റാഞ്ചിയിലും ഗ്രീൻഫീൽഡിലും ലഭിച്ച കൂവലുകൾക്കുള്ള മറുപടിയാണ് ഓൾഡ് ട്രാഫോർഡിലെ കയ്യടികൾ!; റിഷഭ് 'ദി വാരിയർ'

ക്രിക്കറ്റിന്റെ ആവേശം റൺസിലോ, വിക്കറ്റ് നേട്ടങ്ങളിലോ വിജയത്തിലോ മാത്രം കുറിച്ചിടുന്ന ഒന്നല്ല. അതിനുമപ്പുറം ഹൃദയം കവരുന്ന, മനക്കട്ടിയുടെ, തോൽക്കാതെ നടത്തുന്ന പോരാട്ടത്തിന്റെ കൂടിയാണെന്ന് ഈ നിമിഷം ഒന്നു കൂടി ഓർമിപ്പിക്കുന്നു

dot image

ടെൻഡുൽക്കർ-ആൻഡേഴ്‌സൺ ടെസ്റ്റ് പരമ്പര അതിന്റെ ആവേശത്തിന്റെ പരക്കോടിയിലെത്തി നിൽക്കുകയാണ്. മൂന്ന് മത്സരത്തിലും പല്ലിന് പല്ല് , കണ്ണിന് കണ്ണ് എന്ന കണക്കിനാണ് ഇരു ടീമുകളും പോരാടിയത്. മസാല ചേരുവകളെല്ലാം ചേർന്ന, ഗംഭീര ക്രിക്കറ്റ് മൊമന്റുകൾ നിറഞ്ഞൊരു പരമ്പര. നാലാം മത്സരവും പുരോഗമിക്കുമ്പോൾ അതിന് യാതൊരു പഞ്ഞവുമില്ല. ഇംഗ്ലണ്ടിന് ഒരു മത്സരത്തിന്റെ നിർണായക ലീഡുള്ളപ്പോൾ പരമ്പരയുടെ ജീവൻ നിലനിൽക്കണമെങ്കിൽ ഇന്ത്യക്ക് ഈ മത്സരം വിജയിച്ചേ മതിയാവുകയുളളൂ. അതിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ റിഷഭ് പന്തിന് വ്യക്തമായ റോളുമുണ്ട്.

ലോർഡ്‌സിൽ പരിക്കേറ്റ പന്ത് മാഞ്ചസ്റ്ററിൽ കളിക്കുമോ എന്ന ആശങ്കകൾക്കെല്ലാം ഇന്നലെ ടോസ് വരെയെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ മധ്യനിരയിൽ പന്തിന്റെ പേര് കണ്ടതും ഇന്ത്യൻ ആരാധകർ ഏറെ സന്തോഷിച്ചു. ഒടുവിൽ മാഞ്ചസ്റ്ററില്‍ പച്ച പുതച്ച ക്രീസിലേക്ക് അഞ്ചാമനായി പന്ത് എത്തുന്നു. കഴിഞ്ഞ കളിയിൽ ആദ്യ ഇന്നിങ്‌സിൽ റണ്ണൗട്ടാകുകയും രണ്ടാം ഇന്നിങ്‌സിൽ ബൗൾഡാകുകയും ചെയ്ത പന്ത് ഇത്തവണ കുറച്ചുകൂടി ശ്രദ്ധാലുവായിരുന്നു.

സ്ഥിരമായി ക്രീസിലുള്ള കസർത്തുകൾക്ക് നിയന്ത്രണമിടുന്നു. സായ് സുദർശനുമൊത്ത് സ്‌ട്രൈക്ക് കൈമാറിയും ഇടയ്ക്ക് ബൗണ്ടറി പായിച്ചും മികച്ച ടച്ചിൽ തന്നെ മുന്നോട്ട് നീങ്ങി. കഴിഞ്ഞ കളിയിൽ തന്നെ ബൗൾഡാക്കിയ ജോഫ്രാ ആർച്ചറിനെ ഒരു സ്പിന്നറെന്ന കണക്ക് അദ്ദേഹം മുട്ടുകുത്തി ബൗണ്ടറി പായിച്ചത് മനോഹര നിമിഷങ്ങളിൽ ഒന്നായിരുന്നു.

