'പൂക്കളവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം'; ക്ഷേത്ര ഭാരവാഹികൾ

ഓപ്പറേഷൻ സിന്ദൂറിനെ ആദരപൂർവമാണ് കാണുന്നതെന്നും ഭരണസമിതി വ്യക്തമാക്കി

'പൂക്കളവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം'; ക്ഷേത്ര ഭാരവാഹികൾ
dot image

കൊല്ലം: തിരുവോണ ദിവസം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലൊരുക്കിയ പൂക്കളവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് ഭക്തർ തിരിച്ചറിയണമെന്ന് ക്ഷേത്രസഭാ ഭാരവാഹികൾ. ഓപ്പറേഷൻ സിന്ദൂർ അടയാളപ്പെടുത്തി പൂക്കളം തയാറാക്കിയതിനെതിരെ ഭരണസമിതി പരാതി കൊടുത്തെന്ന വാദം തെറ്റിദ്ധരിപ്പിക്കലാണ്. ഓപ്പറേഷൻ സിന്ദൂറിനെ ആദരപൂർവമാണ് കാണുന്നതെന്നും ഭരണസമിതി വ്യക്തമാക്കി.

അത്ത പൂക്കളത്തോടൊപ്പം കൊടി വരച്ചതും അതിനൊപ്പം ഛത്രപതി ശിവജിയുടെ ചിത്രമുള്ള ബോർഡ് സ്ഥാപിച്ചതുമാണ് കേസിന് ആധാരം. ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, ബോർഡുകൾ എന്നിവ നിരോധിച്ച് ഹൈക്കോടതിവിധി നിലനിൽക്കുന്നുണ്ട്. കൊടിയോ രാഷ്ട്രീയപാർട്ടി ചിഹ്നങ്ങളോ ഇല്ലാതെ പൂക്കളമിടാൻ പോലീസ് നൽകിയ അനുമതി ലംഘിച്ചാണ് ബോർഡ് സ്ഥാപിച്ചത്. വരാനിരിക്കുന്ന ക്ഷേത്രഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചിലർ നടത്തുന്ന ഗൂഢനീക്കങ്ങൾ ഭക്തർ തിരിച്ചറിയണമെന്നും ക്ഷേത്രസഭാ പ്രസിഡന്റ് ഗോകുലം സനിൽ, സെക്രട്ടറി സി. അശോകൻ, ട്രഷറർ എം എം ജയരാജ് എന്നിവർ അറിയിച്ചു.

മനപ്പൂർവം സംഘർഷം ഉണ്ടാക്കാനാണ് പൂക്കളമിടുന്നതെന്ന് കാണിച്ച് ക്ഷേത്ര കമ്മിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തി പൂക്കളം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ബിജെപിക്കാർ ഇട്ട പൂക്കളം മാറ്റിയിരുന്നില്ല. പിന്നാലെ 25ഓളം പേർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ മുൻപൊലീസ് മേധാവി ടി പി സെൻകുമാർ അടക്കമുള്ള ബിജെപി അനുഭാവികൾ രംഗത്തെത്തിയിരുന്നു.

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പൂക്കളമിട്ടതിനാണ് കേസെടുത്തെന്നത് വ്യാജ പ്രചരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പാർത്ഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെതിരെ കേസെടുത്തെന്ന പ്രചരണമാണ് പൊലീസ് തള്ളിയത്. കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

Content Highlights: Temple officials say controversies surrounding the Attapookalam are part of political exploitation

dot image
To advertise here,contact us
dot image