
പ്രവാസ ലോകത്ത് ഇപ്പോള്‍ ഓണാഘോഷങ്ങള്‍ക്ക് ദൈര്‍ഘ്യവും പകിട്ടും കൂടുതലാണ്. നവംബര്‍ വരെയൊക്കെയാണ് പലപ്പോഴും ഓണാഘോഷ പരിപാടികള്‍ നീളുന്നത്. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഓണാഘോഷത്തിന് നിറപ്പകിട്ടേകുന്നു. നാട്ടിലെ രീതികളെ വെല്ലുന്ന രീതിയിലാണ് പലപ്പോഴും ഇവിടെ ഓണാഘോഷങ്ങള്‍ നടക്കുന്നത്. ഖത്തറില്‍ സഫാരിയുടെ ഓണാഘോഷം ഇത്തവണ കൂടുതല്‍ നിറപ്പകിട്ടാര്‍ന്ന രൂപത്തിലാണ്. വ്യത്യസ്തവും ഹൃദ്യവുമായ പരിപാടികള്‍ പ്രവാസത്തിന്റെ നീറ്റലുകള്‍ക്ക് ആഘോഷത്തിന്റെ മറുമരുന്നായി തേച്ചുപിടിപ്പിക്കാന്‍ ഇത്തരം വേദികളെ മലയാളി തെരഞ്ഞെടുക്കുന്നു എന്നത് അതിന്റെ സാംഗത്യം വിളിച്ചോതുന്നു.
നാട്ടില്‍ ഓണം കഴിഞ്ഞ് മാവേലി പോയാലും ഖത്തറില്‍ ഉള്‍പെടെയുള്ള പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങള്‍ വിട്ട് മാവേലി അത്ര പെട്ടെന്ന് പോയെന്ന് വരില്ല. പൂക്കളത്തിലെ വൈവിധ്യങ്ങള്‍ പോലെ ആഘോഷങ്ങളിലെ വൈവിധ്യ ഒരൊറ്റ മേല്‍ക്കുരക്ക് കീഴില്‍ സംഗംമിക്കുന്നത് കാണണമെങ്കില്‍ ഗള്‍ഫിലെ പ്രവാസികളുടെ ഓണാഘോഷത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കണം.
ഓണാഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിലും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിലും പ്രവാസി കൂട്ടായ്മകള്‍ക്കിടിയില്‍ ആരോഗ്യകരമായ മത്സരം തന്നെയുണ്ട്. ഈ പൊലിമ കൊച്ചു കേരളത്തെ പ്രവാസ മണ്ണില്‍ പുനസൃഷ്ടിക്കുന്നതായി തോന്നിപ്പിക്കും. വിവിധ പ്രവാസി കൂട്ടായ്മകള്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ക്ക് നാട്ടില്‍ നിന്നും അതിഥികളായി സിനിമാ താരങ്ങളും ഗായകരും വരെ എത്താറുണ്ട്. സംഘടനകളുടെ ഓണാഘോഷത്തില്‍ പലപ്പോഴും വീട്ടുരുചിയിലുള്ള സദ്യ തന്നെയാണ്. ഓരോ അംഗങ്ങളും നിശ്ചിത എണ്ണം കറികള്‍ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ടു വരുന്നതും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നതുമൊക്കെ ആഘോഷത്തിനുമപ്പറുത്തേക്ക് ഒരുമയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങളാണ് പകരുന്നത്.
ഒരുമയുടെ ഐക്യത്തിന്റെയും ചേര്‍ന്ന് നില്‍ക്കലിന്റെയും വലിയ പ്രതീകമാണ് വിദേശങ്ങളിലെ ഓണാഘോഷങ്ങളെന്ന് പറഞ്ഞല്ലോ. നാട്ടില്‍ പല സംഘടനകളും പല ഗ്രൂപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളുമായി കഴിയുന്നവര്‍ ഇവിടെ ആഘോഷങ്ങളിലെത്തുമ്പോള്‍ ഒരൊറ്റ മാതാവിന് പിറന്ന സഹോദരി സഹോദരന്മാരെ പ്പോല കഴിയുന്ന കാഴ്ചകള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു പൂക്കളത്തില്‍ പരന്നു കിടക്കുന്ന പല നിറത്തിലുള്ള പൂക്കളെപ്പോലെ, വിത്യസ്തകളുടൈ സംഗംമമാണ് ഓണാഘോഷം. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ ആഘോഷം മാനവ ഐക്യത്തിന്റെ പ്രതീകമായി മാറല്‍ പതിവാണ്. ഗള്‍ഫിലെ ഓണാഘോഷം അറബികളടക്കം പല രാജ്യക്കാരു സംഗമിക്കുന്ന ആഘോഷങ്ങളായി മാറും. പലരുടെയും വീടുകളിലേക്ക് അറബികളായ സ്പോണ്‍സര്‍മാരെയും സുഹൃത്തുക്കളെയും വരെ സദ്യയുണ്ണാന്‍ ക്ഷണിക്കും. സ്വദേശികളായ അറബികള്‍ക്കും മറ്റ് രാജ്യക്കാര്‍ക്ക് പോലും ഓണ സദ്യയുടെ രുചികള്‍ പരിചിതമാവും.
ഗള്‍ഫിലെ ചില വിപണികളില്‍ പോലും ഓണാഘോഷത്തിന്റെ പൊലിമ കാണാം. ഖത്തറിലെ സഫാരി മാളുകളിലും ഓണം തുടങ്ങുന്നതോടെ ഒരു പൂക്കാലത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറിയിട്ടുണ്ടാകും. കര്‍ണാടകത്തിലെയും കേരളത്തിലെയും പാടങ്ങളില്‍ വിരിയുന്ന ഓണപ്പൂക്കള്‍ വരെ ദോഹയിലെയും ദുബൈയിലെയും വിപണികള്‍ കയ്യടക്കുന്ന കാലമാണ് ഓണനാളുകള്‍. സംഘടനകളും കൂട്ടായ്മകളും മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും വരെ ഓണപൂക്കള മത്സരവും പായസ മത്സരവുമായി പ്രവാസികളുടെ ഓണാവേശത്തിന് നിറം പകര്‍ന്നു കൊണ്ടിരിക്കും.
കേരളത്തിന്റെ പൂക്കള്‍ മാത്രമല്ല പച്ചക്കറികളും വസ്ത്രങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ പുതിയ ട്രെന്റുകളുമെല്ലാം കടല്‍ കടന്നെത്തും പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍. മാളുകളിലെ അലങ്കാരങ്ങള്‍ ഒരുക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ഇതില്‍ പ്രത്യേക ആവേശവും താല്‍പര്യവുമുണ്ടാകും. മലയാളി എവിടെപ്പോയാലും സംസ്‌കാരിക അടയാളങ്ങളെയും പാരമ്പര്യ ചിഹ്നങ്ങളെയും അതിന്റെ തന്മയത്വത്തോടെ കാത്തു സൂക്ഷിക്കാന്‍ അതീവ താല്‍പര്യം കാണിക്കുമെന്ന് ചുരുക്കം.