
യാത്ര സൗജന്യമാക്കുകയാണെങ്കില്‍ കൊച്ചിയിലും തിരുവനന്തപുരത്തും 40 ശതമാനം വനിതകള്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തി ബസുകളിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. സസ്‌റ്റൈനബിള്‍ മൊബിലിറ്റി നെറ്റ്വര്‍ക്ക് അസര്‍ സോഷ്യല്‍ ഇംപാക്ട് അഡൈ്വസേഴ്സുമായും ലീഡിംഗ് പര്‍പ്പസ് കാമ്പെയ്ന്‍സ് ഇന്ത്യയുമായും സഹകരിച്ച് നിക്കോര്‍ അസോസിയേറ്റ്സ് നടത്തിയ പുതിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും എന്ന പോലെ കേരളത്തിലും സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യമുയരുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.
ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് വാങ്ങാതെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ അത് തങ്ങളെ സാമ്പത്തികമായും സാമൂഹികമായും ബലപ്പെടുത്തുമെന്നും ഓട്ടോറിക്ഷകളും ഇതര സ്വകാര്യ വാഹനങ്ങളും ഉണ്ടാക്കുന്ന കാര്‍ബണ്‍ വികിരണവും അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയ്ക്കുമെന്നും ഈ വിഷയത്തില്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത കൊച്ചിയിലെയും തിരുവനന്തപുരത്തെയും നാല്‍പ്പത് ശതമാനത്തിലധികം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ സ്ത്രീകള്‍ ബസുകളില്‍ യാത്ര ചെയ്യുകയും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നത് ഗുണകരമായ മാറ്റം സംസ്ഥാനത്താകെ സൃഷ്ടിക്കുമെന്ന് അവര്‍ പറഞ്ഞു.
നഗര ഗതാഗതം സ്ത്രീ സൗഹൃദവും സുരക്ഷിതവുമാക്കാന്‍ സൗജന്യ ബസ് യാത്ര അനിവാര്യമാണെന്ന് പഠനവുമായി ബന്ധപ്പെട്ട സര്‍വേയോട് പ്രതികരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. തുച്ഛ ശമ്പളത്തില്‍ ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം അത് നല്‍കും. തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും നേടാന്‍ കൂടുതല്‍ സ്ത്രീകളെ അത് പ്രചോദിപ്പിക്കുകയും ചെയ്യും. പൊതുയാത്രാ സംവിധാനം ശക്തിപ്പെട്ടാല്‍ നഗരങ്ങളിലെ വാഹനത്തിരക്ക് കുറയുകയും അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവ് ഉണ്ടാകുകയും ചെയ്യും.
കൊച്ചിയില്‍ 40.5% വനിതകളും തിരുവനന്തപുരം നഗരത്തില്‍ 38.5% പേരും ഗതാഗതം സൗജന്യമാക്കുകയാണെങ്കില്‍ ബസുകളിലേക്ക് മാറുമെന്ന് വ്യക്തമാക്കിയതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ടിക്കറ്റ് സൗജന്യം ഇല്ലാതെ തന്നെ കൊച്ചിയിലെ വലിയൊരു പങ്ക് സ്ത്രീകള്‍ ആഴ്ചയില്‍ അഞ്ചു മുതല്‍ ആറു ദിവസം വരെ ബസുകളില്‍ യാത്ര നടത്തുന്നതായും പഠനം കണ്ടെത്തുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ പോലെ സ്ത്രീകള്‍ക്ക് സുരക്ഷിത ബോധം നല്‍കുന്ന മറ്റൊന്നും ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടി.
സൗജന്യ ബസ് യാത്രാവ്യവസ്ഥകള്‍ സാമ്പത്തികമായി ആസൂത്രിതമല്ലെന്ന ധാരണയും പഠനം ചോദ്യം ചെയ്യുന്നു. സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന പൊതുധാരണിയെ മറികടന്ന്, ഇത്തരം പദ്ധതികള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂട്ടിയെന്നതും, പൊതുഗതാഗതം ശക്തിപ്പെടുത്തിയെന്നതും, വിദ്യാഭ്യാസ-ആരോഗ്യ ഇടപെടലുകള്‍ സുഗമമാക്കിയെന്നതും തെളിയിക്കുന്നു. കേരളം മാനവ വികസന സൂചികകളില്‍ ഉയര്‍ന്ന നിലയില്‍ നിലകൊള്ളുമ്പോള്‍, ലിംഗസമത്വപരമായ ഗതാഗതം മുന്നോട്ടുവയ്ക്കുന്നത് അതിന്റെ സാമൂഹ്യനീതി പദ്ധതികള്‍ക്ക് പുതിയ തുടര്‍ച്ചയുണ്ടാക്കുമെന്ന് പഠനം പറയുന്നു. യാത്ര സൗജന്യമാക്കുകയാണെങ്കില്‍ കൊച്ചിയിലും തിരുവനന്തപുരത്തും 40 ശതമാനം വനിതകള്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തി ബസുകളിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്.
Content Highlights: 40 percent of women will switch to buses if travel is made free Report