ്യാറാക്കിയത്. അവരാണ് പോസ്റ്റ് പങ്കുവെച്ചത്. ബല്‍റാമിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബീഡിയും ബിഹാറും രണ്ടും 'ബി'യില്‍ തുടങ്ങുന്നു എന്ന് കോണ്‍ഗ്രസ് കേരള എന്ന എക്‌സ് പേജില്‍ വന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഇതോടെ ബിഹാറിലെ ഇന്‍ഡ്യാ സഖ്യം പ്രതിരോധത്തിലായി. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. പിന്നാലെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല വഹിക്കുന്ന ബല്‍റാമിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റല്‍ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം എന്ന ചോദ്യം ഉയര്‍ത്തി മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ മീഡിയ സെല്ലിനും ബല്‍റാമിനും വിമര്‍ശനം ഉയര്‍ന്നപ്പോഴും അങ്ങനെ ഒരു ഡിജിറ്റല്‍ സെല്ലിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നേതാക്കള്‍ക്കിടയില്‍ പരസ്പരം അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായാണ് വിവരം.
Content Highlights- kpcc slam digital media cell over bihar bidi controversy