പരാഗ്വെയിലെ ബാങ്ക് പ്രതിസന്ധി; തെരുവിലിറങ്ങി ജനം, പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെൻ്റ് നീക്കവുമായി പ്രതിപക്ഷം

ബാങ്ക് തകർന്നതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണ്

പരാഗ്വെയിലെ ബാങ്ക് പ്രതിസന്ധി; തെരുവിലിറങ്ങി ജനം, പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെൻ്റ് നീക്കവുമായി പ്രതിപക്ഷം
dot image

അസുൺഷ്യോൻ: പരാഗ്വേയിൽ പ്രമുഖ ഡിജിറ്റൽ ബാങ്കായ 'യുനോ' തകർന്നതിനെ തുടർന്ന് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. പരാഗ്വേയിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് പരാഗ്വെ പ്രസിഡൻ്റ് സാന്റിയാഗോ പെനയെ പുറത്താക്കാൻ ഇംപീച്ച്‌മെൻ്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തി. ബാങ്ക് തകർന്നതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണ്. രോഷാകുലരായ ജനങ്ങളാൽ, തലസ്ഥാനത്തെ തെരുവുകളിൽ നിറഞ്ഞു. അടച്ചിട്ട ശാഖകൾക്ക് പുറത്ത് തടിച്ചുകൂടിയ ജനങ്ങൾ അവരുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

80 അംഗ സഭയിലെ 35 പ്രതിപക്ഷ അംഗങ്ങൾ പ്രസിഡൻ്റിനെതിരെ ബുധനാഴ്ച ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി. വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച പാർലമെൻ്റിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ തകർച്ചയുമായി ബന്ധപ്പെട്ട താൽപ്പര്യ വൈരുദ്ധ്യം, പെൻഷൻ ഫണ്ടുകളുടെ വകമാറ്റൽ, സ്ഥാപനപരമായ വിവരങ്ങൾ മറച്ചുവെക്കൽ എന്നീ ഗുരുതര ആരോപണങ്ങളാണ് പ്രസിഡൻ്റ് സാൻ്റിയാഗോ പെനയ്‌ക്കെതിരെ പ്രതിപക്ഷം ഉയർത്തുന്നത്.

2023-ൽ അധികാരമേറ്റ സാമ്പത്തിക വിദഗ്ധൻ കൂടിയായ പെനയ്ക്ക്, കഴിഞ്ഞ വർഷം മാർച്ച് വരെ യുനോ ബാങ്കിന്റെ മാതൃസ്ഥാപനമായ ഗ്രൂപോ വാസ്‌ക്വസിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ചെറിയൊരു ഫിൻടെക് സ്ഥാപനമായി തുടങ്ങി അതിവേഗം വളർന്ന ഡിജിറ്റൽ ബാങ്കായ യുനോ, നിലവിൽ 850 ദശലക്ഷം ഡോളറിൻ്റെ പൊതു ഫണ്ടുകളാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം മിനിമം സോൾവൻസി മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് യുനോയിൽ ഇടപെടുകയും പ്രവർത്തനങ്ങൾ മരവിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് 65 ലക്ഷം മാത്രം ജനസംഖ്യയുള്ള പരാഗ്വെയിൽ 30 ലക്ഷത്തോളം ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണമിടപാട് നിലച്ചത്.

"പരാഗ്വെയുടെ ചരിത്രത്തിൽ ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം ആളുകളെ ആരും ഇതുപോലെ ദ്രോഹിച്ചിട്ടില്ല, മിസ്റ്റർ പ്രസിഡൻ്റ് നിങ്ങൾ സാധിച്ചെടുത്തു," പ്രതിപക്ഷ അംഗം റോസിയോ വല്ലെജോ സഭയിൽ തുറന്നടിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതിപക്ഷത്തിനില്ലെങ്കിലും ഭരണകക്ഷിയായ കൊളറാഡോ പാർട്ടിയിലെ വിമതരുടെ പിന്തുണ ഇവർക്കുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൊവ്വാഴ്ച സെൻട്രൽ ബാങ്ക് മേധാവി രാജിവെക്കുകയും എട്ട് യുനോ എക്സിക്യൂട്ടീവുകളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ പിന്നീട് കോടതിയിൽ കീഴടങ്ങി. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദേശ നിക്ഷേപം, പ്രത്യേകിച്ച് അയൽരാജ്യമായ ബ്രസീലിൽ നിന്ന് ആകർഷിക്കാൻ പരാഗ്വെ ഉണ്ടാക്കിയെടുത്ത സൽപ്പേരിന് ബാങ്കിൻ്റെ തകർച്ച വലിയ മങ്ങലേൽപ്പിച്ചു. വിവാദങ്ങളോട് യുനോ ബാങ്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇംപീച്ച്‌മെന്റ് നീക്കത്തോട് പ്രസിഡന്റും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും, ക്രമക്കേടുകൾക്ക് കാരണക്കാരായവർ മുഖംനോക്കാതെ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുനോയിൽ നിന്ന് മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ട് മാറ്റാൻ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ബുധനാഴ്ച പല ബാങ്കിംഗ് ആപ്പുകൾക്കും സാങ്കേതിക തടസ്സങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ട്.

Content Highlights: The collapse of digital bank Uno has triggered a major financial crisis in Paraguay, leaving millions of customers unable to access their money. Opposition lawmakers have launched impeachment proceedings against President Santiago Peña.

dot image
To advertise here,contact us
dot image