
'അയാൾ എങ്ങനെയാണ് , എവിടെ വച്ചാണ് മരണമടഞ്ഞത് എന്ന് കൂടി പറഞ്ഞ് തരാമോ?' പാലസ്തീനിയന്‍ ഫുട്ബോളർ സുലൈമാൻ അൽ ഒബൈദിന് ആദരാഞ്ജലികൾ അർപ്പിച്ച് യുവേഫ പങ്കുവച്ച പോസ്റ്റ് ഷെയർ ചെയ്ത് മുഹമ്മദ് സലാഹ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചിട്ടു. സലാഹിന്റെ ചോദ്യം ദശലക്ഷക്കണക്കിന് മനുഷ്യർ ഏറ്റെടുത്തു.' Farewell to Suleiman al-Obeid, the 'Palestinian Pelé' . പ്രതിസന്ധികളുടെ ഇരുണ്ട കാലത്തും ആയിരക്കണക്കിന് കുട്ടികൾക്ക് പ്രതീക്ഷയായ പ്രതിഭ'. യുവേഫയുടെ പോസ്റ്റിലെ വരികൾ ഇതായിരുന്നു.
ഗസ്സയിലിപ്പോൾ വറുതിക്കാലമാണ്. ഭക്ഷ്യവിതരണ കേന്ദ്രങ്ങൾക്കു മുന്നിൽ പാത്രങ്ങളുമായി കാത്ത് നിൽക്കുന്ന നൂറു കണക്കിന് മനുഷ്യരെ കാണാം. പലരുടേയും മുഖങ്ങളിൽ പ്രതീക്ഷയറ്റ് തുടങ്ങിയിരിക്കുന്നു. പട്ടിണിക്കാലങ്ങളോട് കലഹിച്ച് തോറ്റു പോയവർ വരികളിൽ കുഴഞ്ഞു വീണു തുടങ്ങിയിരിക്കുന്നു. അങ്ങനെയൊരു വരിയിൽ ദിവസങ്ങൾക്ക് മുമ്പ് സുലൈമാൻ അൽ ഒബൈദുമുണ്ടായിരുന്നു. രാജ്യത്തെ പ്രസിദ്ധനായ ഫുട്ബോൾ താരമാണയാൾ. ഗാലറികളിൽ അയാൾക്ക് വേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി വിളിച്ച മനുഷ്യർ പലരുമപ്പോൾ അയാൾക്കൊപ്പം ആ വരിയിലുണ്ടായിരുന്നിരിക്കണം.
ഓഗസ്റ്റ് ആറ് ബുധൻ. തെക്കൻ ഗസ്സയിലെ ആ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക് പൊടുന്നനെ ഒരു തീമഴപെയ്തു. ഇസ്രായേലീ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ കൂട്ടത്തിൽ സുലൈമാന്റെ മൃതദേഹവും ചിതറിത്തെറിച്ച് കിടപ്പുണ്ടായിരുന്നു. എപ്പോഴും നീണ്ടു വരാൻ പാകത്തിന് മരണത്തിന്റെ കൈകൾ ഒരു വെടിയുണ്ടയുടേയോ ഷെല്ലിന്റേയോ രൂപത്തിൽ തങ്ങൾക്ക് പുറകെയുണ്ടെന്ന് സുലൈമാനടക്കമുള്ള ഗസ്സയിലെ സകല മനുഷ്യർക്കും അറിയാവുന്നതാണ്. ഇസ്രായേലീ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കായിക താരമൊന്നുമല്ല സുലൈമാൻ. കഴിഞ്ഞ മാസം മാത്രം 39 അത്ലറ്റുകൾക്കാണ് ഫലസ്തീനിൽ ജീവൻ നഷ്ടമായത്. 2023 ഒക്ടോബർ ഏഴിനാരംഭിച്ച് ഇപ്പോഴും നിലക്കാതെ തുടരുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ട കായിക താരങ്ങളുടേയും അവരുടെ കുടുംബാഗങ്ങളുടേയും എണ്ണം 662 ആയി. അതിൽ 220 പേർ ഫുട്ബോൾ താരങ്ങളാണെന്നോർക്കണം. കൊല്ലപ്പെട്ട പരിശീലകർ, റഫറിമാർ, ഒഫീഷ്യലുകൾ ഇവരെ കൂടി ചേർത്താൽ ഈ കണക്ക് 300 കടക്കും.
