

തെഹ്‌റാന്‍: ദക്ഷിണ ഇറാന്‍ തീരത്ത് ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഖ്വേഷം പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഹെംഗാം ദ്വീപിന് സമീപം, ഖ്വേഷം ദ്വീപിന്റെ ഷിബ് ഡേറാസ് തീരത്ത് വച്ച് കപ്പല്‍ ആക്രമിക്കപ്പെട്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്നും കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഖ്വേഷം ഗവര്‍ണര്‍ അമിര്‍ തെയ്‌മോരി പറഞ്ഞു.
'ഒരു വാണിജ്യ കപ്പല്‍ ഇന്ന് ആക്രമിക്കപ്പെട്ടു. ഏകദേശം പുലര്‍ച്ചെ അഞ്ച് മണിയോയെയായിരുന്നു ആക്രമണം, ഹെംഗാം ദ്വീപിലേക്കുള്ള പ്രധാന കവാടമായ ഷിബ് ഡേറാസ് തീരത്ത് വച്ചാണ് ആക്രമണമുണ്ടായതെന്നും' തെയ്‌മോരി വിശദീകരിച്ചു. ഹോര്‍മൂസ് കടലിടുക്കിലെ ഏറ്റവും വലിയ ദ്വീപായ ഖ്വേഷമില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയും വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോയ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഓഫീസ് (യുകെഎംടിഒ) അറിയിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് കടലിടുക്കിന് സമീപം മറ്റൊരു ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിയന്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന എല്ലാ കപ്പലുകള്‍ക്കും യുകെഎംടിഒ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള യാത്ര അതീവ അപകടകരമെന്നാണ് യുകെഎംടിഒ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ഈ ആക്രമണ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഹോര്‍മൂസ് കടലിടുക്കിന്മേലുള്ള നിയന്ത്രണവകാശം ചൂണ്ടിക്കാട്ടിയും സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയും ഇതിലൂടെ കടന്നുപോകേണ്ട കപ്പലുകള്‍ അനുമതി വാങ്ങണമെന്നതാണ് ഇറാന്റെ അറിയിപ്പ്.
Content Highlights: An Iranian ship targeted near the Strait of Hormuz, resulting in one person losing their life. The incident occurred in waters near the strategic maritime passage.