ഇറാനുമായുള്ള യുദ്ധമാണ് മിഡ്‌ടേം തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണം: ജെ ഡി വാൻസ്

'നമ്മൾ പരാജയപ്പെടാൻ കാരണം യുദ്ധമാണ്. പ്രസിഡന്റ് തന്നെ ഇന്നലെ രാത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്'

ഇറാനുമായുള്ള യുദ്ധമാണ് മിഡ്‌ടേം തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണം: ജെ ഡി വാൻസ്
dot image

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധമാണ് മിഡ്‌ടേം തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വാൻസിൻ്റെ പ്രതികരണം. നമ്മൾ പരാജയപ്പെടാൻ കാരണം യുദ്ധമാണ്. പ്രസിഡന്റ് തന്നെ ഇന്നലെ രാത്രി ഇക്കാര്യം വ്യക്തമാക്കിയതാണ് എന്നാണ് വാൻസ് വ്യക്തമാക്കിയത്. അടുത്ത ആറ് വർഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധത്തിന്റെ പേരിൽ സംഭവിച്ചതാണെങ്കിലും യുദ്ധം അതിന് അർഹമായിരുന്നുവെന്ന് വാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാമെന്നും വാൻസ് കൂട്ടിച്ചേർത്തു. 2024-ൽ ട്രംപ്-വാൻസ് സഖ്യത്തിന് വോട്ട് ചെയ്ത നിരവധി പേർ 2026-ൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തതാണ് പ്രധാന പ്രശ്‌നമെന്നും വാൻസ് ചൂണ്ടിക്കാട്ടി.

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമാണെന്ന് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും തുറന്ന് പറഞ്ഞിരുന്നു. ഇന്ധന വില വര്‍ധന തിരിച്ചടിയായെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക വില വര്‍ധന ജനം അംഗീകരിച്ചില്ല. എന്നാല്‍ ഇറാനില്‍ താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും യുദ്ധത്തില്‍ ഖേദമില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ കോണ്‍ഗ്രസിലെ അസംബന്ധമായ കാര്യങ്ങള്‍ വീറ്റോ ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. കുറച്ചു മാസങ്ങളോളം ഇങ്ങനെ തള്ളിക്കളയലുകള്‍ തുടരുമ്പോള്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് അവര്‍ എന്നെ വിളിച്ച് ചോദിക്കും. അപ്പോള്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

അമേരിക്കൻ മിഡ്ടേം തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിരുന്നു. തോടെ ഇനിയുള്ള രണ്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഒട്ടനേകം പ്രതിസന്ധികള്‍ ഡോണള്‍ഡ് ട്രംപ് അതിജീവിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡെമോക്രാറ്റുകൾ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലേക്കും മുന്നേറ്റം നടത്തി. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, ഒഹായോ, അയോവ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻമാരിൽനിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. മെയ്നിലും ഡെമോക്രാറ്റുകൾ നിർണായക വിജയം നേടി. ഈ വിജയങ്ങൾ കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി മാത്രം കാണാനാകില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിലും ട്രംപിന്റെ ഭരണത്തോടുള്ള അസംതൃപ്തി പ്രകടമായെന്ന രാഷ്ട്രീയ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. വിലക്കയറ്റവും ഉയർന്ന ജീവിതച്ചെലവും ഇറാനുമായുള്ള യുദ്ധവും ഭരണകൂടവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായി. താരിഫ് നയങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും ട്രംപ് ഭരണത്തിന്റെ പ്രവർത്തനശൈലിയും വിമർശനങ്ങൾക്ക് വിധേയമായി.

Content Highlights: US Vice President JD Vance has blamed the war with Iran for the Republican Party's defeat in the US midterm elections, highlighting the political impact of the conflict

dot image
To advertise here,contact us
dot image