Top

'പ്രകടനത്തിന് പിന്നില്‍ ചങ്ങനാശേരിയിലെ കുത്തിത്തിരിപ്പുകാര്‍'; ദോഷകരമായാല്‍ എവിടെ നിര്‍ത്തണം എന്നറിയാമെന്ന് വി ഡി സതീശന്‍

ഐഎന്‍ടിയുസിയുടെ ഏറ്റവും കൂടുതല്‍ യൂണിയനുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളാണ് താനെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

1 April 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രകടനത്തിന് പിന്നില്‍ ചങ്ങനാശേരിയിലെ കുത്തിത്തിരിപ്പുകാര്‍; ദോഷകരമായാല്‍ എവിടെ നിര്‍ത്തണം  എന്നറിയാമെന്ന് വി ഡി സതീശന്‍
X

കോട്ടയം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന ഒന്നല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവര്‍ക്കൊരു നിയന്ത്രണം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. താന്‍ ഒരിക്കലും ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞിട്ടില്ല. അതിന് കഴിയുകയുമില്ല. ഐഎന്‍ടിയുസിയുടെ ഏറ്റവും കൂടുതല്‍ യൂണിയനുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളാണ് താനെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരനുമായി സംസാരിച്ചതായും സതീശന്‍ പറഞ്ഞു. 'അക്രമ സംഭവങ്ങളോട് തങ്ങള്‍ക്കും യോജിപ്പില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടില്ലെന്നാണ് അവര്‍ അറിയിച്ചത്. നിലവില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ല.'

ഐഎന്‍ടിയുസി പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണ്. പ്രതിഷേധ പ്രകടനം പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിക്ക് ദോഷകരമായ രീതിയിലേക്ക് ഈ കുത്തിത്തിരിപ്പ് കടന്നാല്‍ അത് എവിടെ നിര്‍ത്തണം എന്ന് പാര്‍ട്ടിക്ക് അറിയാം. അത് അറിയാവുന്ന നേതൃത്വമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിലുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രകടനം നടത്തിയ നടപടി തെറ്റ്. ഐഎന്‍ടിയുസി യുടെ ജില്ലാ അധ്യക്ഷന്‍മാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തും. കോണ്‍ഗ്രസിനൊപ്പം ആണ് ഐഎന്‍ടിയുസി. ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തരുതെന്നു. എഐസിസിയുടെ സര്‍ക്കുലറില്‍ അടക്കം ഐഎന്‍ടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയം അല്ല ഇത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനയല്ലായെന്ന വിഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് തൊഴിലാളി പ്രതിഷേധം നടന്നത്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്, വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുണ്ടായത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്് പിപി തോമസ് പറഞ്ഞിരുന്നു.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഹര്‍ത്താലായെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പണിമുടക്കിന്റെ ഭാഗമായിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎന്‍ടിയുസി. അവരുമായി സംസാരിക്കും. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

STORY HIGHLIGHTS: we know where to stop if it is harmful VD Satheesan about intuc protest

Next Story