

ലയണല്‍ മെസ്സി തന്നെയാണ് ഈ ലോകകപ്പിന്റെയും താരം. മെസ്സിയുടെ പന്താട്ടം കാണാന്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. അതേസമയം, ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ആവേശ വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി പുറത്തുവിട്ട സാധ്യതാപ്പട്ടികയില്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ഇടംപിടിച്ചു. 55 താരങ്ങളുടെ പേരാണ് പട്ടികയിലുള്ളത്.
എന്നാല്‍ പൗലോ ഡിബാല ടീമിലില്ല. അര്‍ജന്റീന ടീമില്‍ ഇനി ഡിബാല ഉണ്ടാകില്ല എന്നതിന്റെ സൂചന കൂടിയാണ് സാധ്യതാപ്പട്ടികയെന്നാണ് വിലയിരുത്തല്‍. 2024 സെപ്റ്റംബറിലാണ് ഡിബാല അവസാനമായി അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചത്. ദേശീയ ടീമിനൊപ്പം 40 മത്സരങ്ങളിലാണ് ഡിബാല പങ്കെടുത്തത്. ഖത്തര്‍ ലോകകപ്പില്‍ അദ്ദേഹം അര്‍ജന്റീന ടീം ഉണ്ടായിരുന്നു.
ചെല്‍സിയുടെ അലയാന്‍ഡ്രോ ഗര്‍നാച്ചോ, ബെന്‍ഫിക്കയുടെ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി എന്നിവരും പ്രാഥമിക പട്ടികയിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് ഫിഫയുടെ വിലക്ക് നേരിട്ട പ്രസ്റ്റിയാനിക്ക്, അന്തിമ പട്ടികയില്‍ ഇടംപിടിക്കാനായാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടുമത്സരങ്ങള്‍ നഷ്ടമാകും. യഥാക്രമം അള്‍ജീരിയ, ഓസ്ട്രിയ എന്നിവര്‍ക്കെതിരായ മത്സരങ്ങളാണ് നഷ്ടമാവുക.
ഗോള്‍കീപ്പര്‍മാരില്‍ എമിലിയാനോ മാര്‍ട്ടിനസ് കളിച്ചേക്കും. നഹുവേല്‍ മൊളിന്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ക്രിസ്റ്റന്‍ റൊമേറോ തുടങ്ങിയവര്‍ പ്രതിരോധത്തിലുണ്ടാകും.
അലക്‌സ് മക് അലിസ്റ്റര്‍, ജിയോവാനി ലൊ സെല്‍സോ എന്നിവര്‍ മധ്യനിരയില്‍ ഉറപ്പായും ഇടംപിടിച്ചേക്കും. മുന്നേറ്റത്തില്‍ ലയണല്‍ മെസ്സിക്കൊപ്പം ഗര്‍നാച്ചോ, നിക്കോളാസ് പാസ്, ഗോണ്‍സാലസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയവരും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
content highlights: Messi included, Dybala out; Here is Argentina's provisional squad for the World Cup