
പലസ്തീൻ പെലെ എന്നറിയപ്പെടുന്ന സുലൈമാൻ അൽ ഉബൈദിയുടെ മരണത്തിൽ യുവേഫയെ വിമർശിച്ച് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ.
അൽ ഉബൈദിയുടെ മരണത്തിൽ അനുശോചനവുമായി എത്തിയ യുവേഫയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് അൽ അൽ ഉബൈദി എങ്ങനെയാണ് മരിച്ചത്?, എന്തുകൊണ്ടാണ്, എവിടെ ? എന്നീ ചോദ്യങ്ങൾ സലാ ഉയർത്തി.
പലസ്തീനെതിരെ നിരന്തരം ആക്രമണങ്ങൾ തുടരുന്ന ഇസ്രയേലിനോടുള്ള യുവേഫയുടെ മൗനത്തിൽ പ്രതിഷേധിച്ചായിരുന്നു സലായുടെ ഈ ചോദ്യങ്ങൾ .
പലസ്തീൻ ഫുട്ബാളിന്റെ 'പെലെ’ എന്നറിയപ്പെട്ട സുലൈമാൻ അൽ ഉബൈദ് കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പലസ്തീൻ ദേശീയ ടീമിനുവേണ്ടിയും ഗസ്സ, വെസ്റ്റ് ബാങ്ക് ടീമുകൾക്കും കളിച്ച് മൈതാനത്ത് പലസ്തീൻ പോരാട്ടവീര്യങ്ങളുടെ പ്രതീകമായ 41കാരൻ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി മക്കൾക്കൊപ്പം വരി നിൽക്കുമ്പോഴാണ് ഇസ്രായേൽ സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്.
1984ൽ ജനിച്ച സുലൈമാൻ അൽ ഉബൈദ് ഗസ്സയിലെ ഏറ്റവും ആരാധകരുള്ള ഫുട്ബാളർമാരിൽ ഒരാളായിരുന്നു. മധ്യനിരയിലെ ആക്രമണ ഫുട്ബാളുമായി ക്ലബ് കുപ്പായത്തിലും ദേശീയ ടീമിലുമായി ഗോളുകൾ അടിച്ചുകൂട്ടിയ കളിശൈലി കണ്ടാണ് ആരാധകർ ‘പലസ്തീന്റെ പെലെ’ എന്ന് വിളിച്ചത്. നിലവിൽ ഗസ്സയിലെ ലീഗ് ഫുട്ബാളിലും സജീവമായിരുന്നു സുലൈമാൻ ഉബൈദ്.
Content Highlights: 'Tell us how he died': Salah criticizes UEFA tribute to 'Palestinian Pele'