
തൃശ്ശൂരിലെ അശ്വനി ജംങ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാണ്. കഴിഞ്ഞ ദിവസം ഗതാഗക്കുരുക്കില്‍ പെട്ടുകിടന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലായ രോഗിയുമായി പോവുകയായിരുന്ന മെഡി ഹബ് ഹെല്‍ത്ത് കെയര്‍ ആംബുലന്‍സും ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ആംബുലന്‍സിന്റെ യാത്ര സ്തംഭിച്ചു. ആംബുലന്‍സിന്റെ സൈറണ്‍ മുഴങ്ങുന്നതല്ലാതെ വണ്ടിക്ക് മുന്നോട്ട് പോകാനാവുന്നില്ല. ഉള്ളിലുള്ളത് വിലപ്പെട്ട ഒരു ജീവനാണ്.
അപ്പോഴാണ് അതുവഴി പോവുകയായിരുന്ന സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപര്‍ണ അങ്ങോട്ടെത്തിയത്. അപര്‍ണ ഒട്ടും മടിച്ചില്ല റോഡിലേക്കിറങ്ങി ആംബുലന്‍സിന്റെ മുന്നിലൂടെ ഓടി മറ്റ് വാഹനങ്ങള്‍ മാറ്റി ആംബുലന്‍സിന് വഴിയൊരുക്കി. ഏറെ പണിപ്പെട്ടാണ് അപര്‍ണ തന്റെ ദൗത്യം നിര്‍വ്വഹിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്‍ഫാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2002 ല്‍ കേരള പൊലീസിന്റെ ഭാഗമായ അപര്‍ണ ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 2009 ലാണ് സംഭവം നടക്കുന്നത്. ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഒരു യുവതിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ ആശുപത്രി അധികൃതരുടെ മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് യുവതിയുടെ വീട്ടുകാര്‍. ഇത് കണ്ടുനിന്ന അപര്‍ണ മൃതദേഹം വിട്ടുകിട്ടാനായി തന്റെ കയ്യില്‍ കിടന്ന മൂന്ന് സ്വര്‍ണവളകള്‍ ഊരി നല്‍കുകയായിരുന്നു. ആ സംഭവം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂറല്‍ വനിത പൊലീസ് സ്‌റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന കാലത്താണ് അപര്‍ണ പിന്നീട് വാര്‍ത്തകളില്‍ നിറയുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കുന്നതിനായി തന്റെ മുടി മുഴുവന്‍ മുറിച്ചുനല്‍കിയാണ് അന്ന് അപര്‍ണ മാതൃകയായത്.
അപര്‍ണയെ സംബന്ധിച്ചിടത്തോളം ഓരോ ജീവനും വിലപ്പെട്ടതാണ്. ജീവന്റെ വില അറിയുന്നവര്‍ക്കേ സ്വന്തം ജീവന്‍ പണയം വച്ചായാലും കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നിലകൊളളാന്‍ കഴിയൂ.
Content Highlights :We know about ASI Aparna who ran in front of an ambulance stuck in a traffic jam and made way for the vehicle