
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഒരു രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ലെന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങളെന്നും പൃഥ്വിരാജ് പറഞ്ഞു.
സംഭവത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരും പ്രതികരണം അറിയിച്ചിരുന്നു. രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചു എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. 'നമ്മുടെ യഥാർത്ഥ ഹീറോകൾക്ക് സല്യൂട്ട്! രാജ്യം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ആർമി ഒപ്പമുണ്ടാകുമെന്ന് ഓപ്പറേഷൻ സിന്ദൂർ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങൾ രാഷ്ട്രത്തിന് അഭിമാനമാണ്, ജയ് ഹിന്ദ്!'. മമ്മൂട്ടി കുറിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ തന്റെ ഫേസ്ബുക്ക് കവർ ചിത്രമാക്കിക്കൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ആക്രമണം നടത്തിയ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.
Contnent Highlights: Actor Prithviraj reacts on Operation Sindoor