14 സര്‍വകലാശാലകളില്‍ വര്‍ഷങ്ങളായി വിസിയും സിന്‍ഡിക്കേറ്റുമില്ല; സര്‍ക്കാരിനോട് ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

അണ്ണാ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകള്‍ വിസിയോ സിന്‍ഡിക്കേറ്റോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്

14 സര്‍വകലാശാലകളില്‍ വര്‍ഷങ്ങളായി വിസിയും സിന്‍ഡിക്കേറ്റുമില്ല; സര്‍ക്കാരിനോട് ചോദ്യവുമായി മദ്രാസ് ഹൈക്കോടതി
dot image

ചെന്നൈ: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന 14 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറോ സിന്‍ഡിക്കേറ്റോ ഇല്ലാത്തതില്‍ സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ 3-4 വര്‍ഷങ്ങളായി സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തത് ഗുരുതരമായ പ്രശ്‌നമാണെന്നും, ഇതെല്ലാം എപ്പോള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

'ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍ എന്നിവരെ നേരിട്ട് ബാധിക്കും' കോടതി നിരീക്ഷിച്ചു. അണ്ണാ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകള്‍ വിസിയോ സിന്‍ഡിക്കേറ്റോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിയതില്‍ അണ്ണാമലൈ സര്‍വകലാശാലയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണം നടത്തിയത്. അണ്ണാമലൈ സര്‍വകലാശാലയില്‍ വിസിയും സിന്‍ഡിക്കേറ്റും ഇല്ലാത്തതിനാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയമിച്ച കണ്‍വീനര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ രജിസ്ട്രാര്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ആശയവിനിമയം പൂര്‍ണമായും നടക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

'ഈ സര്‍വകലാശാലകളെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന കാര്യം വൈസ് ചാന്‍സലറും കൃത്യമായ രീതിയില്‍ രൂപീകരിക്കപ്പെട്ട സിന്‍ഡിക്കേറ്റും ഇല്ലാതെയാണ് അവ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. നിലവില്‍ താത്കാലിക രജിസ്ട്രാര്‍മാരുടെയും കണ്‍വീനര്‍ കമ്മിറ്റികളുടെയും സഹായത്തോടെയാണ് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്,' കോടതി നിരീക്ഷിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥന്‍ അധ്യക്ഷനായ കണ്‍വീനര്‍ കമ്മിറ്റിക്ക് പരമാവധി ഒരു താത്കാലിക സംവിധാനം എന്ന നിലയില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും അവയ്ക്ക് കീഴിലുള്ള കോളേജുകളുടെ ഭരണനിര്‍വഹണം നടത്തുന്നതിനും ഈ കമ്മിറ്റിക്ക് കഴിയില്ല. ഇത്തരത്തില്‍ ഒരു കമ്മിറ്റി മാത്രം ഉപയോഗിച്ച് സര്‍വകലാശാലകളുടെയും അവയ്ക്ക് കീഴിലുള്ള കോളേജുകളുടെയും ഭരണം മുന്നോട്ടുകൊണ്ടുപോകുക എന്നത് പ്രായോഗികമായി അസാധ്യമാണെന്നും കോടതി വ്യക്തമാക്കി.

തുടര്‍ന്ന്, കോടതി സ്വമേധയാ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ കേസുകളിലെ കക്ഷിയായി ഉള്‍പ്പെടുത്തി. വിഷയത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ 17ന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlight: The Madras High Court questioned the government over the absence of vice-chancellors and syndicates in 14 state-run universities. The court said that the absence of vice-chancellors for the past three to four years was a serious issue and sought an explanation from the government on when the situation would be resolved.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us