
പത്തനംതിട്ട: എസ്എഫ്‌ഐ മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോന്നി മുന്‍ സിഐ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ എസ്പി ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കര്‍ ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പരാതിക്കാരന്‍ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരന്‍ കുറച്ചുനാള്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സിഐ മധുബാബു ആവര്‍ത്തിച്ച് ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധുബാബു അതീവഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയതായും മുന്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സേനയുടെ സല്‍പ്പേരിനുതന്നെ കളങ്കമുണ്ടാക്കുന്ന വിധത്തിലാണ് മധുബാബുവിന്റെ പ്രവൃത്തി. മധുബാബുവിനെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എസ്എഫ്‌ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോട് തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മര്‍ദ്ദനം വെളിപ്പെടുത്തി രംഗത്തെത്തിയത്. യുഡിഎഫ് ഭരണകാലത്ത് കോന്നി സിഐയായിരുന്ന മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്നായിരുന്നു ജയകൃഷ്ണന്റെ തുറന്നുപറച്ചില്‍. കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ അടിച്ചു തുടങ്ങിയ ആരോപണങ്ങളും ജയകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന്‍റെ കാരണമെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു. അന്നത്തെ എസ്പി ഹരിശങ്കര്‍ മാതൃകാപരമായി അന്വേഷണം നടത്തി മധുബാബുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മധുബാബുവിനെതിരെ ഇപ്പോഴും നിയമപോരാട്ടത്തിലാണെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു.
Content Highlights- Report of former sp harishankar against ex konni ci madhubabu on custodial torture case out