
അബ്സല്യൂട്ട് സിനിമ…
ഒരു ത്രില്ലർ മാച്ചിനൊടുവിൽ നമ്മൾ പതിവായി ചാർത്തി കൊടുക്കാറുള്ള ഈ പതിവ് വിശേഷണം ഓവൽ ടെസ്റ്റിലെ അഞ്ചാം ദിനത്തിന് മതിയാകാതെ വരും.
ഓവലിന്റെ അഞ്ചാം ദിനത്തിൽ വിജയത്തിലേക്ക് 4 വിക്കറ്റ് ലക്ഷ്യവുമായി ഇന്ത്യ പന്തും, 35 റൺസ് ലക്ഷ്യവുമായി ഇംഗ്ലണ്ട് ബാറ്റും എടുത്ത് തുടങ്ങിയപ്പോൾ പിന്നെ കണ്ടത് ഓരോ ബോളും ഓരോ ത്രില്ലിങ് സിനിമയാകുന്നതാണ്.
One ball equals to One drama എന്ന കണക്കെ കളിക്കാരെയും കാഴ്ച്ചക്കാരെയും ഉദ്യോഗത്തിന്റെ പരക്കോടിയിലേക്ക് തള്ളിവിട്ട ഒരു മണിക്കൂറിന് ശേഷം ഇന്ത്യ ആറ് റൺസ് വ്യത്യാസത്തിൽ കളി പിടിച്ചെടുത്തു. പരമ്പര സമനിലയാക്കിയ ആ വിജയത്തിനൊടുവിൽ സിറാജ് എന്ന പോരാളി വീണ്ടും ഉയിർത്തെഴുന്നേൽക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ബൗണ്ടറിക്കരികിൽ അബന്ധത്തിൽ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ സിറാജ് മണിക്കൂറുകൾക്കുള്ളിൽ അതിനുള്ള പ്രാശ്ചിത്ത്വം പലിശ കൂട്ടി തിരിച്ചു നൽകി.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 35 ആം ഓവറിൽ ബ്രൂക്ക് 19 റൺസിൽ നിൽക്കവെ പ്രസിദ്ധ് കൃഷ്ണയുടെ ഡെലിവറിയിലെത്തിയ ക്യാച്ച് സിറാജ് കൈപ്പിടിയിലൊതുക്കിയെങ്കിലും അബന്ധത്തിൽ പുറകോട്ട് തിരിഞ്ഞത് ബൗണ്ടറി ലൈനിൽ തൊടാൻ കാരണമാകുകയായിരുന്നു.
അറിയാതെ ചെയ്ത തെറ്റിന് അയാൾ പ്രസിദ്ധിനോട് സോറി പറഞ്ഞെങ്കിലും പുറത്ത് അയാളെ തെറിവിളിച്ച് സൈബർ കൂട്ടങ്ങളുണ്ടായിരുന്നു. അവസരം മുതലെടുത്ത് ബ്രൂക്ക് സെഞ്ച്വറി തൊട്ടപ്പോൾ സിറാജിനെതിരെയുള്ള ഹേറ്റ് പരമാവധിയായി.
പണ്ട് പാകിസ്താനിലേക്ക് പോടാ എന്ന ആക്രോശം വരെ കേട്ടിട്ടുള്ള സിറാജ് അതിന് നിന്നുകൊടുക്കാൻ തയ്യാറായില്ല. എല്ലാത്തിന്റെയും വായയടപ്പിച്ച് മറ്റൊരു ക്രൂഷ്യൽ ഫിഫർ. 301 ന് നാല് എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് കൂപ്പുക്കുത്തിയത് 367 ലേക്ക്.
മത്സരത്തിൽ സിറാജ് ആകെ നേടിയത് ഒമ്പത് വിക്കറ്റ്. ഒട്ടുമിക്കവയും ഇംഗ്ലണ്ട് നിരയിലെ കരുത്തരെ കൂടാരം കയറ്റി നേടിയത്, പരമ്പരയിൽ 23 വികറ്റുമായി അയാൾ ടോപ് വിക്കറ്റ് ടേക്കറാകുന്നു.
അവിടെ 2024 ടി 20 വേൾഡ് കപ്പ് ഫൈനലിന് ശേഷം I only believe in jassi bhai എന്ന് പറഞ്ഞ സിറാജിനോട് We believe in jassi bhai and siraj bhai എന്ന് പ്രഖ്യാപിക്കുന്നു.
ഓവൽ ടെസ്റ്റിൽ നിന്ന് പിന്മാറുമെന്ന് ബുമ്ര പറയുമ്പോൾ ഇനി ഫിഫർ നേടുമ്പോൾ ഞാൻ ആരെ കെട്ടിപ്പിടിക്കും എന്ന് പരിഭവപെട്ട സിറാജിനെ നൂറുകോടി കെട്ടിപിടിത്തത്തിൽ നമ്മൾ ആഘോഷിക്കുന്നു.
സിറാജിനൊപ്പം ഗംഭീര തിരിച്ചുവരവുമായി എത്തിയ പ്രസിദ്ധ് കൃഷ്ണയും കയ്യടി അർഹിക്കുന്നു. വയ്യാത്ത കൈ കൊണ്ട് വേദന അമർത്തിപിടിച്ച് കളിച്ച ക്രിസ് വോക്സും മറുവശത്ത് പൊരുതിയ അറ്റ്കിൻസണേയും ഓർക്കുന്നു.
ടെസ്റ്റിനെ മേജർ ഫോർമാറ്റായി കാണുന്ന ഇംഗ്ലണ്ടിനെ അവരുടെ മണ്ണിലെ പരമ്പരയിൽ സമനിലയിൽ പിടിക്കാനായി എന്നത് മാത്രം മതിയാകും ഗില്ലിന്റെ പുതിയ സംഘത്തെ അടയാളപ്പെടുത്താൻ. എല്ലാം കഴിഞ്ഞ് ഒന്ന് കൂടെ കൂട്ടിച്ചേർക്കുന്നു, ക്രിക്കറ്റ് മരിക്കില്ല, ടെസ്റ്റ് ക്രിക്കറ്റ് പ്രത്യേകിച്ചും..
Content Highlights: mohammed siraj best performance oval test