

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ പല ചരിത്ര നേട്ടങ്ങളിലേക്കും നയിച്ച ക്യാപ്റ്റനായിരുന്നു വിരാട് കോഹ്‌ലി. അതിലൊന്നായിരുന്നു 2017-ലെ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര.
ഇന്ത്യ 2-1ന് വിജയിച്ച ആ പരമ്പരയിലെ ഏറ്റവും വലിയ വിവാദമായിരുന്നു ബംഗളൂരു ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഉൾപ്പെട്ട 'ബ്രെയിൻ ഫേഡ്' സംഭവം. വർഷങ്ങൾക്കുശേഷം അന്നത്തെ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര.
ഡ്രസ്സിംഗ് റൂമിലെ തത്സമയ ടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്താണ് ഓസ്ട്രേലിയ അന്ന് ഡിആർഎസ് തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് പുജാര തുറന്നടിച്ചു. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് പുജാര അന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചത്.
ബെംഗളൂരു ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്സിൽ 188 റൺസ് വിജയലക്ഷ്യം പിന്തുടരവേ, ഉമേഷ് യാദവിന്‍റെ പന്തിൽ സ്റ്റീവ് സ്മിത്ത് എൽബിഡബ്ല്യുവിൽ കുരുങ്ങി. ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചതോടെ, നോൺ-സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്കോംബിനോട് സംസാരിക്കുന്നതിന് പകരം സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ഡിആർഎസ് എടുക്കണമോ എന്ന് ചോദിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സംഘവും ഉടൻ തന്നെ അമ്പയർമാരോട് പരാതിപ്പെട്ടു. അമ്പയർമാർ ഇടപെട്ട് സ്മിത്തിന്‍റെ റിവ്യൂ തടയുകയും താരത്തെ പുറത്താക്കുകയും ചെയ്തു. ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയത് തന്‍റെ അബദ്ധമായിരുന്നുവെന്നായിരുന്നു മത്സരശേഷം സ്മിത്തിന്‍റെ വിശദീകരണം.
എന്നാൽ ഇത് വെറുമൊരു അബദ്ധമായിരുന്നില്ലെന്നും ഓസ്ട്രേലിയൻ ടീമിന്‍റെ തന്ത്രമായിരുന്നുവെന്നും എന്നാൽ അത് കോഹ്‌ലി പൊളിച്ചടുക്കി എന്നും പുജാര വെളിപ്പെടുത്തി.
content highlights: cheteshwar pujara reveals steve smith drs brain fade controversy virat kohli