
311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തുന്നു. എന്നാൽ ആദ്യ ഓവറിൽ തന്നെ സ്കോർ ബോർഡിൽ റണ്ണൊന്നും ചേർക്കാതെ രണ്ട് പ്രധാന താരങ്ങളെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു. ക്രിസ് വോക്‌സിന്റെ ആദ്യ ഓവറിൽ യശ്വസി ജയ്‌സ്വാളും സായ് സുദർശനും സംപൂജ്യരായി മടങ്ങുമ്പോൾ ഇന്ത്യ എല്ലാ അർത്ഥത്തിലും ഒരു ഇന്നിങ്‌സ് തോൽവി മുന്നിൽ കണ്ടിരുന്നു.
എന്നാൽ പിന്നീട് വന്ന ക്യാപ്റ്റൻ ഗില്ലും മിസ്റ്റർ ഡിപെൻഡബിൾ കെ എൽ രാഹുലും ഒരു അവിസ്മരണീയ ചെറുത്ത് നിൽപ്പ് നടത്തി. മൂന്നാം വിക്കറ്റിൽ 188 റൺസിന്റെ കൂട്ടുകെട്ട് കാഴ്ച വെച്ച അവർ ഇംഗ്‌ളീഷ് ബോളർമാരെ കണക്കിന് 'ക്ഷ' വരപ്പിച്ചു.
ഒടുവിൽ 90 റൺസെടുത്ത് കെ എൽ രാഹുലും സെഞ്ച്വറി തികച്ച് ഗില്ലും മടങ്ങുമ്പോൾ ബെൻ സ്റ്റോക്‌സും കൂട്ടരും വീണ്ടും ഗ്രൗണ്ടിൽ ആഘോഷ പ്രകടനം നടത്തി. ബാക്കി ആറ് വിക്കറ്റുകൾ കൂടി എത്രയും പെട്ടെന്ന് പോക്കറ്റിലാക്കി പരമ്പരയും സ്വന്തമാക്കി ടെൻഷൻ ഫ്രീയിൽ അവസാന ടെസ്റ്റ് കളിക്കാം എന്നതായിരുന്നു മനസ്സിലിരിപ്പ്.
എന്നാൽ ശേഷം വന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും പോയവരെക്കാൾ വലിയ ഒരു പോരാട്ടം അഴിച്ചുവിടാനാണ് ക്രീസിലെത്തിയതെന്ന് പിന്നീടാണറിഞ്ഞത്. ഇരുവരും നടത്തിയ അപരാജിത ചെറുത്ത് നിൽപ്പിൽ ഇംഗ്‌ളീഷ് ബോളർമാർ വശം കെട്ടു. ഒടുവിൽ ജയം കൈവിട്ടെന്ന് കണ്ടപ്പോൾ ബെൻ സ്റ്റോക്സ് മുഖം രക്ഷിക്കാൻ അവസാന കാർഡിറക്കി.
അഞ്ചാം ദിനം കളി തീരാൻ 15 ഓവർ ബാക്കിയുണ്ടെന്നിരിക്കെ കളി നിർത്താൻ സ്റ്റോക്സ് സമനില ഓഫർ ചെയ്തു. ജഡേജയും സുന്ദറും വ്യക്തിഗത സ്‌കോറിൽ എൺപതുകളിൽ നിൽക്കുമ്പോഴായിരുന്നു അത്. ഇരുവരുടെയും സെഞ്ച്വറി തടയുക എന്ന ലക്ഷ്യം കൂടി ഒരുപക്ഷെ അതിന് ഉണ്ടായിരിക്കണം.
എന്നാൽ ആ ഓഫറിനെ ഇന്ത്യ ഒരു മടിയും കൂടാതെ നിരസിച്ചു. ഇതോടെ ഇരുവരുടെയും സെഞ്ച്വറി തടയുകയെന്ന ദൗത്യത്തിലേക്ക് സ്റ്റോക്സ് പന്തെടുത്തു. എന്നാൽ ബോളർമാരെ സിക്സറിനും ഫോറുകൾക്കും പറത്തി ഇരുവരും അതിവേഗം സെഞ്ച്വറിയും ഇന്ത്യയുടെ സമനിലയും തൊട്ടു. ഇതോടെ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ജയം നേടിയാൽ പരമ്പര സമനിലയിലയിലാക്കാം എന്ന പ്രതീക്ഷയിലേക്കും ഇന്ത്യ നടന്നുകയറി.
Content Highlights: England's arrogance suffers blow; India goes from innings defeat to a draw