പ്രേമം, കാമം, മമ്മൂട്ടിയുമ്മ !

മമ്മൂട്ടി പ്രേമം പറയുമ്പോലെയേ നമുക്ക് പറയാനറിയൂ. മമ്മൂട്ടി തൊടുന്ന പോലെയേ തൊടാനറിയൂ. മമ്മൂട്ടി കെട്ടിപ്പിടിക്കുന്ന പോലെയേ കെട്ടിപ്പിടിക്കാനറിയൂ, മമ്മൂട്ടി ഉമ്മ വെക്കുന്ന പോലെയേ ഉമ്മ വെക്കാനുമറിയൂ !!

പ്രേമം, കാമം, മമ്മൂട്ടിയുമ്മ !
ലിജീഷ് കുമാര്‍
1 min read|07 Sep 2025, 08:26 pm
dot image

ഡയറി ഓഫ് എ സെഡ്യൂസർ എന്ന ഒരു കുഞ്ഞു നോവലുണ്ട്. ഡാനിഷ് ഫിലോസഫറായ കീർക്കഗോറാണ് അതെഴുതിയത്. ആരെയും വശീകരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഡയറിയെഴുത്തിലൂടെ കടന്നു പോകുന്ന പ്രേമകഥയാണത്. "I have loved her, but from now on she can no longer occupy my soul !!" എന്ന് അയാൾ പറയുന്ന സ്ഥലത്തു വെച്ചാണ് ആ കഥയുടെ വായന അവസാനിപ്പിച്ചത്. എന്നെ ഉൾക്കൊള്ളാൻ അയാൾക്ക് കഴിയുന്നില്ല എന്ന് ഒരാൾ പറയുന്നിടത്ത് ഒരു പ്രേമകഥ അവസാനിക്കുന്നു എന്നാണ് എന്റെ തോന്നൽ. പിന്നെയുള്ളതെല്ലാം ബോറൻ ഏച്ചുകെട്ടലുകളാണ്. ആരെയും വശീകരിക്കുന്ന കീർക്കഗോറിന്റെ ചെറുപ്പക്കാരൻ നമ്മുടെ നായക സങ്കൽപ്പത്തിൽ മാത്രമേയുള്ളൂ. നമുക്കയാളെ അറിയില്ല. ഉള്ളത് മറ്റൊരാളാണ്. ആരാണത് ?

“ഞാൻ ഈ മതിലിൽ തടവുന്നുണ്ട്, ചുംബിക്കുന്നുണ്ട്” എന്നു പറയുന്ന ബഷീർ, “ഞാൻ മതിലിൽ നെഞ്ച് അമർത്തി അമർത്തി ചുംബിക്കുന്നുണ്ട്.” എന്ന് കരയുന്ന നാരായണി. ഉള്ളത് ഇതാണ്. ഇതുവരെ കാണുക പോലും ചെയ്തിട്ടില്ലാത്ത ഒരാളെ, എൻ്റെ വലതുകവിളിൽ ഒരു കറുത്ത മറുകുണ്ട് - ഒരു നാൾ എന്നെക്കാണുമ്പോൾ അത് നോക്കുമോ എന്ന് ചോദിക്കുന്ന ഒരാളെ, മതിലുകൾക്കിപ്പുറത്ത് നിന്ന് പ്രേമിച്ച മലയാളിപ്രേമത്തിന് ഡയറി ഓഫ് എ സെഡ്യൂസർ എളുപ്പം വായിച്ചു തീർക്കാനാവില്ല.

