'കുഞ്ഞുങ്ങളെ ഓർത്ത് ജീവിക്കൂ' എന്നത് വൃത്തികെട്ട പറച്ചിൽ

ഡിവോഴ്‌സ് കൂടുന്നത് പോസിറ്റീവ് ആയ കാര്യം, കല്യാണം ഒന്നിന്റെയും തുടക്കമോ, അവസാനമോ അല്ല

അതുല്യ മുരളി
1 min read|01 Aug 2025, 05:50 pm
dot image

കേരളത്തിൽ സ്ത്രീധനത്തിന്‍റെ പേരിൽ, മറ്റെന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്നതോ, കൊല്ലപ്പെടുന്നതോ ആയ പെൺകുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഓരോ മരണം കഴിയുമ്പോളും ഇത് അവസാനത്തേതാണ് എന്ന് നമ്മൾ ആശ്വസിക്കും, എന്നാലത് അടുത്ത പെൺകുട്ടിയുടെ മരണം വരെ മാത്രം. ഉത്ര, വിസ്മയ, അതുല്യ... നീളുന്ന ലിസ്റ്റിൽ പെൺകുട്ടികളുടെ പേര് മാത്രമാണ് മാറുന്നത്, അനുഭവങ്ങളും പീഡനങ്ങളും ഒന്ന് തന്നെ, ഒരേ ഒരു കാരണം സ്ത്രീധനം. ഡിവോഴ്സിനെ കൊടിയ പാപമായി കാണുന്ന കേരളത്തിലെ, ഡിവോഴ്സുകളെപ്പറ്റിയും, സ്ത്രീകൾ ഭർതൃ വീടുകളിൽ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റിയും അഡ്വ. ഷൈല റാണി സംസാരിക്കുന്നു.

തുടർച്ചയായി ഉണ്ടാകുന്ന ഗാർഹിക-സത്രീധന-സ്ത്രീപീഡന മരണങ്ങൾ വിരൽ ചൂണ്ടുന്നത് സമൂഹമെന്ന നിലയിൽ കേരളത്തിന്റെ പുരോഗതിയുടെ തകർച്ചയിലേക്കല്ലേ?

കേരളത്തിൽ ഓരോ പെൺകുട്ടികളുടെ മരണം സംഭവിക്കുമ്പോളും നമ്മൾ ഇത്തരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന് ഒരു മാറ്റം വരണം എന്നുണ്ടെങ്കിൽ തീർച്ചയായും സമൂഹത്തിലെ ഓരോ വ്യക്തികളും കൃത്യമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. സമൂഹം സ്ത്രീധനം എന്ന ആശയത്തിന് അവസാനം കാണാത്തിടത്തോളം നമ്മളെല്ലാവരും വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. 1961ൽ നിലവിൽ വന്നതാണ് സ്ത്രീധന നിരോധന നിയമം, ഇപ്പോൾ 2025ൽ എത്തി നിൽക്കുമ്പോളും ഇതേ നിയമം തന്നെ ഉപയോഗിച്ച് സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് നാണക്കേടാണ്. പണ്ട് സതി നിലനിന്നിരുന്നു എന്ന് പറയുന്നത് പോലെ, പണ്ട് സ്ത്രീധനം നിലനിന്നിരുന്നു എന്ന് പറയേണ്ട കാലത്താണ്, ഇപ്പോഴും നമ്മൾ സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ സമൂഹത്തിൽ ഡിവോഴ്‌സിന് ഒരു പോസിറ്റീവ് മാനം ലഭിക്കാത്തത് എന്തുകൊണ്ട്?

