

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസക്തി തന്നെ ചോദ്യചിഹ്നമാകുന്ന രീതിയിലാണ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയത്. സ്വിങ് സ്റ്റേറ്റുകള്‍ക്ക് പുറമെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളില്‍ പോലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍, അമേരിക്കന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംഭവിച്ചതെന്ത് എന്ന് പിടികിട്ടാത്ത അവസ്ഥയിലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും ട്രംപിന്റെ സ്വാധീനം ഇപ്പോള്‍ ചോദ്യചിഹ്നമാവുകയാണ്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിജയങ്ങളിലൊന്നായിരുന്നു മിഷിഗണിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍ സെയ്ദിന്റേത്. ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും വിദ്വേഷ പ്രചാരങ്ങളെ അതിജീവിച്ച എല്‍ സെയ്ദ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായാണ് ചരിത്രമെഴുതിയത്. സ്വിങ് സ്റ്റേറ്റായ മിഷിഗണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമനവാദികളുടെയും മിതവാദികളുടെയും വോട്ടുകള്‍ കൃത്യമായി ഏകീകരിക്കപ്പെട്ടപ്പോള്‍ ട്രംപ് അനുകൂലിയായ മൈക്ക് റോജേഴ്സ് പരാജയം രുചിച്ചു.

എന്നാല്‍ എല്‍ സെയ്ദിന്റേത് മാത്രമല്ല, അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ചരിത്രപുസ്തകത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട മറ്റ് ചില വിജയങ്ങളും ഇടക്കാല തെരഞ്ഞെടുപ്പില്‍ പിറന്നിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ബ്ലാക് അമേരിക്കന്‍ വനിതാ ഗവര്‍ണര്‍ മുതല്‍ സ്വവര്‍ഗാനുരാഗിയായ സെനറ്ററുടേതടക്കം ഗംഭീര വിജയങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം...
ചരിത്രത്തിന് വഴിയൊരുക്കിയ ജോര്‍ജിയ
കെയ്ഷ ലാന്‍സ് ബോട്ടോംസ്, ജോര്‍ജിയയുടെ പുതിയ ഗവര്‍ണറിന്റെ പേരാണിത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് അുകൂലിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ റിക്ക് ജാക്സണെ പരാജയപ്പെടുത്തിയായിരുന്നു കെയ്ഷ ലാന്‍സിന്റെ വിജയം. 54.3 ശതമനാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് ബോട്ടോംസ് ജോര്‍ജിയന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്തുകൊണ്ട് ഈ വിജയം സ്പെഷ്യലാകുന്നു? അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കറുത്ത വര്‍ഗക്കാരി ഒരു സ്റ്റേറ്റിന്റെ ഗവര്‍ണര്‍ പദവിയിലേക്കെത്തുന്നത്. ജോര്‍ജിയയുടെ ആദ്യ വനിതാ ഗവര്‍ണറെന്ന ചരിത്രനേട്ടവും ഇതിനൊപ്പം തന്നെ ബോട്ടോംസിന്റെ പേരില്‍ കുറിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട റിപ്പബ്ലിക്കന്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ഡെമോക്രാറ്റുകള്‍ ജോര്‍ജിയയില്‍ ഗവര്‍ണര്‍ സ്ഥാനം തിരിച്ചുപിടിച്ചത്.
ന്യൂ മെക്സിക്കോയും മിനിസോട്ടയും - ഇത് തദ്ദേശീയ ജനതയുടെ വിജയം
ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ തദ്ദേശീയ ജനതയുടെ പ്രതിനിധാനം അടയാളപ്പെടുത്തിയ വിജയങ്ങളായിരുന്നു ന്യൂ മെക്സിക്കോയിലും മിനിസോട്ടയിലും ഉണ്ടായത്. ന്യൂ മെക്സിക്കോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഡെബ് ഹാലണ്ട് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ തദ്ദേശീയ വനിതാ ഗവര്‍ണറായപ്പോള്‍, മിനസോട്ടയില്‍ നിന്നുള്ള വിജയത്തോടെ പെഗ്ഗി ഫ്ളാനഗന് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതയായി ചരിത്രം കുറിച്ചു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് ഹള്ളിനെ പരാജയപ്പെടുത്തിയാണ് ലഗൂണ പ്യൂബ്ലോ (Laguna Pueblo) ഗോത്രവിഭാഗത്തില്‍പ്പെട്ട ഡെബ് ഹാലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്കെത്തിയത്. 2018ല്‍ യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് തദ്ദേശീയ അമേരിക്കന്‍ വനിതകളില്‍ ഒരാളായിരുന്ന ഹാലണ്ട്, 2021ല്‍ ജോ ബൈഡന് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായും ചുമതലയേറ്റിരുന്നു. യു.എസ്. മന്ത്രിസഭയിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ കൂടിയായിരുന്നു അവര്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിഷേല്‍ ടാഫോയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു പെഗ്ഗി ഫ്ളാനഗന് അമേരിക്കന്‍ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. വൈറ്റ് എര്‍ത്ത് നേഷന്‍ (White Earth Nation) ഒജിബ്വെ (Ojibwe) വിഭാഗത്തിലെ അംഗമായ ഫ്ളാനഗന് 54 ശതമാനം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. 2019 മുതല്‍ മിനസോട്ടയുടെ ലെഫ്റ്റനന്റ് ഗവര്‍ണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ചു കൂടിയാണ് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇക്കാരണം കൊണ്ടുതന്നെ ഈ വിജയങ്ങള്‍ തദ്ദേശീയ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തിനൊപ്പം ട്രംപ് ഭരണകൂടത്തിനെതിരായ ജനവിധിയുടെ ഭാഗമായും വായിക്കപ്പെടുന്നു.
മഴവില്ലഴകില്‍ ന്യൂ ഹാംപ്ഷെയര്‍
LGBTQ+ വിഭാഗത്തിനും അവരുടെ അവകാശങ്ങള്‍ക്കും മേല്‍ എല്ലായ്പ്പോഴും കടന്നാക്രമണം നടത്താന്‍ ഏറെ താത്പര്യം കാണിച്ചിരുന്ന ട്രംപ് ഭരണകൂടത്തിന്റെ അധികാര ഗര്വിന് തിരിച്ചടി നല്‍കുന്നതായിരുന്നു ന്യൂ ഹാംഷെയറില്‍ ക്രിസ് പപ്പാസിന്റെ വിജയം. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പപ്പാസ് അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ്. LGBTQ+ പ്രാതിനിധ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായും ഈ വിജയം അടയാളപ്പെടുത്തപ്പെട്ടു.

