
കോട്ടയം: കേരളത്തില്‍ ഒരു മതേതര പാര്‍ട്ടിയേ ഉള്ളൂവെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. അത് ബിജെപിയാണ്, മറ്റുള്ള പാര്‍ട്ടികള്‍ എല്ലാം പൊളിറ്റിക്കല്‍ ഇസ്‌ലാമുകളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും. ഓണത്തിന് ചിപ്‌സ് കൊണ്ടുപോകും. റംസാനും ആഘോഷിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. അതേ സമയം മറ്റ് പാര്‍ട്ടികള്‍ വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനു വേണ്ടി കുഴലൂത്ത് നടത്തുന്നത് ഡിവൈഎഫ്‌ഐയും സിപി ഐഎമ്മുമാണ്. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാിനിക്ക് എതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഡിവൈഎഫ്‌ഐ ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളും പ്രതികരണങ്ങളും ബിജെപി കൈയ്യും കെട്ടി നോക്കി നടക്കില്ല. ഡിവൈഎഫ്‌ഐ ആരുടെ കുഴലൂത്തുകാരാകുന്നുവെന്ന് കേരളം തിരിച്ചറിയുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ഹിറ്റ്‌ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. തിരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നും കേക്കുമായി അരമനകളിലേക്കും വരുന്നു. പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് വിമര്‍ശിച്ചു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: BJP leader Shone George says there is only one secular party in Kerala