ട്രെയിൻ ഏത് പ്ലാറ്റ്‌ഫോമിലാണ് കയറേണ്ടതെന്ന് ലോക്കോ പൈലറ്റിന് എങ്ങനെ അറിയാം

ട്രെയിൻ ഏത് പ്ലാറ്റ്ഫോമിലേക്ക് പോകണമെന്ന് ലോക്കോ പൈലറ്റിന് എങ്ങനെ അറിയാം? പിന്നിൽ പ്രവർത്തിക്കുന്നത് ഈ സംവിധാനം!

ട്രെയിൻ ഏത് പ്ലാറ്റ്‌ഫോമിലാണ് കയറേണ്ടതെന്ന് ലോക്കോ പൈലറ്റിന് എങ്ങനെ അറിയാം
dot image

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ട്രെയിന്‍ പല പാളങ്ങളിലൊന്നിലേക്ക് മാറിപ്പോകുന്നത്. ഒരേ സ്റ്റേഷനില്‍ തന്നെ നിരവധി പ്ലാറ്റ്ഫോമുകളും റെയില്‍വേ ട്രാക്കുകളുമുണ്ട്. അങ്ങനെയെങ്കില്‍ ഏത് പാളത്തിലൂടെ സഞ്ചരിക്കണമെന്നും ഏത് പ്ലാറ്റ്ഫോമില്‍ എത്തണമെന്നും ലോക്കോ പൈലറ്റിന് എങ്ങനെ അറിയാം?. ഇതിനായി റെയില്‍വേയില്‍ കൃത്യമായ സിഗ്‌നല്‍ സംവിധാനവും സാങ്കേതിക നിയന്ത്രണങ്ങളുമുണ്ട്.

വഴി കാണിക്കുന്നത് ഹോം സിഗ്‌നല്‍

ട്രെയിന്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ലോക്കോ പൈലറ്റിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് ഹോം സിഗ്‌നല്‍ (Home Signal). സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ട്രെയിനിന്റെ നീക്കം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ സിഗ്‌നല്‍ സഹായിക്കുന്നു.

 loco pilot know which platform

ഒന്നിലധികം ട്രാക്കുകളിലേക്ക് പോകാന്‍ സൗകര്യമുള്ള സ്റ്റേഷനുകളില്‍ ഏത് വഴിയാണ് ട്രെയിനിനായി ക്രമീകരിച്ചിരിക്കുന്നതെന്ന് അറിയാന്‍ റൂട്ട് ഇന്‍ഡിക്കേറ്ററും (Route Indicator) സഹായിക്കും. ചില സിഗ്‌നലുകളില്‍ വെള്ള നിറത്തിലുള്ള ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ തെളിഞ്ഞാണ് ദിശ സൂചിപ്പിക്കുന്നത്. ഇതിലൂടെ ലോക്കോ പൈലറ്റിന് മുന്നിലുള്ള ട്രാക്കിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നു.

ട്രാക്ക് മാറുന്നത് എങ്ങനെ?

റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍നിന്ന് ട്രെയിനിനെ ഒരു പാളത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ സഹായിക്കുന്ന സംവിധാനമാണ് പോയിന്റുകള്‍ (Points). സ്റ്റേഷനിലെ ട്രാക്ക് ക്രമീകരണത്തിന് അനുസരിച്ച് ഇവ പ്രവര്‍ത്തിക്കുന്നു. ലോക്കോ പൈലറ്റിന് തോന്നുന്ന രീതിയില്‍ ട്രെയിന്‍ തിരിക്കുകയല്ല ചെയ്യുന്നത്. ട്രെയിന്‍ ഏത് വഴിയിലൂടെ പോകണമെന്ന് റെയില്‍വേയുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ക്കനുസരിച്ചാണ് പോയിന്റുകള്‍ ക്രമീകരിക്കുന്നത്. അതിനുശേഷം അനുയോജ്യമായ സിഗ്‌നല്‍ നല്‍കിയാണ് ട്രെയിനിന് മുന്നോട്ടുപോകാന്‍ അനുമതി നല്‍കുന്നത്.

 loco pilot know which platform

എന്താണ് ഇന്റര്‍ലോക്കിങ് സംവിധാനം?

റെയില്‍വേയുടെ സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന സംവിധാനമാണ് ഇന്റര്‍ലോക്കിങ് (Interlocking). സിഗ്‌നലുകളും ട്രാക്ക് പോയിന്റുകളും പരസ്പരം ബന്ധിപ്പിച്ച് സുരക്ഷിതമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണിത്. ട്രെയിന്‍ പോകേണ്ട വഴി സുരക്ഷിതമായി ക്രമീകരിച്ചിട്ടുണ്ടോ, ആ പാതയില്‍ മറ്റൊരു ട്രെയിനോ തടസ്സമോ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ ഈ സംവിധാനം നിര്‍ണായകമാണ്. ആവശ്യമായ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാന്‍ അനുമതി നല്‍കാതിരിക്കാനും ഇതിന് കഴിയും. അതായത് ട്രാക്ക് മാറ്റുന്നതിനുള്ള പോയിന്റുകളും ട്രെയിനിന് മുന്നോട്ടുപോകാന്‍ അനുമതി നല്‍കുന്ന സിഗ്‌നലുകളും തമ്മില്‍ കൃത്യമായ ഏകോപനം ഉറപ്പാക്കുകയാണ് ഇന്റര്‍ലോക്കിങ് ചെയ്യുന്നത്.

 loco pilot know which platform

ലോക്കോ പൈലറ്റ് സിഗ്‌നല്‍ മാത്രം നോക്കിയാണോ യാത്ര ചെയ്യുന്നത്?

ലോക്കോ പൈലറ്റ് സിഗ്‌നലുകള്‍ നിരീക്ഷിക്കുന്നതിനൊപ്പം റെയില്‍വേയുടെ പ്രവര്‍ത്തനച്ചട്ടങ്ങളും പാലിക്കണം. മുന്നിലുള്ള സിഗ്‌നലുകള്‍ ശ്രദ്ധിക്കുകയും അവയുടെ നിര്‍ദേശങ്ങള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായി പരസ്പരം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. സിഗ്‌നലുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ലോക്കോ പൈലറ്റ് വേഗത നിയന്ത്രിക്കുകയും മുന്നോട്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നത്. സിഗ്‌നലില്‍ നിര്‍ത്താനുള്ള നിര്‍ദേശമാണെങ്കില്‍ അതു പാലിക്കണം. സിഗ്‌നലില്‍ തകരാറുണ്ടെങ്കില്‍ നിശ്ചിത റെയില്‍വേ നടപടിക്രമങ്ങള്‍ അനുസരിച്ചുമാത്രമേ മുന്നോട്ടുപോകാന്‍ പാടുള്ളൂ.

Content Highlights :How does the loco pilot know which platform the train should go to? This is the system working behind it

dot image
To advertise here,contact us
dot image