ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി: ട്രംപിനെതിരെ പാർട്ടിയിൽ പടയൊരുക്കം; തുറന്നടിച്ച് ജെ ഡി വാൻസും

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ട്രംപിനെ കയ്യൊഴിഞ്ഞ് പാർട്ടിയും, വിശ്വസ്തരും.

ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി: ട്രംപിനെതിരെ പാർട്ടിയിൽ പടയൊരുക്കം; തുറന്നടിച്ച് ജെ ഡി വാൻസും
dot image

ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ട്രംപിനെ പാർട്ടിയും, വിശ്വസ്തരും അടക്കം കയ്യൊഴിയുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ആദ്യം ഉണ്ടായ ഞെട്ടൽ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോടുള്ള അമർഷത്തിലേക്ക് പെട്ടെന്ന് വഴിമാറി. ജെ ഡി വാൻസ്, ബിൽ മില്ലർ, ഗ്രെഗ് പെപ്പിൻ തുടങ്ങി പ്രമുഖ നേതാക്കളും തോൽവിയിൽ വിമർശനം ഉന്നയിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള വാഷിംഗ്ടണിൻ്റെ ബന്ധവുമാണെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞത്. 2024 ൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച നിരവധി വോട്ടർമാർ ഭരണകൂടത്തിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി മാറി എന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണവിരുദ്ധ വികാരത്തിന് പ്രധാനമായും 4 കാരണങ്ങളാണ് ജെ ഡി വാൻസ് ചൂണ്ടിക്കാണിച്ചത്; യുദ്ധം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയെങ്കിലും അതിനോട് നീതിപുലർത്താൻ സാധിച്ചില്ല എന്ന ആശങ്കകൾ, ഇസ്രയേലുമായുള്ള വാഷിംഗ്ടണിൻ്റെ ബന്ധത്തിലുള്ള അതൃപ്തി എന്നിവയാണ് ഈ കാരണങ്ങളെന്നും വാൻസ് പറയുന്നു.

ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ റിപ്പബ്ലിക്കൻ കോട്ടകൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതാണ് പാർട്ടിയിലെ പടയൊരുക്കത്തിന് പിന്നിലെ പ്രധാന കാരണം. 'ഇതിന് ഉത്തരവാദി ട്രംപാണ് മറ്റാരുമല്ല. ഇതൊരു ഒന്നാന്തരം ദുരന്തമാണ്, ഇതാർക്കും മുൻക്കൂട്ടി കാണാൻ സാധിച്ചില്ല. 'ടെക്സസിലെ റിപ്പബ്ലിക്കൻ ലോബിയിസ്റ്റായ ബിൽ മില്ലർ പറഞ്ഞു. 'പ്രസിഡന്റിൻ്റെ നയങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നിനു പിറകെ ഒന്നായി തെറ്റായ തീരുമാനങ്ങളായിരുന്നു' എന്നാണ് തോൽവിയിൽ മിനസോട്ടയിലെ റിപ്പബ്ലിക്കൻ തന്ത്രജ്ഞനായ ഗ്രെഗ് പെപ്പിൻ പ്രതികരിച്ചത്.

എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ തനിക്കെതിരെയുള്ള തിരിച്ചതിയാണെന്ന ആരാപണം ട്രംപ് തള്ളി. 'അത് ഒരു തിരിച്ചടിയായി ഞാൻ കാണുന്നില്ല,' ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. അതേസമയം ഇറാനുമായുള്ള സംഘർഷവും പാർട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിൽ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ബാലറ്റിൽ തൻ്റെ പേരില്ലാത്തതും തോൽവിക്ക് കാരണമായി എന്നാണ് പറഞ്ഞത്.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിരുന്നു. ഇതോടെ ഇനിയുള്ള രണ്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ കസേരയില്‍ ഒട്ടനേകം പ്രതിസന്ധികള്‍ ഡോണള്‍ഡ് ട്രംപ് അതിജീവിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡെമോക്രാറ്റുകൾ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലേക്കും മുന്നേറ്റം നടത്തി. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, ഒഹായോ, അയോവ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻമാരിൽനിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. മെയ്നിലും ഡെമോക്രാറ്റുകൾ നിർണായക വിജയം നേടി. ഈ വിജയങ്ങൾ കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി മാത്രം കാണാനാകില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിലും ട്രംപിന്റെ ഭരണത്തോടുള്ള അസംതൃപ്തി പ്രകടമായെന്ന രാഷ്ട്രീയ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. വിലക്കയറ്റവും ഉയർന്ന ജീവിതച്ചെലവും ഇറാനുമായുള്ള യുദ്ധവും ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. താരിഫ് നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും ട്രംപ് ഭരണത്തിന്റെ പ്രവർത്തനശൈലിയും വിമർശനങ്ങൾക്ക് വിധേയമായി.

Content Highlights: Following a major Republican defeat in the US midterm elections, party leaders have turned against Donald Trump. Vice President JD Vance blamed the Iran war, rising living costs and dissatisfaction with US-Israel ties for the electoral setback.

dot image
To advertise here,contact us
dot image