എംജിയിൽ ചട്ടംലംഘിച്ച് സംഘപരിവാർ നേതാവിന് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം; വിസിയുടെ താത്പര്യമെന്ന് വിമര്‍ശനം

'സംഘപരിവാര്‍ സംഘടനാ നേതാവുകൂടിയായിരുന്ന വിസിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് സംഘപരിവാര്‍ കൈക്കലില്‍ ആക്കുക എന്നതാണ് അവരുടെ ലക്ഷ്യം'

എംജിയിൽ ചട്ടംലംഘിച്ച് സംഘപരിവാർ നേതാവിന് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം; വിസിയുടെ താത്പര്യമെന്ന് വിമര്‍ശനം
dot image

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സംഘപരിവാര്‍ അധ്യാപക സംഘടനാ നേതാവിന് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയതായി പരാതി. ബിജെപി സംഘടനാ നേതാവായ ഡോ. രാജു ഫ്രാന്‍സിസിന് ചടങ്ങള്‍ ലംഘിച്ച് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ വകുപ്പ് മേധാവിയായി യുഡിഎഫ് സിൻഡിക്കേറ്റ് നിയമനം നല്‍കിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നാല് മാസം മുന്‍പായിരുന്നു സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡോ. എസ് അനസ് വരുന്നത്. മൂന്ന് വര്‍ഷം കാലാവധി ഉണ്ടെന്നിരിക്കെ യാതൊരു അറിയിപ്പുമില്ലാതെ അനസിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നുവെന്ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. നിയമന നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

സാധാരണ നിലയില്‍ യൂണിവേഴ്‌സിറ്റികളില്‍ സീനിയോരിറ്റി അനുസരിച്ചാണ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനം. അക്കാദമിക് കാരണങ്ങള്‍കൊണ്ടോ മറ്റോ ഒരാള്‍ക്ക് വേണമെങ്കില്‍ സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് എഴുതി നല്‍കാം. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയോരിറ്റിയില്‍ മുന്‍പന്തിയിലുള്ള അടുത്തയാള്‍ക്ക് നിയമനം നല്‍കാം. മുന്‍പ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചപ്പോള്‍ താത്പര്യമില്ലെന്ന് എഴുതി നല്‍കിയ ആളാണ് ഡോ. രാജു ഫ്രാന്‍സിസെന്ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി പി നൗഷാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതനുസരിച്ച് പത്ത് വര്‍ഷം കഴിഞ്ഞ് അടുത്ത ടേമില്‍ മാത്രമേ രാജു ഫ്രാന്‍സിസിന് അവസരം ലഭിക്കുകയുള്ളൂ. ഇത് മുന്നില്‍ കണ്ട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജു ഫ്രാന്‍സിസിന് നിയമനം നല്‍കുകയായിരുന്നു. ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് വരാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് രാജു ഫ്രാന്‍സിസ് വൈസ് ചാന്‍സലര്‍ ഡി മാവൂത്തിന് കത്ത് നല്‍കിയിരുന്നു. വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റിന് പ്രൊപ്പോസല്‍ നല്‍കി. ഇത് അംഗീകരിച്ചാണ് യുഡിഎഫ് സിന്‍ഡിക്കേറ്റ് രാജു ഫ്രാന്‍സിസിന് നിയമനം നല്‍കിയതെന്നും നൗഷാദ് ചൂണ്ടിക്കാട്ടി.

രാജു ഫ്രാൻസിസിന് നിയമനം നൽകികൊണ്ട് പുറത്തിറക്കിയ ഉത്തരവ്

ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ മേഖലയിലും മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈരളി റിസര്‍ച്ച് അവാര്‍ഡ് നേടിയിട്ടുള്ള ആളാണ് ഡോ. എസ് അനസ്. അദ്ദേഹത്തെ അപമാനിക്കുന്ന നിലയിലാണ് ഇപ്പോഴത്തെ നിയമന തീരുമാനം. സെപ്റ്റംബര്‍ എട്ടിന് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് സെപ്റ്റംബര്‍ പത്തിന് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായത്. ഉത്തരവ് ഇറങ്ങിയപ്പോള്‍ മാത്രമങ്ങാണ് ഡോ. അനസ് അടക്കം വിവരം അറിയുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് തിരിച്ചുവന്നപ്പോള്‍ രാജു ഫ്രാന്‍സിസിന് തന്റെ സീറ്റില്‍ ഇരിക്കുന്നതാണ് ഡോ. അനസ് കാണുന്നത്. ചാര്‍ജ് കൈമാറ്റം പോലും നടന്നിട്ടില്ല. സംഘപരിവാര്‍ സംഘടനാ നേതാവുകൂടിയായിരുന്ന വിസിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് സംഘപരിവാര്‍ കൈക്കലില്‍ ആക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും നൗഷാദ് പറഞ്ഞു.

ഏറ്റവും കുറഞ്ഞ റിസര്‍ച്ച് ഔട്ട്പുട്ടുള്ള ആളാണ് ഡോ. രാജു ഫ്രാന്‍സിസ്. ആകെയുള്ളത് ഒരു പിഎച്ച്ഡി മാത്രമാണ്. രാജു ഫ്രാന്‍സിസിന് എതിരെ ഒരുപാട് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലരും പിഎച്ച്ഡി ഉപേക്ഷിച്ചുപോയ സാഹചര്യമുണ്ടായിട്ടുണ്ട്. നൊട്ടോറിയസ് ഹിസ്റ്ററിയുള്ള ആളാണ് രാജു ഫ്രാന്‍സിസ്. അങ്ങനെ ഒരാള്‍ സര്‍വകലാശാലയിലെ തന്നെ ഏറ്റവും മികച്ച ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഒന്നായ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിൽ വകുപ്പ് മേധാവിയായി എത്തുന്നതില്‍ ആശങ്കയുണ്ട്. വകുപ്പിന്റെ ഭാവി അവതാളത്തിലാകുമെന്നും മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Content Highlights- MG University has faced criticism over the alleged appointment of a Sangh Parivar leader to a director position in violation of rules

dot image
To advertise here,contact us
dot image