

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയിലെ ചട്ടലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കി സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനെ തുടർന്ന് 66 റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനം മരവിപ്പിക്കുകയും ഒരു ഏജൻസിയുടെ ലൈസൻസ് പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. 2026-ന്റെ മൂന്നാം പാദത്തിൽ നടത്തിയ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് ആകെ 67 ഏജൻസികൾക്കെതിരെ മന്ത്രാലയം ശക്തമായ നിയമനടപടികൾ സ്വീകരിച്ചത്.
തൊഴിൽ റിക്രൂട്ട്മെന്റിലെ നിയമലംഘനങ്ങൾ, ഉപഭോക്താക്കൾക്ക് തിരികെ നൽകാനുള്ള തുക കൃത്യസമയത്ത് നൽകുന്നതിലുണ്ടായ വീഴ്ച, ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിൽ വരുത്തിയ കുറ്റകരമായ അനാസ്ഥ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ എടുത്തത്. മുൻപ് നൽകിയ മുന്നറിയിപ്പുകളും സമയപരിധിയും അവഗണിച്ച ഒരു ഏജൻസിയുടെ ലൈസൻസാണ് പൂർണ്ണമായും റദ്ദാക്കിയത്. മറ്റുള്ളവയുടെ പ്രവർത്തനം തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കാനുമായി തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പിഴയും ശിക്ഷാനടപടികളും ഉണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനും റിക്രൂട്ട്മെന്റ് സേവനങ്ങൾക്കും ഔദ്യോഗിക 'മുസാനദ്' (Musaned) പ്ലാറ്റ്ഫോം മാത്രം ഉപയോഗിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അംഗീകൃത ഏജൻസികളുമായി ഡിജിറ്റൽ കരാറുകളിൽ ഏർപ്പെടാനും സേവനങ്ങളെ വിലയിരുത്താനും അപേക്ഷകൾ ട്രാക്ക് ചെയ്യാനും ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlights: Saudi Arabia suspends 66 recruitment offices and revokes one licence over regulatory violations, delayed refunds and failure to resolve customer complaints