ഒമാനുമായുള്ള കരാര്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടല്ല: അബ്ബാസ് അരഗ്ചി

നാളെ ഒമാനില്‍ നടക്കാനിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ യോഗത്തില്‍ വെച്ച് പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് കരാറിന്റെ വിവരങ്ങളും പുതിയ റൂട്ടുമായി ബന്ധപ്പെട്ട മാപ്പുകളും നല്‍കുമെന്നും അബ്ബാസ് അരഗ്ചി

ഒമാനുമായുള്ള കരാര്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടല്ല: അബ്ബാസ് അരഗ്ചി
dot image

ഒമാനുമായുള്ള കരാര്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. നാളെ ഒമാനില്‍ നടക്കാനിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ യോഗത്തില്‍ വെച്ച് പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് കരാറിന്റെ വിവരങ്ങളും പുതിയ റൂട്ടുമായി ബന്ധപ്പെട്ട മാപ്പുകളും നല്‍കുമെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു.

എന്നാല്‍ ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു കരാറല്ല അതെന്ന് അരഗ്ചി ഉറപ്പിച്ച് പറയുന്നു. ജൂണില്‍ ഇസ്‌ലാമാബാദില്‍ വെച്ച് ഒപ്പ് വെച്ച 60 ദിവസത്തെ മെമ്മോറണ്ടത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുമെന്നാണ് ഇറാന്റെ പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പാലിക്കേണ്ട ഉത്തരവാദിത്തം മേഖലയിലെ രാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ചേര്‍ന്ന് ഒരു കരാറിലെത്തിയെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞിരുന്നു. ഹോര്‍മുസിലേക്കും പുറത്തേക്കുമായുള്ള പുതിയ പാതകളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരാര്‍ ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയല്ലെന്നും അതിനുള്ള അടിത്തറ പാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിക്കുന്നില്ല. ദക്ഷിണ ഇറാന്‍ തീരത്ത് ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഖ്വേഷം പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരാണ് ആക്രമണത്തിന് പിന്നിലെന്നും കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഖ്വേഷം ഗവര്‍ണര്‍ അമിര്‍ തെയ്മോരി പറഞ്ഞു.

'ഒരു വാണിജ്യ കപ്പല്‍ ഇന്ന് ആക്രമിക്കപ്പെട്ടു. ഏകദേശം പുലര്‍ച്ചെ അഞ്ച് മണിയോയെയായിരുന്നു ആക്രമണം, ഹെംഗാം ദ്വീപിലേക്കുള്ള പ്രധാന കവാടമായ ഷിബ് ഡേറാസ് തീരത്ത് വച്ചാണ് ആക്രമണമുണ്ടായതെന്നും' തെയ്മോരി വിശദീകരിച്ചു. ഹോര്‍മൂസ് കടലിടുക്കിലെ ഏറ്റവും വലിയ ദ്വീപായ ഖ്വേഷമില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയും വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Iran’s Foreign Minister Abbas Araghchi has clarified that the agreement with Oman is not connected to the reopening of the Strait of Hormuz

dot image
To advertise here,contact us
dot image