'ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍'; സയണിസ്റ്റ് പാര്‍ട്ടികളുമായി വിശാല സര്‍ക്കാരിന് നെതന്യാഹു

തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കൂടിയാലോചനകള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ആരോപണം

'ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍'; സയണിസ്റ്റ് പാര്‍ട്ടികളുമായി വിശാല സര്‍ക്കാരിന് നെതന്യാഹു
dot image

ടെല്‍ അവീവ്: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശശക്തികള്‍ ഇടപെട്ടതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കൂടിയാലോചനകള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ആരോപണം. 'ഇസ്രായേല്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്നതിനായി വിദേശ ശക്തികള്‍ വന്‍ തുക മുടക്കിയതായി ഞാന്‍ സംശയിക്കുന്നു,' നെതന്യാഹു പറഞ്ഞു. 'ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ ആശ്രിക്കേണ്ടേി വരുന്ന ഒരു സര്‍ക്കാരിന്, ഇസ്രായേലികളെ അകത്തുനിന്നും പുറത്തുനിന്നും ഭീഷണിപ്പെടുത്തുന്ന റാഡിക്കല്‍ ഇസ്‌ലാമിന്റെ ഭീഷണിയെ നേരിടാന്‍ സാധിക്കില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പാര്‍ട്ടികള്‍ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ജൂത സ്വത്വം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെന്നും നെതന്യാഹു ആരോപിച്ചു. അതേസമയം, ശത്രുക്കള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലികളുടെ കഴിവ് ഇല്ലാതാക്കാനും ഈ പാര്‍ട്ടികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read:

താന്‍ നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടിക്കും അതില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയണിസ്റ്റ് പാര്‍ട്ടികള്‍ക്കും മാത്രമേ അതിനെ നേരിടാന്‍ സാധിക്കൂവെന്നും നെതന്യാഹു പറഞ്ഞു. 'ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍, എന്റെ തന്നെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിശാലമായ ദേശീയ സര്‍ക്കാരിന് മാത്രമേ ഈ വെല്ലുവിളിയെ നേരിടാന്‍ കഴിയൂ. ദേശീയ ചേരിയിലുള്ള എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ സയണിസ്റ്റ് പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിശാല സര്‍ക്കാരായിരിക്കണം അത്,'' നെതന്യാഹു പറഞ്ഞു.

നേരത്തെ തന്നെ വിശാല സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിക്കുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്ത് താന്‍ തന്നെ തുടരണമെന്ന നിലപാടില്‍ നെതന്യാഹു ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു പാര്‍ട്ടികളുമായും തങ്ങളുടെ പങ്കാളികളുമായും വിശാലമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലിക്കുഡ് പാര്‍ട്ടി ആഗ്രഹിക്കുന്നു എന്നാണ് നെതന്യാഹു പറഞ്ഞത്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം ജൂതവിഭാഗവും തന്നെ അടുത്ത സര്‍ക്കാരിനെ പ്രധാനമന്ത്രിയായും ലിക്കുഡ് പാര്‍ട്ടിയെ ഏറ്റവും വലിയ കക്ഷിയായും തെരഞ്ഞെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Also Read:

ഇക്കഴിഞ്ഞ ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് നെതന്യാഹുവിന്റെ പാര്‍ട്ടി നേടിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 48 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളും പിടിച്ചു. ആര്‍ക്കും തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

Content Highlight: Israeli Prime Minister Benjamin Netanyahu has alleged that foreign powers may have interfered in the country's elections. The allegation comes after the election results were officially announced and President began consultations to nominate a candidate for the post of Prime Minister to form the government.

dot image
To advertise here,contact us
dot image