വോട്ടിങ് മെഷീനില്ല; എന്നിട്ടും അമേരിക്കയില്‍ ബാലറ്റ് പേപ്പറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണുന്നതെങ്ങനെ?

5.7 കോടിയിലധികം പേര്‍ വോട്ടെടുപ്പ് ദിവസത്തിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു

വോട്ടിങ് മെഷീനില്ല; എന്നിട്ടും അമേരിക്കയില്‍ ബാലറ്റ് പേപ്പറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണുന്നതെങ്ങനെ?
ആന്‍സ് ജോയ്‌
1 min read|05 Nov 2026, 03:07 pm
dot image

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കോടിക്കണക്കിന് ആളുകള്‍ പേപ്പര്‍ ബാലറ്റുകള്‍ വഴി വോട്ട് ചെയ്തിട്ടും ഇത്ര വേഗത്തില്‍ എങ്ങനെയാണ് വോട്ടെണ്ണല്‍ സാധ്യമാവുന്നത്? ഇന്ത്യയില്‍, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ബിഹാര്‍ എംഎല്‍സി തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍, വെറും 69,141 വോട്ടുകള്‍ എണ്ണാന്‍ പോലും 57 മണിക്കൂറാണ് വേണ്ടിവന്നത്. എന്നാല്‍ അമേരിക്കക്ക് ഇതിന്റെ പകുതി സമയമേ വേണ്ടി വന്നുള്ളൂ.

നവംബര്‍ 3ന് അമേരിക്കയില്‍ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫ്‌ലോറിഡ സര്‍വകലാശാലയുടെ ഇലക്ഷന്‍ ലാബിന്റെ കണക്കനുസരിച്ച് 5.7 കോടിയിലധികം പേര്‍ വോട്ടെടുപ്പ് ദിവസത്തിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അസോസിയേറ്റഡ് പ്രസ് കണക്കനുസരിച്ച് ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 10 കോടിയിലധികമാണ്.

വോട്ടു ചെയ്യുന്നത് പേപ്പര്‍ ബാലറ്റുകളിലൂടെ, വോട്ടെണ്ണുന്നത് മെഷീനുകള്‍

അമേരിക്കയിലെ വോട്ടര്‍മാര്‍ സാധാരണയായി പേപ്പര്‍ ബാലറ്റിലാണ് ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്നത്. സ്ഥാനാര്‍ത്ഥിയുടെ പേരിനോ ചിഹ്നത്തിനോ സമീപമുള്ള വൃത്തത്തിലോ ബോക്‌സിലോ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ശേഷം ഈ ബാലറ്റുകള്‍ പോളിങ് സ്റ്റേഷനുകളിലോ പ്രത്യേക വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലോ ഉള്ള സ്‌കാനിങ് മെഷീനുകളിലൂടെ കടത്തിവിടുന്നു. ബാലറ്റിലെ അടയാളങ്ങള്‍ തിരിച്ചറിയുന്ന സ്‌കാനറുകള്‍ വോട്ടുകള്‍ സ്വയമേ എണ്ണി സ്ഥാനാര്‍ഥികളുടെ ആകെ വോട്ടില്‍ ചേര്‍ക്കുന്നു. വലിയ കേന്ദ്രങ്ങളിലെ അതിവേഗ മെഷീനുകള്‍ക്ക് ഒരു മണിക്കൂറില്‍ ആയിരക്കണക്കിന് ബാലറ്റുകള്‍ പരിശോധിക്കാന്‍ കഴിയും.

2024ല്‍ യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ പുറത്തുവിട്ട സര്‍വേ പ്രകാരം മിക്കവാറും എല്ലാ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മേഖലകളിലും പേപ്പര്‍ ബാലറ്റുകളോ പേപ്പര്‍ രേഖകള്‍ സൃഷ്ടിക്കുന്ന വോട്ടിങ് സംവിധാനങ്ങളോ ആണ് ഉപയോഗിക്കുന്നത്. റീകൗണ്ടിങ്, ഓഡിറ്റ്, തെരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ വീണ്ടും പരിശോധിക്കാനായി യഥാര്‍ഥ ബാലറ്റുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

us election
പോളിങ് സ്റ്റേഷൻ

വോട്ടെടുപ്പിന് മുമ്പേ തന്നെ വോട്ട് ചെയ്യാം

അമേരിക്കയിലെ വോട്ടെണ്ണല്‍ വേഗത്തിലാക്കുന്ന മറ്റൊരു പ്രധാന ഘടകം മുന്‍കൂര്‍ വോട്ടിങ്ങാണ്. സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ അനുസരിച്ച് പോളിങ് ദിവസത്തിന് മുമ്പ് തന്നെ നിശ്ചിത കേന്ദ്രങ്ങളിലെത്തി നേരിട്ടോ തപാല്‍ വഴിയോ വോട്ട് ചെയ്യാനാവും. റോയിട്ടേഴ്സിന്റെ നവംബര്‍ 2ലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 3ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ 5.7 കോടിയിലധികം അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ തന്നെ വലിയൊരു വിഭാഗം ബാലറ്റുകള്‍ ഇതിനകം ലഭ്യമായിരിക്കും. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ചാലും സ്‌കാനിങ് സാങ്കേതികവിദ്യയും മുന്‍കൂര്‍ വോട്ടിങ്ങും ചേര്‍ന്നാണ് അമേരിക്കയിലെ വോട്ടെണ്ണല്‍ വേഗത്തിലാക്കുന്നത്.

