ലഹരിക്കേസുകളിൽ വിട്ടുവീഴ്ചയില്ല: ശക്തമായ നിയമവുമായി ഒമാൻ; വൻ തുക പിഴയും കഠിനതടവും

ലഹരിക്ക് അടിമപ്പെട്ടവർക്ക് ശിക്ഷയ്ക്ക് പകരം ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന മാനുഷിക സമീപനവും പുതിയ നിയമത്തിലുണ്ട്

ലഹരിക്കേസുകളിൽ വിട്ടുവീഴ്ചയില്ല: ശക്തമായ നിയമവുമായി ഒമാൻ; വൻ തുക പിഴയും കഠിനതടവും
dot image

ലഹരിമരുന്ന് കടത്ത്, ഉത്പ്പാദനം, കൈവശം വയ്ക്കൽ, വ്യക്തിഗത ഉപയോഗം എന്നിവയ്‌ക്കെതിരെ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് ഒമാൻ അംഗീകാരം നൽകി. സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയ്‌ക്കെതിരെയുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ജീവപര്യന്തം തടവും വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

കച്ചവട ആവശ്യങ്ങൾക്കായി മയക്കുമരുന്നോ സൈക്കോട്രോപിക് വസ്തുക്കളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉത്പ്പാദിപ്പിക്കുക, അല്ലെങ്കിൽ നിർമ്മിക്കുക എന്നിവ ഗുരുതരമായ കുറ്റകൃത്യമാണ്. തടവുശിക്ഷയ്ക്ക് പുറമെ 35,000 ഒമാൻ റിയാൽ മുതൽ 60,000 ഒമാൻ റിയാൽ വരെ പിഴയും ഇതിന് ഈടാക്കും. കുറ്റം ആവർത്തിക്കുക, ഔദ്യോഗിക പദവിയോ ലൈസൻസോ ദുരുപയോഗം ചെയ്യുക, അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി സഹകരിക്കുക, മാനസിക ശേഷിയില്ലാത്തവരെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കും.

മയക്കുമരുന്ന് കൈവശം വെയ്ക്കൽ, കടത്തൽ, വിൽപന, വിതരണം എന്നിവയ്ക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക-കായിക കേന്ദ്രങ്ങൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത മേഖലകളിലോ പരിസരങ്ങളിലോ വെച്ച് കുറ്റകൃത്യം നടത്തിയാൽ ശിക്ഷ ജീവപര്യന്തം തടവായി ഉയർത്തും. എന്നാൽ വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 റിയാൽ വരെ പിഴയുമാണ് ലഭിക്കുക.

അതേസമയം, ലഹരിക്ക് അടിമപ്പെട്ടവർക്ക് ശിക്ഷയ്ക്ക് പകരം ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന മാനുഷിക സമീപനവും പുതിയ നിയമത്തിലുണ്ട്. കോടതിയ ഉത്തരവുപ്രകാരം തടവിന് പകരം ആറുമാസം മുതൽ ഒരു വർഷം വരെ ഇത്തരം വ്യക്തികളെ പുനരധിവാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാം. കൂടാതെ, ചികിത്സ തേടി സ്വമേധയാ അധികൃതരെ സമീപിക്കുന്നവരോ, അടുത്ത ബന്ധുക്കൾ വഴി ചികിത്സയ്ക്കായി നിർദ്ദേശിക്കുന്നവരോ ആയ വ്യക്തികൾക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

Content Highlights: Oman has strengthened its legal measures against drug-related offences, with provisions for heavy fines and imprisonment. The move underlines the country’s strict approach to violations involving narcotics and other prohibited substances

dot image
To advertise here,contact us
dot image