പാലസ്തീനിയൻ പെലെ എന്ന പേരിലാണ് സുലൈമാൻ അൽ ഒബൈദ് ആരാധകർക്കിടയിൽ അറിയപ്പെട്ടത്. രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. 1984 മാർച്ച് 24 ന് ഗസ്സ സിറ്റിയിലാണ് സുലൈമാന്റെ ജനനം. ബാല്യം മുതൽക്കേ ഫുട്ബോളിനെ ഭ്രാന്തമായി പ്രണയിച്ചൊരാൾ. ഒരു തുകൽ പന്തിന് പിറകെ ജീവിതമുരുട്ടിയൊരാൾ. 2007 ലാണ് ഫലസ്തീൻ ദേശീയ കുപ്പായത്തിൽ സുലൈമാൻ ആദ്യമായി മൈതാനങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 2013 വരെ നീണ്ടുനിന്ന ഇന്റർനാഷണൽ കരിയറിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളടക്കം നിരവധി വേദികളിൽ രാജ്യത്തിനായി ബൂട്ടുകെട്ടി. 19 തവണ ദേശീയ കുപ്പായത്തിൽ മൈതാനത്തിറങ്ങിയ താരം രണ്ട് തവണയാണ് ടീമിനായി വലകുലുക്കിയത്. 2010 വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ യമനെതിരെ കുറിച്ച സിസർ കിക്ക് ഗോൾ ഫലസ്തീൻ ആരാധകരുടെ മനസിലിപ്പോഴും ത്രസിപ്പിക്കുന്ന ഓർമയായി കിടപ്പുണ്ട്.
'ഏതൊരു കായിക താരത്തേയും പോലെ അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞതിന് മുന്നിൽ വിലങ്ങു തടിയാവരുത്. ലോകത്തിലെ മറ്റു കായിക താരങ്ങളെ പോലെ കുടുംബാംഗങ്ങൾക്കൊപ്പം സ്വതന്ത്രമായി എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാൻ ഞങ്ങൾക്കും കഴിയുന്നൊരു ദിവസം വരും' 2010 ൽ മൗറിറ്റാനിയയിൽ വച്ച് നടക്കാനിരുന്നൊരു സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ സുരക്ഷാ കാരണങ്ങളാൽ ജോർദാൻ അതിർത്തിയിൽ വെച്ച് തിരിച്ചയക്കപ്പെടുമ്പോൾ സുലൈമാൻ പറഞ്ഞു വച്ചതിങ്ങനെയാണ്. ഒടുവിൽ തന്റെ സ്വപ്നങ്ങളെ മുഴുവൻ ഭൂമിയിൽ ഉപേക്ഷിച്ച് 41ാം വയസിലയാൾ യാത്രയാവുന്നു.
സുലൈമാൻ ഒബൈദിനെ ഇസ്രായേൽ കൊന്നു തള്ളിയിരിക്കുന്നു. ഈ വംശഹത്യയെ നിശബ്ദമായി നമ്മളെത്ര കാലമിങ്ങനെ നോക്കി നിൽക്കും. സുലൈമാന്റെ മരണത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കന്റോണ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത് ഇങ്ങനെയാണ്. അതെ. ഇനിയും കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുന്നവരോടാണ്.. സുലൈമാൻ അൽ ഒബൈദ് സ്വാഭാവികമായി മരണപ്പെട്ടതല്ല. ഇസ്രായേൽ കൊന്നതാണ്. !!
Story highlight: Palestinian Pele; Who is Suleiman Al-Obeid?