ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന് സിപിഐഎം; വോട്ട് മാറ്റിയപ്പോഴുണ്ടായ അപാകതയെന്ന് വിശദീകരിച്ച് സിദ്ദിഖ്

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് റഫീഖ്

ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന് സിപിഐഎം; വോട്ട് മാറ്റിയപ്പോഴുണ്ടായ അപാകതയെന്ന് വിശദീകരിച്ച് സിദ്ദിഖ്
dot image

കല്‍പ്പറ്റ: കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖിന് ഇരട്ട വോട്ടെന്ന് ആരോപണം. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖാണ് ആരോപണവുമായി രംഗത്തെത്തിയത്. കല്‍പ്പറ്റ എംഎല്‍എയ്ക്ക് കോഴിക്കോടും വയനാട്ടിലും വോട്ടുണ്ടെന്ന് റഫീഖ് ആരോപിച്ചു. വോട്ടര്‍ പട്ടിക ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു റഫീഖ് ആരോപണം ഉയർത്തിയത്.

കോഴിക്കോട് പെരുമണ്ണയിലെ പന്നിയൂര്‍ക്കുളത്ത് ക്രമ നമ്പര്‍ 480 ലും വയനാട് കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ 25ല്‍ ക്രമനമ്പര്‍ 799ലും സിദ്ദിഖിന്റെ പേരുണ്ടെന്നാണ് റഫീഖ് ആരോപിച്ചത്. 'ഒരാള്‍ക്ക് തന്നെ രണ്ടിടത്ത് വോട്ട് ! ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും കള്ളവോട്ട് ചേര്‍ക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്', റഫീഖ് പറഞ്ഞു.

അതേസമയം പെരുമണ്ണ പഞ്ചായത്തിലെ പന്നിയൂര്‍ക്കുളത്ത് നിന്നും കല്‍പ്പറ്റ നഗരസഭയിലെ ഓണിവയലിലേക്ക് തന്റെ വോട്ട് മാറ്റിയതാണെന്ന് സിദ്ദിഖ് പ്രതികരിച്ചു. കല്‍പ്പറ്റയില്‍ വോട്ട് ചേര്‍ത്തിട്ടും പെരുമണ്ണയില്‍ നിന്ന് വോട്ട് ഒഴിവാക്കപ്പെട്ടില്ലെന്നും അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമണ്ണയില്‍ നിന്ന് വോട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Content Highlights: K Rafeeq alleges T Siddique MLA have double Vote

dot image
To advertise here,contact us
dot image