തമിഴിൽ വീണെങ്കിലെന്താ, ആഗോള കളക്ഷനിൽ കത്തിക്കയറി ധനുഷിന്റെ 'കുബേര'; കളക്ഷൻ റിപ്പോർട്ട്

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്

dot image

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും ആഗോള ബോക്സ് ഓഫീസിൽ സിനിമ മികച്ച കളക്ഷൻ ആണ് നേടുന്നത്.

ആഗോള തലത്തിൽ ചിത്രം 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടിയിട്ടുണ്ട്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി കുബേര മാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടിൽ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ധനുഷിന്റെ സംവിധാനം ഈ വർഷം ഏറ്റില്ലെങ്കിലും നായകനായി നടൻ തകർത്തുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ധനുഷിന് പുറമേ നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്.

ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.

Content Highlights: Dhanush film Kubera collection report

dot image
To advertise here,contact us
dot image