ജയിലിൽ നിന്നും എന്നെങ്കിലും പുറത്തു വന്നാൽ നിന്റെ ഗ്രാമത്തിലൂടെ കടന്നു പോകുമെന്നും എനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുവെങ്കിൽ നമ്മൾ പതിവായി കണ്ടു മുട്ടാറുള്ളിടത്തെ ഓക്ക് മരത്തിൽ ഒരു മഞ്ഞ ഹാൻഡ് കർച്ചീഫ് കെട്ടി വയ്ക്കണമെന്നും പ്രണയിനിക്ക് കത്തെഴുതിയ വിങ്കോ. ഒടുവിൽ ഒരു ദിവസം അവിടെയെത്തിയപ്പോൾ തന്റെ കാമുകി ഒരു മഞ്ഞ കർച്ചീഫിനു പകരം ഒരു നൂറ് കർച്ചീഫുകൾ ആ ഓക്ക് മരത്തിൽ കെട്ടി വെച്ചിരിക്കുന്നത് കണ്ട് വിങ്കോ കണ്ണു നിറഞ്ഞ് നിൽക്കുന്ന ഒരു കഥയുണ്ട്, അമേരിക്കൻ നോവലിസ്റ്റായ പിറ്റ് ഹാമിലിന്റെ. 1971 ഒക്ടോബറിൽ ‘ദി പോസ്റ്റ്’ എന്ന ന്യൂസ് പേപ്പറിലാണ് ഈ കഥ വരുന്നത്. റീഡേഴ്സ് ഡൈജസ്റ്റ് മാസികയിൽ പുനഃപ്രസിദ്ധീകരിച്ച ഇക്കഥയാണ് ജോൺപോൾ ബാലു മഹേന്ദ്രയ്ക്ക് എഴുതിക്കൊടുത്ത മമ്മൂട്ടിപ്പടം, യാത്ര. മമ്മൂട്ടിയുടെ ഉണ്ണികൃഷ്ണനും ശോഭനയുടെ തുളസിയുമാണ് യാത്രയിലെ കാമുകീ കാമുകന്മാർ. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാമുകനെ കാത്തിരിക്കുന്ന ഈ പടത്തിലെ തുളസിയാണ് നാം പ്രേമം പഠിച്ച സ്കൂളിലെ നായികമാരിലൊരാൾ. നിന്റെ നൂപുര മർമ്മരം / ഒന്നു കേൾക്കാനായ് വന്നു ഞാൻ / നിന്റെ സാന്ത്വന വേണുവിൽ / രാഗ ലോലമായ് ജീവിതം / നീയെന്റെയാനന്ദ നീലാംബരി / നീയെന്നുമണയാത്ത ദീപാഞ്ജലി എന്നു പാടുന്ന മഴയെത്തും മുൻപെയിലെ മമ്മൂട്ടി മാഷ് ആണ് ആ സ്കൂളിലെ മാഷ്. ശോഭനയുടെ ഉമാമഹേശ്വരിയെ പ്രേമിച്ച നന്ദകുമാർ മാഷ്. ആൺ - പെൺ ബന്ധങ്ങൾ അലങ്കാരമായി കൊണ്ടു നടക്കേണ്ട പരസ്പര ബഹുമാനത്തിന്റെ, സമ്മതത്തിന്റെ, അതിർവരമ്പുകളുടെ ഒക്കെ വില നമ്മെ പഠിപ്പിച്ചത് അയാളാണ്. ഓർമ്മയില്ലേ അങ്ങനെയൊരാളെ ? കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ ക്യാപ്റ്റൻ ബാലയെ ? അയാളുടെ കാമുകി മീനാക്ഷിയെ ? ഐശ്വര്യ റായ് മമ്മൂട്ടിയുടെ നായികയായി വന്നത് ഈ പടത്തിലാണ്. ജെയ്ൻ ഓസ്റ്റന്റെ സെൻസ് ആൻഡ് സെൻസിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കി രാജീവ് മേനോൻ സംവിധാനം ചെയ്ത തമിഴ്പടം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ.

ഉണ്ണിയാർച്ചയുടെ വിവാഹഘോഷയാത്ര അകലെ നിന്ന് കണ്ടുകൊണ്ട് ചന്തു വികാരഭരിതനായി സംസാരിക്കുന്ന ഒരു രംഗമുണ്ട് വടക്കൻ വീരഗാഥയിൽ. "പക മാറിയിരുന്നോ മനസ്സിൽ ? ഇല്ലെന്നു പറയുന്നതാണ് സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സ് മുതൽ പടർന്നുകയറിയ ഉന്മാദം. അവളെയാണ് ഞാനുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ. എന്നും നല്ലതു വരട്ടെ." എന്ന്.

ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ എന്ന് ചോദിക്കുന്ന കാമുകിയോട്, ഞാനായിരിക്കും ആദ്യം മരിക്കുന്നത് എന്ന് പറയുന്ന മതിലുകളിലെ മമ്മൂട്ടിയാണ് മലയാളിയുടെ പുരുഷൻ. അല്ലാത്തതെല്ലാം വീരവാദങ്ങളാണ്. അവൾക്കു നല്ലതു വരട്ടെ, എന്നും നല്ലതു വരട്ടെ എന്ന് തൊണ്ടയിടറിപ്പറഞ്ഞ് വിട്ടു കൊടുക്കുന്ന കാമുകനാണയാൾ. ഓടിപ്പോകാനല്ല, എല്ലാവരുടേയും സമ്മതം വാങ്ങാനാണ് അയാൾക്കിഷ്ടം. "പണ്ട് ഈ മുറ്റത്തു നിന്ന് ചോദിക്കാതെ ഒരു കണ്ണിമാങ്ങ പോലും കുട്ടിശങ്കരനെടുത്തിട്ടില്ല. പക്ഷേ ഇത്.. ചോദിക്കാതെ, പറയാതെ, മോഹിച്ചു പോയതാണ്. എനിക്കവളെ വേണം." എന്ന് ഉള്ളു നൊന്തു പറയുന്നതാണ് അയാളുടെ മാക്സിമം. അനുരാധയെ ആഗ്രഹിച്ച്, ചേരാത്ത വേഷങ്ങൾ കെട്ടിയാടുന്ന അഴകിയ രാവണനിലെ ശങ്കർദാസിലുണ്ട് നമ്മുടെ പ്രണയ ജീവിതം.

"പ്രണയമായിരുന്നോ അവരോട്?” എന്ന ചോദ്യത്തിന് കൈയ്യൊപ്പിലെ ബാലചന്ദ്രൻ മറുപടി പറഞ്ഞത് ഓർമ്മയുണ്ടോ ? ആണെന്നങ്ങ് പറയാൻ പറ്റില്ല അയാൾക്ക്. ബാലചന്ദ്രൻ പറയുന്നു, "പ്രണയം… ഇഷ്ടമായിരുന്നു.. അടുത്ത സൗഹൃദം.." പകുതി ആസക്തിയും പകുതി സൗഹൃദവുമാണ് പ്രേമം എന്നെഴുതിയത് ഹാവ്‌ലോക്ക് എല്ലിസ്സാണ്. ആ വേർഷനല്ല ഇത്. പിൻവിളികളിൽ കുടുങ്ങി, ഇനിയും വിട്ടുപോകാത്ത ആയിരം കോംപ്ലക്സുകളിൽ പുതഞ്ഞ്, "നീന എനിക്കുവേണ്ടി തിരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെയായാൽ കൊള്ളാമെന്നുണ്ട്" എന്നു പറയേണ്ടി വരുന്ന ശീലമാണത്. ഫാസിലിൻറെ 'മണിവത്തൂരിലെ ആയിരം ശിവരാത്രികളി'ലെ ഡോക്ടർ വിനയൻ സുഹാസിനിയുടെ നീനയോട് പ്രേമം പറയുന്ന രംഗമാണിത്.

