
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധായകൻ ഷങ്കറിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് സിനിമയുടെ നിർമാതാവിൽ ഒരാളായ സിരീഷ്. ചിത്രം പരാജയപ്പെട്ടപ്പോൾ നായകനും സംവിധായകനും വിളിക്കുകയോ പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും സിരീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഗെയിം ചേഞ്ചർ എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ, സിനിമയിലെ നായകനും സംവിധായകനും സഹായിച്ചില്ല. അവർ ഞങ്ങളെ വിളിച്ചു വിശേഷം തിരക്കുക പോലും ചെയ്തില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല', സിരീഷ് പറഞ്ഞു. നിതിൻ നായകനാവുന്ന തമ്മുടു എന്ന ചിത്രം സിരീഷും ദിൽ രാജുവും ചേർന്നാണ് നിർമിക്കുന്നത്. ഈ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിരീഷ് ഗെയിം ചേഞ്ചറിന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞത്.
ഗെയിം ചെഞ്ചറിന് ശേഷമെത്തിയ വെങ്കടേഷ് ചിത്രം സക്രാന്തികി വസ്തുനാം ആണ് തങ്ങളെ നഷ്ടത്തിൽ നിന്നും രക്ഷിച്ചതെന്നും സിരീഷ് പറഞ്ഞു. 'ഗെയിം ചേഞ്ചർ കാരണം ഞങ്ങൾ എല്ലാം കഴിഞ്ഞു എന്ന് കരുതി. എന്നാൽ പിന്നാലെ റിലീസ് ചെയ്ത 'സക്രാന്തികി വസ്തുനാം' ഞങ്ങൾക്ക് പ്രതീക്ഷ നൽകി. അതും വിജയിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഊഹിച്ച് നോക്കൂ. ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടായി. 'സക്രാന്തികി വസ്തുനാം' വഴി ഞങ്ങൾ ഏകദേശം 60-70 ശതമാനം തിരിച്ചുപിടിച്ചു', സിരീഷ് പറഞ്ഞു.
നേരത്തെ ചിത്രത്തിന്റെ മറ്റൊരു നിർമാതാവായ ദിൽ രാജുവും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം തന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു എന്ന് ആയിരുന്നു ദിൽ രാജു പറഞ്ഞത്. ഗെയിം ചേഞ്ചറിൽ ഉണ്ടായ വീഴ്ചകളെ മനസിലാക്കി മുന്നോട്ട് പോകുമെന്നും ചിത്രം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഒരു കരാര്‍ ഉണ്ടാക്കാത്തത് തെറ്റായിപ്പോയി എന്നും ദിൽ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞു.
Content Highlights: Producer Shirish talks about Game Changer failure