
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം വിശ്രമത്തിലാണ് ഇന്ത്യൻ താരവും നിലവിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ഔദ്യോഗിക തിരക്കുകള്‍ ഒഴിഞ്ഞുള്ള സമയം കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണിപ്പോള്‍ താരം. ഇതിനിടെ അമ്മയ്‌ക്കൊപ്പം വീട്ടിനുള്ളില്‍ ക്രിക്കറ്റ് കളിക്കുന്ന ശ്രേയസിന്‍റെ വീഡിയോ ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സാണ് അവരുടെ ഔദ്യോഗിക എക്‌സ് പേജിൽ വീഡിയോ പങ്കുവെച്ചത്. അമ്മയുടെ പന്തിൽ ബാറ്റുചെയ്യുന്ന ശ്രേയസ് അയ്യരെയാണ് വീഡിയോയിൽ കാണാനാവുക. വീട്ടിലെ ഇടനാഴിയിലാണ് ഇരുവരും ക്രിക്കറ്റ് കളിക്കുന്നത്. അമ്മ ശ്രേയസിനു പന്തെറിഞ്ഞു കൊടുക്കുന്നതാണ് വീഡിയോ. ഒരു പന്ത് ശ്രേയസിന് ബാറ്റില്‍ കൊള്ളിക്കാനാകാതെ പോയപ്പോള്‍ അമ്മ ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Only time SARPANCH won't mind getting bowled! 😂♥️ pic.twitter.com/jYUDd7DkD7
— Punjab Kings (@PunjabKingsIPL) June 30, 2025
ബൗള്‍ഡായതില്‍ ക്യാപ്റ്റന് പ്രശ്‌നമില്ലാത്ത ഒരേയൊരു സമയം എന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് വീഡിയോ പുറത്തുവിട്ടത്. ഇതിന് രസകരമായ കമന്‍റുകളുമായി ആരാധകരും രംഗത്തുണ്ട്. ശ്രേയസ് അയ്യര്‍ v/s അമ്മ, ലിവിങ് റൂമിലെ യഥാര്‍ഥ ലോകകപ്പ് ഫൈനല്‍ എന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് കിങ്‌സ് വിഡിയോ പങ്കിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ടെസ്റ്റ് കളിക്കാന്‍ അമ്മയെ ലഭിക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അമ്മ എറിഞ്ഞ രണ്ടാമത്തെ പന്ത് മികച്ചതായിരുന്നു മറ്റൊരാള്‍ കുറിച്ചു.
അതേസമയം നിലവില്‍ ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രേയസിന് ഇടം ലഭിച്ചിരുന്നില്ല. ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ ശ്രേയസുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്ക് എത്തിക്കാന്‍ ശ്രേയസിന് കഴിഞ്ഞിരുന്നു.
Content Highlights: Shreyas Iyer gets ‘clean bowled’ by his mother while playing cricket in living room, Video goes Viral