
കാസര്‍കോട്: നബിദിനറാലിക്കിടെ ക്ഷേത്രത്തിന് മുമ്പിലെത്തിയ വൊളന്റിയര്‍മാര്‍ സല്യൂട്ട് ചെയ്യുന്ന വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. കോട്ടിക്കുളം നൂറുല്‍ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെയാണ് യൂണിഫോം ധരിച്ച വൊളണ്ടിയര്‍മാര്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് തിരിഞ്ഞുനിന്ന് സല്യൂട്ട് നല്‍കിയത്. ഈ വീഡിയോയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായത്. ഇതുവരെ 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
ശനിയാഴ്ച രാവിലെ 11.30നാണ് റാലി നടന്നത്. അച്ഛന്‍ അശോകന്റെ കടയിലിരിക്കുമ്പോഴാണ് റാലിക്കിടെ വൊളന്റിയര്‍മാര്‍ സല്യൂട്ട് ചെയ്യുന്നത് അന്‍ഷിത്ത് കാണുന്നത്. കൗതുകം തോന്നിയത് കൊണ്ട് അന്‍ഷിത്ത് വീഡിയോ ചിത്രീകരിക്കുകയും വൈകിട്ട് അഞ്ച് മണിയോടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം വീഡിയോ പലയിടങ്ങളിലായി പ്രചരിച്ചു. ഇന്നലെ രാത്രിയോടെ 20 ലക്ഷം പേര്‍ വീഡിയോ കണ്ടു.
'ഇതാണ് കേരളം. നബിദിനത്തില്‍ മുസ്‌ലിങ്ങള്‍ ഹിന്ദു ക്ഷേത്രത്തിന് സല്യൂട്ട് നല്‍കുന്നു. മതങ്ങള്‍ക്ക് തമ്മിലുള്ള സൗഹാര്‍ദവും ബഹുമാനവും തെളിയിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
Content Highlights: Salute to the temple at Prophet's Day rally; Video from Kasaragod viewed by 2 million people