കേരളത്തിലെ ആളുകൾ ഭാര്യ-ഭർതൃ ബന്ധത്തെ പവിത്രമായ എന്തോ കാര്യമാണെന്ന് ധരിച്ചിരിക്കുകയാണ്. എന്നാൽ ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത പങ്കാളിക്കൊപ്പം ജീവിക്കുക എന്നതിനെക്കാൾ വലിയ ദുരിതം ഇല്ല എന്ന കാര്യം ഇവർ മനസിലാക്കുന്നില്ല. ഡിവോഴ്‌സിനെക്കാൾ എത്രയോ വലിയ ദുരന്തമാണ് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരാളുമായുള്ള ജീവിതം. ഒത്തുപോകാൻ കഴിയുന്നില്ല എന്ന് തോന്നിയാൽ അപ്പോൾ ഇറങ്ങി വരിക. ആത്മഹത്യയെക്കാൾ എത്രയോ ഭേദമാണ് ഡിവോഴ്‌സ് എന്ന് മനസിലാക്കുക.

Also Read:

സ്ത്രീധനത്തെയും ജോലിയെയും ഒരു ത്രാസിൽ തൂക്കുന്ന പുരുഷ സമൂഹത്തോട് എന്താണ് പറയാനുള്ളത്?

വിവരക്കേട് എന്നതിനപ്പുറം അതിന് ഒരു നിർവ്വചനമില്ല. സ്ത്രീധനത്തെയും, ജോലിയെയും ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയാത്ത രണ്ട് അറ്റത്ത് നിൽക്കുന്ന കാര്യങ്ങളാണ്. സ്ത്രീധനം എന്നത് ഇന്നും നിലനിൽക്കുന്ന ഒരു നിയമലംഘനമാണ്. സ്ത്രീകൾ ഭർത്താക്കന്മാരെ പണം കൊടുത്ത് വാങ്ങുന്നതിനെയാണ് സ്ത്രീധനം വാക്ക് അർത്ഥമാക്കുന്നത്. എന്നാൽ ജോലി എന്നത് ഓരോ വ്യക്തികൾക്കും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പെൺകുട്ടികൾ പലപ്പോഴും ജോലി നോക്കി വിവാഹം ചെയ്യുന്നത്, അവർക്ക് സ്വന്തം കാര്യങ്ങൾ നോക്കാം, പക്ഷെ ഭർത്താവിന്റെ കാര്യങ്ങൾക്കുള്ള പണം അയാൾ സ്വയം കണ്ടെത്തണം എന്ന അർത്ഥത്തിലാണ്.

ദാമ്പത്യത്തിലെ മൂന്നാമതൊരാളുടെ ഇടപെടൽ ബന്ധത്തെ മോശമാക്കുമോ?

മൂന്നാമതൊരാളുടെ ഇടപെടൽ മൂലം ഇല്ലാതാവുന്ന ദാമ്പത്യ ബന്ധങ്ങൾ ധാരാളമാണ്. അമ്മായിയമ്മ, നാത്തൂൻ, സുഹൃത്തുക്കൾ തുടങ്ങി പല ആളുകളും ഇത്തരത്തിൽ ഒരു ബന്ധത്തിൽ ഇടപെടുന്നത് മോശം രീതിയിൽ ബാധിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ നല്ല ഉദ്ദേശത്തോടെ ദാമ്പത്യത്തിൽ ഇടപെടുന്ന മൂന്നാമത്തെ ആളുകളും ഉണ്ടാകും, എങ്കിലും പലപ്പോഴും ഇത്തരത്തിൽ മൂന്നാമത്തെ ആളുടെ ഇടപെടൽ മൂലം ഡിവോഴ്‌സ് വരെ എത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ആത്മഹത്യകളും മരണങ്ങളും വർധിച്ച് വരുമ്പോളും നമ്മുടെ നാട്ടിലെ രക്ഷിതാക്കൾ പെൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാവാം?

നമുക്ക് ഇത് സംഭവിക്കില്ല എന്ന തോന്നലാണ് ഒന്നാമത്തെ കാരണം. മറ്റൊരാളുടെ ജീവിതം കാണുമ്പോൾ അതിൽ അഭിപ്രായം പറയാനും നിലപാടെടുക്കാനും കാണിക്കുന്ന ഉത്തരവാദിത്വം പലപ്പോഴും സ്വന്തം കാര്യത്തിൽ പലരും കാണിക്കാറില്ല. സ്ത്രീധനം കൊടുക്കുന്നത് നിർത്തുകയും, അതിലൂടെ ആഡംബരം കാണിക്കുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ സ്വർണവും പണവും നൽകിയുള്ള ആഡംബരം കാണിക്കലാണ് നാളെ ആ പെൺകുട്ടിയുടെ ജീവിതം തകർക്കാൻ പോകുന്നത്. മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് അവനവന്റെ കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണം.

