

പ്രമേഹം ഉണ്ടാകുന്നതിന് മുന്‍പ് ശരീരം പല തരത്തിലുള്ള പ്രാരംഭ ലക്ഷണങ്ങളും കാണിക്കാറുണ്ട്. അതിലൊന്നാണ് ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍. പ്രമേഹരോഗികളുടെ ശരീരത്തിലെ ചുണങ്ങുകളും പാടുകളും എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുന്നത്? ചില ലക്ഷണങ്ങളൊക്കെ തിരച്ചറിയുന്നത് രോഗം തടയാനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവും ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് കാരണമാകുകയും രക്തയോട്ടം കുറയ്ക്കുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് ചര്‍മ്മത്തില്‍ തിണര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അണുബാധകള്‍ക്കെതിരെ പോരാടാനുമുള്ള കഴിവിനെ ബാധിക്കുന്നതിനാല്‍ ചര്‍മ്മത്തില്‍ ചുണങ്ങ് ഒരു പ്രാരംഭ ലക്ഷണമായി പ്രത്യക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹ രോഗികളുടെ ചര്‍മ്മത്തിലെ ചുണങ്ങ് വരണ്ടതും, ചൊറിച്ചിലോടുകൂടിയതും, ചുവന്ന പാടുകള്‍ അല്ലെങ്കില്‍ ചെറിയ തവിട്ട് നിറമുള്ള പാടുകളോടുകൂടിയും പ്രത്യക്ഷപ്പെടാം. ഇവ സാധാരണയായി കാലുകള്‍, കൈകള്‍ അല്ലെങ്കില്‍ കഴുത്തിലാണ് കാണപ്പെടുന്നത്. ചില ആളുകളില്‍ കഴുത്തിലോ കക്ഷങ്ങളിലോ കട്ടിയുള്ളതോ ഇരുണ്ടതോ ആയ ചര്‍മ്മം ശ്രദ്ധയില്‍പ്പെട്ടേക്കാം. ആദ്യകാല ലക്ഷണങ്ങള്‍ പലപ്പോഴും സൂക്ഷ്മമായിരിക്കും. സ്ഥിരമായ വരള്‍ച്ച, ചൊറിച്ചില്‍, അല്ലെങ്കില്‍ പതിവ് ക്രീമുകള്‍ ഉപയോഗിച്ചാലും മാറാതിരിക്കുക ഇവയൊക്കെ ആദ്യകാല സൂചനകളായിരിക്കാം.

പ്രമേഹ തിണര്‍പ്പ് കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുകയും ഇടയ്ക്കിടെ വീണ്ടും ഉണ്ടാവുകയും വരള്‍ച്ച, അണുബാധ, അല്ലെങ്കില്‍ മന്ദഗതിയിലുള്ള രോഗശാന്തി തുടങ്ങിയ മറ്റ് കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കാം.


പ്രമേഹമുള്ളവര്‍ക്ക് ഫംഗസ്, ബാക്ടീരിയ അണുബാധകള്‍, ഡയബറ്റിക് ഡെര്‍മോപ്പതി (ഇളം അല്ലെങ്കില്‍ ഇരുണ്ട പാടുകള്‍), അകാന്തോസിസ് നൈഗ്രിക്കന്‍സ് (ചര്‍മ്മത്തിന്റെ മടക്കുകള്‍ ഇരുണ്ടും കട്ടിയുള്ളതുമായിരിക്കുക.) എന്നിവയുള്‍പ്പെടെ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുമ്പോള്‍ ചര്‍മ്മത്തില്‍ വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാകുന്നത് സാധാരണമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശനങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights : Some skin spots can be a sign of diabetes. How to recognize skin spots caused by diabetes