'കുഞ്ചാക്കോ ബോബൻ പറഞ്ഞത് ജയിലെന്ന്,ജയിലിലുള്ള കൊടി സുനി എന്നല്ല';ഡിവൈഎഫ്ഐക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ്

'കൊടി സുനിക്ക് ഇടയ്ക്ക് ഫുഡ് ഒക്കെ എങ്ങനെ എന്ന് ഒരു മെസ്സേജ് ഇട്ട് ചോദിക്കണം. അപ്പോൾ അറിയാം മട്ടനും ചിക്കനും കൊണ്ട് ഏറും കളിയുമാണ് അവിടെയെന്ന്'

dot image

കണ്ണൂർ: കുഞ്ചാക്കോ ബോബനെ വിമർശിച്ച ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിന്‍ ശശിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്. കുഞ്ചാക്കോ ബോബൻ പറഞ്ഞത് ജയിലെന്ന് മാത്രമാണ് ജയിലിലുള്ള കൊടി സുനി എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇത്രയും ബേജാറാവുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി ചോദിച്ചു.

ടി പി വധക്കേസ് പ്രതിയായ താങ്കൾ ഉറ്റചങ്ങാതി കൊടി സുനിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് മാത്രം നോക്കുന്നത് കൊണ്ടാണ് ഈ കുഴപ്പം. ഇടയ്ക്ക് ഫുഡ് ഒക്കെ എങ്ങനെ എന്ന് ഒരു മെസ്സേജ് ഇട്ട് ചോദിക്കണം. അപ്പോൾ അറിയാം മട്ടനും ചിക്കനും കൊണ്ട് ഏറും കളിയുമാണ് അവിടെയെന്ന്. ജയിലിലേതിനെക്കാൾ മികച്ച ഭക്ഷണം സ്‌കൂളുകളിൽ കൊടുക്കണം എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞതെന്ന് റോബർട്ട് പറഞ്ഞു.

പാർട്ടിക്കാരൊക്കെ ജയിലിലായതുകൊണ്ട് മികച്ച ഭക്ഷണം അവിടെ മാത്രം മതിയെന്ന് ഡിവൈഎഫ്‌ഐ ചിന്തിക്കരുത്. കൊടി സുനി പറയുന്നതിനപ്പുറം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്കും പറയാൻ കഴിയില്ലല്ലോ. റേഷൻ അരി കൊണ്ടുള്ള സ്‌കൂളിലെ ബിരിയാണിയേയും ഫ്രൈഡ് റൈസിനേയും പറ്റി ഇത്രയും ഊറ്റം കൊള്ളണോ എന്ന് കൂടി ഡിവൈഎഫ്‌ഐ നേതാവ് ചിന്തിക്കണമെന്നും റോബർട്ട് വെള്ളാംവള്ളി പറഞ്ഞു.

വിദ്യാലയങ്ങളിലേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലാണ് ലഭിക്കുന്നതെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സ്‌കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.. എന്നായിരുന്നു സരിൻ ശശിയുടെ വിമർശനം.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യവെയായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. ഇത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Youth congress leader Robert Vellamvelly reacts Kunchacko Boban food remark issue

dot image
To advertise here,contact us
dot image