'ചോക്ലേറ്റ് കാരണം പിന്നീട് സിനിമാ അഭിനയമേ വേണ്ടെന്ന് വെച്ചു'; ദുരനുഭവം പങ്കുവെച്ച് മനോജ് ഗിന്നസ്

"പിന്നീട് ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ഭക്ഷണം കഴിച്ചില്ല"

dot image

ചോക്ലേറ്റ് സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മിമിക്രി കലാകാരൻ മനോജ് ഗിന്നസ്. സിനിമയിൽ ചാക്യാർ കൂത്ത്കലാകാരന്റെ വേഷത്തിലാണ് താൻ എത്തിയതെന്നും എന്നാൽ ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഫുൾ കോസ്റ്റ്യൂമില്‍ നിൽക്കേണ്ടി വന്നെന്നും മനോജ് പറഞ്ഞു. ഷൂട്ട് വൈകിട്ടത്തേക്ക് മാറ്റിയത് തന്നോട് ആരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിനുവേണ്ടി ഒരായുഷ്കാലത്തെ കഷ്ടപ്പാടാണ് താൻ അനുഭവിച്ചതെന്ന് മനോജ് കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മനോജിന്റെ പ്രതികരണം.

'സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം ചോക്ലേറ്റ് സിനിമയാണ്. സിനിമയിൽ ചാക്യാർ കൂത്തുകാരനായി അഭിനയിച്ചിരിക്കുന്നത് ഞാനാണ്. സോഹൻ സീനു ലാൽ ആയിരുന്നു

അസ്സോസിയേറ്റ് ആണ്. പൃഥ്വിരാജ് സിനിമയിൽ ചാക്യാർകൂത്തുകാരനായി വരുമോ എന്ന് ചോദിച്ചു. ചാക്യാർകൂത്ത് അറിയില്ല ഓട്ടംതുള്ളൽ ആണ് ചെയ്യുക എന്ന് പറഞ്ഞപ്പോൾ നീ ചെയ്യും അതൊക്കെ മതി ഒരു മേക്കപ്പ് മാനേ കൂട്ടിവാ എന്നദ്ദേഹം പറഞ്ഞു. ഞാൻ നാട്ടിലെ ചാക്യാർ കൂത്തുകാരനെ കരിമുകുൾ എന്ന സ്ഥലത്ത് നിന്ന് എറണാകുളം ടൗൺ ഹാളിലേക്ക് വന്നു.

ജയസൂര്യ അനിയന്റെ സുഹൃത്തായത് കൊണ്ട് അവൻ വന്ന് സംസാരിച്ചു, രാവിലെ ആറ് മണിക്ക് ചാക്യാർ കൂത്ത് മേക്കപ്പ് ഇട്ടു. ഈ കോസ്റ്റ്യൂമിൽ ബാക്കിൽ കെട്ടുന്ന ഞൊറികൾ ഉള്ളത് കയർ ഇട്ട് കെട്ടണം. ചാര് കസേരയിൽ ആ കോസ്റ്റ്യൂമില്‍ നമുക്ക് ഇരിക്കാൻ പറ്റില്ല. ബാത്‌റൂമിൽ പോകാൻ പറ്റില്ല. രാവിലെ ഫസ്റ്റ് ഷോർട്ട് എന്‍റെ എടുക്കുകയാണ്. കോളേജ് പിള്ളേരും ജൂനിയർ ആർട്ടിസ്റ്റുകളും എല്ലാം ഉണ്ട്. ഫസ്റ്റ് ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ ക്ലോസ് എടുക്കാം എന്ന് പറഞ്ഞവർ പിന്നെ ഇതെല്ലം പതിയെ പാക്ക് ചെയ്യുകയാണ്. രാജു ചേട്ടന് തിരക്കുള്ളത് കാരണം ഈ ഷോട്ട് ബാക്കി വൈകീട്ടാണ് എടുക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ലൊക്കേഷനിൽ നിന്ന് വണ്ടികൾ എല്ലാം പോയി. വൈകിട്ടാണ് ഇനി ഷൂട്ട് എന്നോ ഈ മേക്കപ്പ് എല്ലാം അഴിച്ചോളാനോ എന്നോട് ആരും പറഞ്ഞില്ല. രാവിലെ 7 മണിതൊട്ട് 12 മണിവരെ നിന്നു.

ഭക്ഷണം കഴിക്കാനായപ്പോൾ ഞാൻ പ്ലേറ്റ് കൊണ്ട് പോയപ്പോൾ അപ്പുറത്ത് ജൂനിയർ ആർട്ടിസ്റ്റുകളും കോളേജ് പിള്ളേരുടെയും കൂടെ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞു. അവിടെ ബഹളം ആണ്. അങ്ങനെ ഞാൻ ഭക്ഷണം വേണ്ട എന്ന് പറഞ്ഞു പ്ലേറ്റ് ഇട്ടപ്പോൾ ഇത് മേക്കപ്പ് മാൻ കണ്ട് ഭക്ഷണം നൽകുന്ന ആളോട് തട്ടി കയറി. പിന്നീട് ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ഭക്ഷണം കഴിച്ചില്ല. പിന്നീട് ഞാൻ വേഷം അഴിച്ച് തിരിച്ച് റൂമിലേക്ക് പോയി. രാത്രി സോഹൻ വീണ്ടും എന്നെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. ഷൂട്ട് തുടങ്ങാം വരാൻ പറഞ്ഞപ്പോൾ ഇനി അങ്ങോട്ട് ഞാൻ വരില്ലെന്ന് പറഞ്ഞു.

നിങ്ങളുടെ സിനിമയ്ക്ക് ഇനി ഞാൻ വരില്ലെന്ന് തന്നെ പറഞ്ഞു. അവസാനം അവർ ഒരു ഷോട്ട് എടുത്ത് വെച്ചതല്ലേ പോയി വരാൻ എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ ചെന്നു. അപ്പോഴേക്ക് ചാക്യാർകൂത്ത് മേക്കപ്പ് ചെയ്യുന്ന പയ്യൻ പോയി. ലൈറ്റ് എല്ലാം സെറ്റ് ചെയ്ത് ഞാൻ വരുന്നതും നോക്കി എല്ലാവരും സെറ്റിൽ ഇരിയ്ക്കുകയായിരുന്നു. അവസാനം എല്ലാം ഞാൻ തന്നെ സ്വയം ചെയ്തു, എന്നിട്ട് ഓഡിയന്‍സ് ഒന്നും ഇല്ലാതെ ബാക്കി എടുത്തിട്ട് പോന്നു. ഇത്തരം അനുഭവങ്ങൾ എനിക്ക് സിനിമയിൽ നിന്ന് ഉണ്ടായിട്ടുണ്ട്, എന്റെ ഒത്തിരി സുഹൃത്തുക്കൾ സിനിമയിൽ ഉണ്ട്, സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ അവർ ആരും സിനിമയുടെ പൂജ പോലും പറയില്ല,' മനോജ് ഗിന്നസ് പറഞ്ഞു.

Content Highlights: Mimicry artist Manoj Guinness shares he faced bad experience on the sets movie Chocolate

dot image
To advertise here,contact us
dot image