വലിയ രാഷ്ട്രീയ കുടുംബ പശ്ചാത്തലവും മുന്‍ സെനറ്ററുമായ ജോണ്‍ ഇ സുനുനുവിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു പപ്പാസിന്റെ വിജയം. 56.21 ശതമാനം വോട്ടുകള്‍ നേടിയ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി, 84,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്.
വ്യക്തിഗത നേട്ടങ്ങള്‍ മാത്രമല്ല, ചില സ്റ്റേറ്റുകളിലെ വിജയവും ഏറെ പ്രാധാന്യത്തോടെ പരിശോധിക്കേണ്ടതാണ്. ടെക്സസില്‍ 38 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സെനറ്റര്‍ സ്ഥാനത്തേക്കും 36 വര്‍ഷത്തിന് ശേഷം ഗവര്‍ണര്‍ സ്ഥാനത്തേക്കും ഡെമോക്രാറ്റുകള്‍ വിജയിച്ചു.

53 ശതമാനം വോട്ടുകള്‍ നേടിയ ജിന ഹിനോജോസ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രെഗ് അബോട്ടിനെ തോല്‍പ്പിച്ച് ടെക്സസ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, 55 ശതമാനം വോട്ടുകള്‍ നേടി ജെയിംസ് തലാരിക്കോ സെനറ്റ് തെരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കെന്‍ പാക്സ്റ്റണെയാണ് തലാരിക്കോ പരാജയപ്പെടുത്തിയത്.

നീണ്ട 94 വര്‍ഷത്തിന് ശേഷം കാന്‍സസും ഇത്തവണ മാറി ചിന്തിച്ചു. 1932ന് ശേഷം ഇതാദ്യമായി റിപ്പബ്ലിക്കന്‍സിന്റെ തട്ടകത്തില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആദം ഹാമില്ട്ടണ് വിജയം നേടി. റോജര്‍ മാര്‍ഷലായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി.
2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് 16 ശതമാനത്തിലധികം പോയിന്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച, തുടക്കത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനായാസം വിജയിക്കാനാകുമെന്ന് കരുതിയിരുന്ന സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ നേടിയ ശ്രദ്ധേയമായ മുന്നേറ്റം, ട്രംപിനേറ്റ രാഷ്ട്രീയ തിരിച്ചടി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് പുറമെ 20 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഭരണപക്ഷത്തിരിക്കുന്ന പാര്‍ട്ടിക്ക് സെനറ്റിലും ഹൗസിലും ഒരുപോലെ ഭൂരിപക്ഷം നഷ്ടമാകുന്നത്. 2006ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇരുസഭകളുടെയും നിയന്ത്രണം നഷ്ടമായിരുന്നു.
ട്രംപിന്റെ രാഷ്ട്രീയ പരാജയമായും ഈ തോല്‍വികളെ വിലയിരുത്തണം. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിജയം ഡെമോക്രാറ്റുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ നേതൃത്വത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം കൈക്കൊണ്ട നയപരിപാടികളെ കുറിച്ചും ചോദ്യങ്ങളുയരാനും പാര്‍ട്ടിയിലെ സ്വാധീനത്തില്‍ ഇടിവ് സംഭവിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല.
Content Highlight: Historic victories by Muslim, Black, Native American and openly gay candidates in the US midterm elections. A setback for the Trump administration and a major advance for the Democrats.