
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രശസ്ത ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകള്‍ സനായ് ഭോസ്‌ലെ. രക്ഷാബന്ധന്‍ ദിനത്തില്‍ മുഹമ്മദ് സിറാജിന്റെ കയ്യില്‍ രാഖി ചാര്‍ത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സനായ് താരവുമായി തനിക്ക് സഹോദരതുല്യമായ ബന്ധം മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയത്.
'ആയിരത്തിലെ ഒരാൾ, ഇതിൽ കൂടുതൽ എനിക്കൊന്നും ആവശ്യപ്പെടാനില്ല' എന്ന ക്യാപ്ഷനോടെ സനായ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഈ വീഡിയോ സിറാജും പങ്കുവെച്ചിട്ടുണ്ട്. അതേസമയം രാഖി കെട്ടുന്ന വിഡിയോയുടെ കമന്റ് സെക്ഷന്‍ സനായ് ഭോസ്‌ലെ ഓഫ് ചെയ്തിട്ടുമുണ്ട്.
ആശാ ഭോസ്‌ലെയുടെ മകന്‍ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായ് ഭോസ്‌ലെ. 23 വയസുകാരിയായ സനായ് ഗായികയുമാണ്.
തന്റെ 23ാം ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെയാണ് മുഹമ്മദ് സിറാജുമായി സനായ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. മറ്റൊരു ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ സനായ് പങ്കുവച്ചിരുന്നു. എന്നാൽ മുഹമ്മദ് സിറാജിനൊപ്പം മാത്രമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകള്‍ വ്യാപകമായത്. പുഞ്ചിരിയോടെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ചിത്രമാണ് സനായ് പങ്കുവച്ചത്.
ഡേറ്റിങ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം തങ്ങള്‍ക്കിടയിലുള്ള ബന്ധം സഹോദരതുല്യമാണെന്ന് ഇരുവരും ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി അണിയിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.
Content Highlights: Zanai Bhosle again quashes dating rumours with Mohammed Siraj, ties him rakhi