1981ൽ പുറത്തിറങ്ങിയ സ്‌ഫോടനം മുതലിങ്ങോട്ടുള്ള മുപ്പത്തൊന്ന് പടങ്ങളിൽ മമ്മൂട്ടിയുടെ നായികയായി വന്ന സീമയും, ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇറങ്ങിയ 1984 മുതൽ 2000 വരെയുള്ള കാലമെടുത്താൽ മുപ്പത്തഞ്ച് സിനിമകളിൽ മമ്മൂട്ടിയുടെ കൂടെ നാം കണ്ട ശോഭനയും, ഒരുപാടു വട്ടം മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെട്ട സുഹാസിനിയും, സുമലതയുമെല്ലാം ആദർശപുരുഷനെ കാമിച്ച പെണ്ണുങ്ങളായിരുന്നു. അവരുടെ ആണുങ്ങളാവാൻ പഠിച്ച കൗമാരവും യൗവനവുമാണ് ഇന്നത്തെ മലയാളി പുരുഷൻ.
നാൻസിയും ഹെലനും കാപ്പി കുടിക്കുന്ന കഥ പറഞ്ഞിട്ടുണ്ട് ഓഷോ ഒരിക്കൽ. അതിങ്ങനെയാണ്,
നാൻസി ചോദിച്ചു: ''നിന്റെ ഭർത്താവ് നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കെങ്ങനെ അറിയാം ?''
''അദ്ദേഹം നിത്യവും രാവിലെ ചപ്പുചവറുകൾ കൊണ്ടു കളയാറുണ്ട്.'' ഹെലൻ പറഞ്ഞു.
''അത് സ്നേഹമല്ല'' നാൻസി പറഞ്ഞു, ''നല്ല ഗാർഹസ്ഥ്യമാണ്.''
''എനിക്കു വേണ്ടി എത്ര പണം ചെലവു ചെയ്യാനും എന്റെ ഭർത്താവിന് മടിയില്ല.''
''അത് ഉദാരമനസ്കതയാണ്. സ്നേഹമല്ല.''
''എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുടെ നേരെ നോക്കുക പോലുമില്ല.''
''അത് കാഴ്ചയ്ക്കു കുഴപ്പമുള്ളത് കൊണ്ടാണ്.''
''ജോൺ എപ്പോഴും എനിക്കായി വാതിൽ തുറക്കും.''
''അത് സ്നേഹമല്ല. മര്യാദയാണ്.''
''ഞാൻ വെളുത്തുള്ളി തിന്നുമ്പോഴും ജോൺ എന്നെ ചുംബിക്കും.''
''ഇപ്പറഞ്ഞത് ശരി. അത് തീർച്ചയായും സ്നേഹമാണ് !''

വെളുത്തുള്ളി തിന്നുമ്പോഴും ചുംബിക്കുന്ന ഓഷോയുടെ ജോൺ നമ്മുടെ ആഗ്രഹമാണ്. ഉള്ളത് മമ്മൂട്ടിയാണ്. "വേണ്ട എന്നാണ് മറുപടിയെങ്കിലും എന്നെ വിട്ട് പോകരുത്, ദൂരെ നിന്നെങ്കിലും എനിക്ക് മേഴ്സിയെ കാണാമല്ലോ" എന്ന് സുമലതയോട് പ്രേമം പറയുന്ന ഡെന്നീസ് ജോസഫിന്റെ ജോഷിപ്പടം നിറക്കൂട്ടിലെ രവിവർമ്മ, തിരിച്ച് കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് എന്ന് വായിച്ചു നൊമ്പരപ്പെടുന്ന ഐ.വി.ശശി - പത്മരാജൻ പടം കാണാമറയത്തിലെ റോയ് വർഗ്ഗീസ്, ഉള്ളത് ഇവരൊക്കെയാണ്. മമ്മൂട്ടി പ്രേമം പറയുമ്പോലെയേ നമുക്ക് പറയാനറിയൂ. മമ്മൂട്ടി തൊടുന്ന പോലെയേ തൊടാനറിയൂ. മമ്മൂട്ടി കെട്ടിപ്പിടിക്കുന്ന പോലെയേ കെട്ടിപ്പിടിക്കാനറിയൂ, മമ്മൂട്ടി ഉമ്മ വെക്കുന്ന പോലെയേ ഉമ്മ വെക്കാനുമറിയൂ !!

Content Highlights- Shades of Love in Mammootty Characters

dot image
To advertise here,contact us
dot image