

യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ റഷ്യ ഇന്ത്യയിൽ നിന്ന് റെക്കോർഡ് അളവിൽ ഇന്ധനം ഇറക്കുമതി ചെയ്തു. ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യുക്രെയ്ൻ നിരന്തരമായി നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ കാരണം റഷ്യയിലെ എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ഇന്ധന ഉത്പാദനം വലിയ തോതിൽ കുറയുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്നുണ്ടായ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കാനാണ് റഷ്യ ഇന്ത്യയെ പ്രധാന ആശ്രയമാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം റഷ്യ ഏകദേശം 1,72,000 ടൺ എണ്ണ ഉൽപ്പന്നങ്ങളാണ് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതിൽ എഴുപത് ശതമാനവും നൽകിയത് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്ന് റഷ്യ വാങ്ങിയ എഴുപത്തിയെട്ട് ദശലക്ഷം യൂറോ വിലവരുന്ന 1,20,000 ടൺ പെട്രോളും ഇതിൽ ഉൾപ്പെടുന്നു. മുൻകാല റെക്കോർഡുകളേക്കാൾ ഏഴിരട്ടിയിലധികം ഇന്ധനമാണ് ഈ ഒരൊറ്റ മാസം കൊണ്ട് റഷ്യ ഇന്ത്യയിൽ നിന്ന് മാത്രം വാങ്ങിക്കൂട്ടിയത്.
ഇന്ത്യയിലെ ഗുജറാത്തിലുള്ള വാഡിനാർ എണ്ണശുദ്ധീകരണശാലയിൽ നിന്നാണ് റഷ്യയിലേക്കുള്ള ഇന്ധനം പ്രധാനമായും കയറ്റി അയച്ചത്. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് ഭാഗികമായി ഓഹരി പങ്കാളിത്തമുള്ള നയാര എനർജിയാണ് ഈ ശുദ്ധീകരണശാല നടത്തുന്നത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ തന്നെയാണ് ഇവിടെ ഇന്ധനമാക്കി മാറ്റുന്നത്. അതായത് സ്വന്തം രാജ്യത്തെ അസംസ്കൃത എണ്ണ തദ്ദേശീയമായി ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ റഷ്യ അത് ഇന്ത്യയിലേക്ക് അയച്ച് ഇന്ധനമാക്കിയ ശേഷം വീണ്ടും തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ അതീവ രഹസ്യമായാണ് ഈ എണ്ണക്കടത്ത് നടക്കുന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഇന്ധനക്കപ്പലുകൾ ഈജിപ്തിന് സമീപമുള്ള കടലിൽ വെച്ച് മറ്റൊരു കപ്പലിലേക്ക് മാറ്റിയാണ് റഷ്യയുടെ ആർട്ടിക് തുറമുഖങ്ങളിൽ എത്തിക്കുന്നത്. ഉപരോധം മറികടക്കാൻ വ്യാജ രേഖകളും വ്യാജ പതാകകളും ഉപയോഗിക്കുന്ന കപ്പലുകളാണ് ഇതിനായി അധികവും ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുക്രെയ്ൻ ആക്രമണം കടുപ്പിച്ചതോടെ റഷ്യയുടെ സ്വന്തം എണ്ണ കയറ്റുമതിയിൽ ഇരുപത്തിയൊന്ന് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. റഷ്യയുടെ പ്രധാന തുറമുഖങ്ങളായ തുവ്പ്സെ, നൊവൊറൊസിസ്ക് തുടങ്ങിയവയിലൂടെയുള്ള എണ്ണ നീക്കം പൂർണ്ണമായും അല്ലെങ്കിൽ ഭാഗികമായി നിലച്ച മട്ടാണ്. ഈ പ്രതിസന്ധികൾക്കിടയിലും ചൈന കഴിഞ്ഞാൽ റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായി ഇന്ത്യ ഇപ്പോഴും തുടരുകയാണ്.
Content Highlights:Facing severe oil refinery disruptions from Ukrainian drone strikes, Russia has imported record amounts of fuel from India.In August alone, India supplied 70% of Russia's total oil product imports, worth 78 million Euros.