
നവി മുബൈ: നവജാത ശിശുവിനെ അനാഥാലയത്തിന് മുന്‍പില്‍ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ കണ്ടെത്തി. നവി മുബൈയില്‍ ഒരു അനാഥാലയത്തിന് മുന്നിലാണ് കുഞ്ഞിനെ പുതച്ച് കൊണ്ടു വെച്ചതിന് ശേഷം മാതാപിതാക്കള്‍ കടന്നു കളഞ്ഞത്. കുഞ്ഞിനെ കിടത്തിയ ബാസ്‌കറ്റില്‍ കുട്ടിക്കുള്ള ഭക്ഷണവും തുണിയുമെല്ലാം വെച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കുഞ്ഞിനെ ഉപേക്ഷിക്കുന്നതില്‍ തങ്ങളോട് ക്ഷമിക്കണമെന്നും ഇപ്പോള്‍ കുട്ടിയെ നോക്കാന്‍ പറ്റുന്ന മാനസികമോ സാമ്പത്തികമോ ആയ അവസ്ഥയല്ലായെന്നും കുറിപ്പിൽ പറയുന്നു. 'ഒരു നാള്‍ അവളെ തിരികെ കൊണ്ടു പോകാന്‍ ഞങ്ങള്‍ വരും അതുവരെ അവളെ സുരക്ഷിതമായി നോക്കണം' കുറിപ്പില്‍ പറയുന്നു. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതിയുടെയും അവരെത്തിയ കാറിൻ്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.
ഇരുവരും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ആരുമറിയാതെ വിവാഹം ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിര്‍പ്പുണ്ടാകുമെന്ന് കരുതി ഇവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു. 23 ഉം 24 ഉം വയസുള്ളവരാണ് മാതാപിതാക്കളെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരുടെയും കുടുംബത്തെ വിവരമറിയിച്ച ശേഷം കുട്ടിയെ തിരികെ നല്‍കാനാണ് പൊലീസ് തീരുമാനം. ഇതിനായി ഇരവരുടെയും കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Content Highlights- 'Forgive us, we'll take her back one day' note found with abandoned baby