പ്രിയ എബിഡി... വീണ്ടും മോഹം തന്ന് ഞങ്ങളെ കുഴപ്പത്തിലാക്കരുത്, ദയവായി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നൂടേ!

വർഷങ്ങൾക്ക് ശേഷം എ ബി ഡി യുടെ 360 ഡിഗ്രി ഷോ കാണാനായതിന്റെ ആനന്ദത്തിൽ നിർവൃതിയടഞ്ഞ ആരാധകർ ഒടുവിൽ ഇങ്ങനെ ചോദിച്ചിട്ടുണ്ടാകണം.

dot image

എന്തൊരു വർഷമാണ് 2025!

കാലങ്ങളും പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമൊക്കെയായി കിരീട ശാപമുള്ളവർക്ക് മോക്ഷത്തിന്റെ കവാടം തുറന്ന വാതിൽ ആ സ്വപ്നസാഫാല്യത്തിന്റെ ആനന്ദലബ്ധിയിൽ ആർസിബിയും സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീമും ദിവസങ്ങളുടെ വ്യത്യാസത്തിൽ അലിഞ്ഞുചേരുമ്പോൾ അതിന് സാക്ഷിയായി ഇരുവരുടെയും ഗോഡ് ഫാദർ എ ബി ഡിവില്ലിയേഴ്സുമുണ്ടായിരുന്നു.

കരിയറിൽ നേടേണ്ട വ്യക്തിഗത നേട്ടങ്ങളെല്ലാം നേടിയിട്ടും , ഇരു ടീമിനൊപ്പവും ലോക ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടും ഒരു കിരീടത്തിന്റെ കുറവ് അയാൾക്കുണ്ടായിരുന്നു.

Also Read:

ഒരു ക്രിക്കറ്റ് പ്രേമിയും അയാളുടെ രാജ പദവിയ്ക്ക് കിരീടത്തിന്റെ മേമ്പൊടി വാശി പിടിച്ചില്ലെങ്കിലും അയാളിലാ ആഗ്രഹം ത്രീവമായി തന്നെ നിലകൊണ്ടു.

നീണ്ട 18 വർഷത്തെ കാത്തിരിപ്പിൽ ആ ഐപിഎൽ കിരീടം കൂടി നേടുമ്പോൾ അത് എ ബി ഡി ക്കുള്ളത് കൂടിയാണെന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ജൂൺ 3 ലെ കലാശപ്പോരിന്റെ അവസാനം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഇരുവരും പങ്കിട്ട നിമിഷങ്ങൾ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കില്ല.

ശേഷം രണ്ടാഴ്ച്ച തികയും മുമ്പ് വിഖ്യാത ലോർഡ്സിൽ മൈറ്റി ഓസീസിനെ നിഷ്പ്രഭരാക്കി പ്രോട്ടീസ് തങ്ങളുടെ ‘ചോക്കേഴ്സ് ’തിലകക്കുറി മായ്ച്ച് ടെസ്റ്റ്‌ ലോകക്കപ്പ് കിരീടം നേടുമ്പോൾ ആശിർവാദവുമായി ഗാലറിയിൽ നിറകണ്ണുകളോടെ നിൽക്കുന്ന എ ബി ഡി മുഖവും ഒരാളും മറക്കില്ല.

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിടുമ്പോൾ അതേ തിളക്കം ആ കണ്ണുകളിൽ കണ്ടു.

ഗ്യാലറിയിലെ നിസ്വാർത്ഥമായ പിന്തുണയായിരുന്നില്ല അപ്പോൾ അയാളുടെ വിലാസം. 60 പന്തിൽ ഏഴ് പടുക്കൂറ്റൻ സിക്സറും 12 ഫോറുകളും അടക്കം 120 റൺസ് നേടിയ അയാൾ ആ ടീമിന്റെ ക്യാപ്നായിരുന്നു. തന്റെ പങ്കാളിക്കൊപ്പമുള്ള ഗ്രൗണ്ടിലെ ആ ആശ്ലേഷത്തിന്റെ കാഴ്ച്ച ഏവരുടെയും ഹൃദയത്തെ വൈകാരികമാക്കി.

കലാശപ്പോരിൽ മാത്രമല്ല, ടൂർണമെന്റിലെ ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വെടിക്കെട്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും നേടിയ അയാൾ തന്നെയാണ് ഒട്ടുമിക്ക എല്ലാ പുരസ്കാരങ്ങളും കൊണ്ടുപോയത്. വർഷങ്ങൾക്ക് ശേഷം എ ബി ഡി യുടെ 360 ഡിഗ്രി ഷോ കാണാനായതിന്റെ ആനന്ദത്തിൽ നിർവൃതിയടഞ്ഞ ആരാധകർ ഒടുവിൽ ഇങ്ങനെചോദിച്ചിട്ടുണ്ടാകണം..

പ്രിയ എബിഡി വീണ്ടും മോഹം തന്ന് ഞങ്ങളെ കുഴപ്പത്തിലാക്കരുത്, ദയവായി ഒന്ന് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നൂടെ…

Content Highlights: ab de villiers outstanding come back in world legends championship

dot image
To advertise here,contact us
dot image