
ടൊവിനോയെ നായകനാക്കി ഒരുക്കിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ആളാണ് സംവിധായകൻ ജിതിൻ ലാൽ. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരു ഫാന്റസി അഡ്വെഞ്ചർ ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമ 100 കോടി കളക്ഷൻ നേടിയിരുന്നു. അടുത്തതായി നടൻ പൃഥ്വിരാജിനെ നായകനാക്കിയാണ് ജിതിൻ സിനിമയൊരുക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ സംബന്ധിച്ച അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
പൃഥ്വിരാജുമൊത്തുള്ള ചിത്രം ഇന്നലെ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായത്. അജയന്റെ രണ്ടാം മോഷണത്തിന്റെ തിരക്കഥാകൃത്തായ സുജിത് നമ്പ്യാരും ചിത്രത്തിലുണ്ട്. പൃഥ്വി ചിത്രത്തിനായി സുജിത് ആണ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സയൻസ് ഫിഷൻ ജോണറിൽ വമ്പൻ ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
2024 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൃതി ഷെട്ടി, ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമൻ, കബീർ ദുഹൻ സിംഗ്, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മാജിക് ഫ്രെയിംസും യുജിഎം എന്റർടൈൻമെന്റും ചേർന്നാണ് സിനിമ നിർമ്മിച്ചത്. 3D യിലും 2D യിലുമാണ് സിനിമ പുറത്തിറങ്ങിയത്. 30 കോടി ബഡ്ജറ്റിൽ ഇറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 106.75 കോടിയാണ് നേടിയത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദിബു നൈനാൻ തോമസ് എന്നിവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: Jithin Lal pic with Prithviraj creates speculations