വ്യക്തിഗത സ്‌കോർ 37ൽ നിൽക്കെ ക്രിസ് വോക്‌സിനെ റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാൻ ശ്രമിച്ച പന്തിന് അടിതെറ്റുന്നു. ബൗൾ നേരെ അദ്ദേഹത്തിന്റെ ഫ്രണ്ട് ഫൂട്ടിൽ കൊള്ളുകയും പരിക്കേറ്റ് അദ്ദേഹം പുറത്തുപോകുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ അടുത്ത ആറാഴ്ചയോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിൽ കൂടിയും ടീമിന് ആവശ്യം വന്നാൽ ബാറ്റ് ചെയ്യുമെന്ന് പന്ത് മനസിലുറപ്പിച്ചിരിക്കണം.

ഒടുവിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായപ്പോൾ പന്ത് ക്രീസിലെത്തി. നടക്കാൻ വരെ ബുദ്ധിമുട്ടിയിരുന്ന 17ാം നമ്പർ ജേഴ്‌സിക്കാരൻ പവലിയനിൽ നിന്നും ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. മാഞ്ചസ്റ്ററിൽ തിങ്ങിനിറഞ്ഞ ആരാധകരെല്ലാം കരഘോഷങ്ങളോടെയാണ് പന്തിന്റെ രണ്ടാം വരവിനെ വരവേറ്റത്. വയ്യാത്ത കാലുമായുള്ള പന്തിന്റെ എൻട്രി ആരാധകരിൽ ആവേശം നിറച്ചിരുന്നു. ഇംഗ്ലണ്ടിന്റെ സ്വന്തം ഓൾഡ് ട്രാഫോർഡ് ഗ്രൗണ്ടിൽ ഒരു എതിർ ടീമിലെ താരത്തിന് അതിശയിപ്പിക്കുന്ന വരവേൽപ്പ് തന്നെയാണ് ലഭിച്ചത്.

സൂപ്പർസ്റ്റാർ സ്റ്റഫ്! 27 പന്തോളം ക്രീസില്‍ നിന്ന പന്ത് 17 റൺസ് വീണ്ടു ചേര്‍ത്തു. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ പാടുപ്പെട്ടിരുന്ന പന്ത് ആർച്ചറിൻ്റെ പന്തില്‍ 54 റൺസ് നേടി ബൗള്‍ഡായി മടങ്ങി. പരമ്പരയുടെയും മത്സരത്തിന്‍റെയും സാഹചര്യം പരിഗണിച്ചാല്‍ ഏറെ നിർണായകമാണ് ഈ റണ്‍സ്. പുറത്തായി ക്രീസ് വിട്ടപ്പോഴും ട്രാഫോർഡ് പന്തിന് വേണ്ടി കയ്യടിച്ചു.

ക്രിക്കറ്റിന്റെ ആവേശം റൺസിലോ, വിക്കറ്റ് നേട്ടങ്ങളിലോ വിജയത്തിലോ മാത്രം കുറിച്ചിടുന്ന ഒന്നല്ല. അതിനുമപ്പുറം ഹൃദയം കവരുന്ന, മനക്കട്ടിയുടെ, തോൽക്കാതെ നടത്തുന്ന പോരാട്ടത്തിന്റെ കൂടിയാണെന്ന് ഈ നിമിഷം ഒന്നു കൂടി ഓർമിപ്പിക്കുന്നു. ഓൾഡ് ട്രാഫോർഡ് കാണികളുടെ ആരവവും, തന്റെ ടീമിനെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനത്തോടെയുള്ള പന്തിന്റെ ക്രീസിലേക്കുള്ള വരവും ക്രിക്കറ്റ് പ്രേമികൾ എന്നും ഓർമിക്കും.

അന്ന് എംഎസ് ധോണിയുടെ നാടായ റാഞ്ചിയിലും മലയാളി താരം സഞ്ജു സാംസണിന്റെ സ്വന്തം നാടായ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിലുമെല്ലാം കൂവൽ ഏറ്റുവാങ്ങിയതിൽ നിന്നും, നേരിട്ട പരിഹാസങ്ങൾക്കും മുകളിലായി റിഷഭ് പന്ത് എന്ന താരം വളർന്നിരിക്കുന്നു. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ പടിയിറക്കത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർതാര പദവി അലങ്കരിക്കുന്നിടത്തോളം നിൽക്കുന്നു ആ വളർച്ച. അന്ന് ഏറ്റുവാങ്ങിയ ആ കൂവലുകൾക്കുള്ള മറുപടിയാവണം ഇന്ന് മാഞ്ചസ്റ്ററിൽ ലഭിച്ച കയ്യടികളും ആരവങ്ങളും!

Content Highlights- Rishab Pant gets huge Reception from Manchester Crowd

dot image
To advertise here,contact us
dot image