'ബാഴ്‌സ നീണാള്‍ വാഴട്ടെ'; ലാലിഗ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി ഇതിഹാസ താരം

ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് മുന്‍ ബാഴ്‌സലോണ താരം കിരീട ജേതാക്കളെ അഭിനന്ദിച്ചത്

'ബാഴ്‌സ നീണാള്‍ വാഴട്ടെ'; ലാലിഗ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി ഇതിഹാസ താരം
dot image

റയല്‍ മഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ തങ്ങളുടെ 29-ാം സ്പാനിഷ് ലാലിഗ കിരീടം കരസ്ഥമാക്കിയത്. ലാലിഗയില്‍ കിരീടം നിലനിര്‍ത്തിയതാകട്ടെ ചിരവൈരികളായ റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ചാണ്. 36 കിരീടങ്ങള്‍ നേടിയ റയലിന്റെ ചരിത്രനേട്ടത്തിലേക്ക് ബാഴ്‌സലോണയ്ക്ക് ഇനി വേണ്ടത് ഏഴുകിരീടങ്ങള്‍ കൂടിയാണ്. 2023-24 സീസണിലാണ് റയല്‍ അവസാനമായി ലാലിഗ കിരീടം ചൂടിയത്.


മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഒരു കിടിലന്‍ ഫ്രീ കിക്കിലൂടെ മാര്‍ക്കസ് റാഷ്ഫോര്‍ഡ് റയലിന് ആദ്യ ആഘാതമേല്‍പ്പിച്ചു. 9-ാം മിനിറ്റിലായിരുന്നു ഇത്. 18-ാം മിനിറ്റില്‍ ഡാനി ഓള്‍മോയുടെ മികച്ച ഫ്ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മനോഹരമായി ഗോള്‍വലയില്‍ നിക്ഷേപിച്ചു.

അതേസമയം, ബാഴ്‌സലോണ ജേതാക്കളയതില്‍ അഭിനന്ദനവുമായി രംഗത്തെത്തിയത് മുന്‍ താരം ലയണല്‍ മെസ്സിയാണ്. 'ചാമ്പ്യന്‍സ്, ബാഴ്‌സ നീണാള്‍വാഴട്ടെ' എന്നാണ് മെസ്സി ഇന്‍സ്റ്റയില്‍ കുറിച്ചത്. മെസ്സിയുടെ സന്ദേശം വൈറലുമായി. ബാഴ്‌സലോണയ്‌ക്കൊപ്പം മെസ്സി പത്തുലാലിഗ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2004-05 സീസണിലായിരുന്നു ആദ്യം കപ്പ് നേടിയത്. 2018-19 സീസണിലാണ് മെസ്സി ഒടുവില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം കപ്പ് നേടിയത്.

Also Read:

ബാഴ്‌സലോണയ്‌ക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടങ്ങളും മെസ്സി നേടിയിട്ടുണ്ട്. 2004 മുതല്‍ 2021 ബാഴ്‌സലോണ ടീമിനൊപ്പം കളിച്ച മെസ്സി പിന്നീട് പിഎസ്ജിയിലേക്ക് കൂടുമാറിയിരുന്നു. 2023ല്‍ മെസ്സി അമേരിക്കന്‍ ലീഗിലേക്ക് മാറി. ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന മെസ്സി മികച്ച പ്രകടനമാണ് അവിടെയും കളിക്കുന്നത്. താരം ബാഴ്‌സലോണയിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചനകള്‍ നല്‍കിയിരുന്നു. മെസ്സി പഴയ തട്ടകത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

content highlights: 'Long live Barca'; Legendary star congratulates La Liga champions

dot image
To advertise here,contact us
dot image