
കന്നഡ ചിത്രം 'സു ഫ്രം സോ' കേരളത്തിൽ ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുകയാണ്. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ വാരത്തിൽ നിന്ന് രണ്ടാം വാരത്തിലേക്കു എത്തുമ്പോൾ 75 ൽ നിന്ന് 150 ഓളം സ്ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചിരുന്നു. ഇപ്പോഴിതാ 225 സ്ക്രീനുകൾ കടന്നിരിക്കുകയാണ് ചിത്രം.
സു ഫ്രം സോ എന്ന ചിത്രം കേരള ബോക്സ് ഓഫീസിൽ ഒറ്റ ദിവസം 1 കോടിയിലധികം കളക്ഷൻ നേടി. കെ ജി എഫ്, കാന്താര തുടങ്ങിയ സിനിമകൾക്ക് ശേഷം കേരളത്തിൽ 1 കോടിയിലധികം കളക്ഷൻ നേടുന്ന മൂന്നാമത്തെ കന്നഡ ചിത്രമാണ് സു ഫ്രം സോ. 10 ദിവസത്തെ ഓട്ടത്തിന് ശേഷം 5.75 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് സിനിമ ഉണ്ടാക്കിയത്. ഓരോ ദിനവും ഷോകൾ വർധിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫൺ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. ഏറെ നാളിനു ശേഷമാണു ഇത്രയും ചിരിപ്പിക്കുന്ന ഒരു സിനിമ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും പറയുന്നത്.
കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിക്കുന്നത്.
കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: After KGF and Kanthara, a small Kannada film has created a buzz in Kerala