വോട്ടെടുപ്പിന് മുമ്പേ തയ്യാറാക്കുന്ന ബാലറ്റ്

അമേരിക്കയിലെ നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്‌സിന്റെ (NCSL) കണക്കനുസരിച്ച് 43 സംസ്ഥാനങ്ങളിലും യുഎസ് വിര്‍ജിന്‍ ഐലന്‍ഡിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് മുമ്പുതന്നെ തപാല്‍ ബാലറ്റുകളുടെ നടപടികള്‍ ആരംഭിക്കാന്‍ അനുമതിയുണ്ട്. വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കുക, ഒപ്പുകള്‍ സ്ഥിരീകരിക്കുക, കവറുകള്‍ തുറക്കുക, ബാലറ്റുകള്‍ സ്‌കാനിങ്ങിനായി തയ്യാറാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ചില സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ദിവസത്തിന് മുമ്പുതന്നെ ബാലറ്റുകള്‍ സ്‌കാന്‍ ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ നിയമപരമായി അനുവദിച്ച സമയത്തിന് മുമ്പ് ഫലങ്ങള്‍ പുറത്തുവിടാന്‍ പാടില്ല. ഇതോടെ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ബാക്കിയുള്ള ജോലികളുടെ ഭാരം കുറയും.

ഒരേസമയം എല്ലായിടത്തും വോട്ടെണ്ണല്‍

രാജ്യത്തുടനീളം ഒരൊറ്റ കേന്ദ്രത്തിലല്ല അമേരിക്കയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. അസോസിയേറ്റഡ് പ്രസിന്റെ കണക്കനുസരിച്ച് കൗണ്ടികള്‍, നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍ എന്നിവയുള്‍പ്പെടെ പതിനായിരത്തിലധികം പ്രാദേശിക മേഖലകളിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്.

ആയിരക്കണക്കിന് വോട്ടെണ്ണല്‍ സംഘങ്ങള്‍ ഒരേസമയം മെഷീനുകളുടെ സഹായത്തോടെയാണ് ബാലറ്റുകള്‍ പരിശോധിക്കുക. ഓരോ ബാച്ചിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ അവ പ്രാദേശിക കണക്കുകളിലേക്ക് ചേര്‍ക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ക്രോഡീകരിക്കുന്ന അധികൃതര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറും.

1848 മുതല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അസോസിയേറ്റഡ് പ്രസ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ടര്‍മാര്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ഇലക്ട്രോണിക് അപ്‌ഡേറ്റുകള്‍ എന്നിവ വഴിയാണ് കണക്കുകള്‍ ശേഖരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയുടെ വിശദീകരണമനുസരിച്ച് 4,000ത്തിലധികം റിപ്പോര്‍ട്ടര്‍മാര്‍ അമേരിക്കയിലുടനീളമുള്ള തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ നിന്ന് വോട്ടിങ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ സംവിധാനത്തിലൂടെ ദശലക്ഷക്കണക്കിന് വോട്ടുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണി ഫലങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുന്നു. എന്നാല്‍ മുഴുവന്‍ വോട്ടെണ്ണല്‍ നടപടികളും പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുത്തേക്കും.

ballot box
ബാലറ്റ് ബോക്സ്

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ വിജയിയെ പ്രഖ്യാപിക്കുന്നതെങ്ങനെ?

എല്ലാ ബാലറ്റുകളും എണ്ണിത്തീരുന്നതിന് മുമ്പുതന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിജയിയെ പ്രഖ്യാപിക്കാറുണ്ട്. അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെയുള്ള വാര്‍ത്താ സ്ഥാപനങ്ങള്‍ ഇതുവരെ എണ്ണിയ വോട്ടുകള്‍, എണ്ണാന്‍ ബാക്കിയുള്ള ബാലറ്റുകള്‍, വോട്ടെണ്ണല്‍ തുടരുന്ന മേഖലകള്‍ എന്നിവ വിശകലനം ചെയ്താണ് വിജയിയെ പ്രവചിക്കുന്നത്.

ഉദാഹരണത്തിന് ഒരു സ്ഥാനാര്‍ഥി ഒരു ലക്ഷം വോട്ടിന് മുന്നിലാണെന്നും ഇനി 20,000 ബാലറ്റുകള്‍ മാത്രമാണ് എണ്ണാനുള്ളതെന്നും കരുതുക. ബാക്കിയുള്ള എല്ലാ വോട്ടുകളും എതിരാളിക്ക് ലഭിച്ചാലും മുന്നിലുള്ള സ്ഥാനാര്‍ഥിയെ മറികടക്കാന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ വോട്ടുകളും എണ്ണിത്തീരുന്നതിന് മുമ്പുതന്നെ മാധ്യമങ്ങള്‍ക്ക് വിജയിയെ പ്രഖ്യാപിക്കാം. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലങ്ങളല്ല.

polling station
പോളിങ് സ്റ്റേഷൻ

യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വ്യക്തമാക്കുന്നതനുസരിച്ച് തെരഞ്ഞെടുപ്പ് രാത്രിയില്‍ പുറത്തുവരുന്ന ഫലങ്ങള്‍ പ്രാഥമിക കണക്കുകള്‍ മാത്രമാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുകയും കണക്കുകള്‍ പരിശോധിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും വേണം. പ്രത്യേകിച്ച് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.

Content Highlights: How does the US count millions of paper ballots within hours? A combination of high-speed scanning machines, early voting, advance ballot processing and decentralised counting helps deliver faster preliminary election results. However, official results may take days or weeks to be certified

dot image
To advertise here,contact us
dot image