Also Read:

സ്ത്രീധനം എന്ന നിയമലംഘനം എങ്ങനെ ഇത്ര നിസാരമായി സമൂഹത്തിൽ നടക്കുന്നു?

അഹങ്കാരവും, ആഡംബരവുമാണ് സ്ത്രീധനത്തിന് പിന്നിലെ പ്രധാന കാരണം. ആഡംബരത്തിന് വേണ്ടിയാണ് എന്റെ മകൾക്ക് ഞാൻ ഇത്ര പവൻ കൊടുത്തു എന്ന് കാണിക്കുന്നതും. കല്യാണം കഴിക്കാൻ പോകുന്ന ഒരു പെൺകുട്ടി മാത്രം വിചാരിച്ചാൽ പോലും ഒരു പരിധി വരെ ഇതിനെ മറികടക്കാനാവും. ഞാൻ എന്റെ വിവാഹത്തിന് സ്വർണം ധരിക്കുന്നില്ലെന്നും, പണം വാങ്ങുന്നില്ലെന്നും ഓരോ പെൺകുട്ടിയും വിചാരിച്ചാൽ തീരാവുന്ന പ്രശ്‌നം കൂടിയാണിത്. മക്കൾക്ക് പണം കൊടുക്കണമെങ്കിൽ ആവാം പക്ഷെ അത് സ്ത്രീധനമായി തന്നെ നൽകണമെന്ന് നിർബന്ധമില്ലല്ലോ. വിവാഹത്തിന് ശേഷം പിന്നീട്, പെൺകുട്ടിക്ക് ഒരാവശ്യം വരുമ്പോൾ ഈ പണം നൽകാമല്ലോ. അല്ലെങ്കിൽ അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പിന്തുണ നൽകാനെങ്കിലും ഈ പണം നൽകാം.

സ്ത്രീധനം കൂടാതെ വിവാഹം കഴിച്ചെത്തുന്ന വീട്ടിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടാൻ പിന്നെയും പല പല കാരണങ്ങൾ ബാക്കിയാണ്, അതിനെ എങ്ങനെ നോക്കിക്കാണുന്നു?

പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പേടിയാണ് എന്നത് തന്നെ വളരെ ഗൗരവകരമായി കാണേണ്ട വസ്തുതയാണ്. ഈ ഭയം മാറ്റിയെടുക്കുക എന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പെൺകുട്ടികൾക്ക് വിവാഹത്തോടുള്ള പേടിക്ക് കാരണം ഈ സമൂഹത്തിന്റെ കുറ്റമാണ്. മറ്റൊരു വീട്ടിൽ നിന്ന് വരുന്ന പെൺകുട്ടിയെക്കുറിച്ച് ഭർത്താവിന്റെ വീട്ടുകാർ യാതൊരു ആവശ്യവുമില്ലാതെ പ്രതീക്ഷകൾ വയ്ക്കും. എന്നാൽ വേറൊരു സാഹചര്യവുമായി പൊരുത്തപ്പെട്ട് വളർന്ന പെൺകുട്ടി അവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവിക്കുന്ന ആൾ ആയിരിക്കില്ല. ഇതാണ് പല വീടുകളിലും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. സീരിയലുകളിൽ കാണുന്നത് പോലെ പെൺകുട്ടികൾ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. വിവരവും ബോധവുമില്ലാത്ത സമൂഹത്തോട് എന്ത് പറയാനാണ്.

Content Highlight; Interview with Shaila Rani on the Rising Dowry Cases in Kerala

dot image
To advertise here,contact us
dot image